രഞ്ജിത് മലയാളസിനിമക്ക് സമ്മാനിച്ച നടനാണ് പൃഥ്വിരാജ്. നന്ദനം എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന പൃഥ്വിരാജ് വളരെ പെട്ടെന്ന് മലയാളത്തിലെ മുന്‍നിരയിലേക്കുയര്‍ന്നു. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ തന്റെ സാന്നിധ്യമറിയിച്ചു.
ഗായകന്‍, സംവിധായകന്‍, നിര്‍മാതാവ് എന്നീ മേഖലകളില്‍ തന്റെ കയ്യൊപ്പ് പതിപ്പിക്കാനും പൃഥ്വിക്ക് സാധിച്ചു. ലൂസിഫര്‍ എന്ന ചിത്രത്തിലൂടെ സംവിധായക കുപ്പായമണിഞ്ഞ പൃഥ്വിരാജ്, സംവിധാനം ചെയ്ത മൂന്നാമത്തെ ചിത്രമായ എമ്പുരാന്‍ മലയാളത്തിലെ സര്‍വ്വമാന കളക്ഷന്‍ റെക്കോര്‍ഡുകളും തിരുത്തികുറിച്ചിരുന്നു.
തന്റെ ആദ്യ സിനിമയായ നന്ദനത്തില്‍ അഭിനയിച്ചപ്പോഴുള്ള അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് പൃഥ്വിരാജ്. ചിത്രത്തില്‍ ബാലാമണി തന്റെ കഥ പറയുന്ന സീന്‍ ഉണ്ടെന്നും അത് ഒറ്റ ടേക്കില്‍ നവ്യ ശരിയാക്കിയെന്നും പൃഥ്വിരാജ് പറയുന്നു. ആ സീനില്‍ താനും കരയണമെന്നും ഗ്ലിസറിന്‍ ഉപയോഗിച്ച് താന്‍ കരഞ്ഞപ്പോള്‍ അതൊന്നുമില്ലാതെ നവ്യ ചെയ്തെന്നും പൃഥ്വിരാജ് പറഞ്ഞു.
ഒരുപാട് മഹാരഥന്‍മാര്‍ക്കൊപ്പം അഭിനയിക്കാന്‍ ഭാഗ്യം കിട്ടിയിട്ടുണ്ടെങ്കിലും താന്‍ ഏറ്റവുമധികം കാര്യങ്ങള്‍ പഠിച്ചതും തനിക്ക് പഠിപ്പിച്ച് തന്നതുമായ കോ സ്റ്റാര്‍സില്‍ ഒരാള്‍ നവ്യ നായര്‍ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുമ്പ് ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്.
‘ഒറ്റ ഷോട്ടില്‍ ബാലാമണിയുടെ കഥ പറയാന്‍ കഴിഞ്ഞില്ല എന്നതൊക്കെ നവ്യ വെറുതെ പറയുന്നതാണ്. അന്നത്തെ സീന്‍ നവ്യ പുഷ്പം പോലെ ചെയ്തിട്ടു പോയി. ആ സീനില്‍ എന്റെ ബാക്കിലാണ് ക്യാമറ. നവ്യ എന്റെ മുഖത്ത് നോക്കി കഥ പറയണം. നവ്യ അഭിനയിക്കുന്നത് കണ്ടിട്ട് ഞാനിങ്ങനെ നിന്നുപോയി.
അപ്പോള്‍ രഞ്ജിയേട്ടന്‍ (സംവിധായകന്‍ രഞ്ജിത്ത്) പറഞ്ഞു, ‘നീ എന്ത് കിഴങ്ങനാടാ, അവളിങ്ങനെ അഭിനയിക്കുമ്പോള്‍ നീ നോക്കിനില്‍ക്കുകയാണോ, നീയും കരയണം’ എന്ന്. അപ്പോള്‍ ഞാന്‍ ‘അയ്യോ അതെങ്ങനെ കരയും’ എന്നുചോദിച്ചു. ‘അതൊന്നും എനിക്കറിയേണ്ട, നീ കരഞ്ഞേ പറ്റൂ’ എന്നായി രഞ്ജിയേട്ടന്‍.
ഒടുവില്‍ ഗ്ലിസറിനൊക്കെയിട്ട് നവ്യയുടെ ഫേസില്‍ നോക്കി ഞാന്‍ കരഞ്ഞു. പക്ഷേ ആ സഹായമൊന്നുമില്ലാതെത്തന്നെ നവ്യ മനോഹരമായിട്ട് അഭിനയിച്ചു. അന്ന് ഞാന്‍ പകച്ചുനില്‍ക്കുമ്പോള്‍ നവ്യയാണ് എന്നെ ഗൈഡ് ചെയ്തത്. ഒരുപാട് മഹാരഥന്‍മാര്‍ക്കൊപ്പം അഭിനയിക്കാന്‍ ഭാഗ്യം കിട്ടിയിട്ടുണ്ടെങ്കിലും ഞാന്‍ ഏറ്റവുമധികം കാര്യങ്ങള്‍ പഠിച്ചതും എനിക്ക് പഠിപ്പിച്ച് തന്നതുമായ കോ സ്റ്റാര്‍സില്‍ ഒരാള്‍ നവ്യയാണ്,’ പൃഥ്വിരാജ് പറയുന്നു.