വൈശാഖ് സംവിധാനം ചെയ്ത് 2010ല്‍ തിയേറ്ററുകളിലെത്തിയ ചിത്രമാണ് പോക്കിരിരാജ. മമ്മൂട്ടി, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രത്തില്‍ സിദ്ദിഖ്, ശ്രിയ ശരണ്‍, നെടുമുടി വേണു എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തില്‍ മമ്മൂട്ടിയുടെ സഹോദരന്റെ വേഷമാണ് പൃഥ്വിരാജ് അവതരിപ്പിച്ചത്.
പോക്കിരിരാജ സിനിമയുടെ ഷൂട്ടിങ് വേളയിലെ ഒരു അനുഭവം പങ്കുവെക്കുകയാണ് പൃഥ്വിരാജ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മമ്മൂട്ടിയുടെ കൂടെ പോക്കിരി രാജ എന്ന സിനിമ ചെയ്തിരുന്നുവെന്നും ചിത്രം വലിയ രീതിയില്‍ വിജയമായിരുന്നുവെന്നും പൃഥ്വിരാജ് പറയുന്നു. ചിത്രത്തിന്റെ ഒരു ഷോട്ടെടുക്കുമ്പോള്‍ സ്‌ക്രിപ്റ്റില്‍ ചെറിയ തിരുത്തലുകള്‍ വരുത്തിയെന്നും ആ സമയം മമ്മൂട്ടി തന്നെ അദ്ദേഹത്തിന്റെ കാരവാനിലേക്ക് വിളിച്ച് ഇങ്ങനെ എടുത്താല്‍ ശരിയാകുമോയെന്ന സംശയം ചോദിച്ചെന്നും പൃഥ്വിരാജ് പറയുന്നു.
അത്രയും വലിയ താരത്തിന് പോലും താന്‍ ചെയ്താല്‍ ശരിയാകുമോ എന്ന സംശയവും പരിഭ്രമവും ഉണ്ടെന്നും അതാണ് ശരിക്കും ഒരു അഭിനേതാവിനെ മെച്ചപ്പെടുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്.
‘കുറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ മമ്മൂക്കയുടെ കൂടെ പോക്കിരിരാജ എന്ന സിനിമ ചെയ്തിരുന്നു. വളരെ വലിയ വിജയമായിരുന്നു ആ സിനിമ. മമ്മൂക്ക അതില്‍ ഒരു ഡയലോഗ് പറയുന്ന ഷോട്ട് എടുക്കുകയായിരുന്നു. പേപ്പറില്‍ എഴുതിയതില്‍ നിന്നും ഒരുപാട് ഇമ്പ്രോവൈസ് ആ സീനിന്‍ നടത്തിയിരുന്നു.
മമ്മൂക്ക എന്നെ അദ്ദേഹത്തിന്റെ കാരവാനിലേക്ക് വിളിപ്പിച്ചു. എന്നിട്ട് ഇത് വര്‍ക്കാകുമെന്ന് തോന്നുണ്ടോയെന്ന് ചോദിച്ചു. ഞാന്‍ വല്ലാതെ അത്ഭുതപ്പെട്ടുപോയി. മമ്മൂക്കയെ പോലെ ഒരാള്‍ എന്റെ അടുത്ത് സംശയം ചോദിക്കുന്നു.
എന്താണ് താന്‍ ചെയ്യുന്നതെന്ന സംശയവും ചെയ്യുന്നത് ശരിയാകുമോയെന്ന ഡൗട്ടും പരിഭ്രമവുമെല്ലാം അത്രയും വലിയ താരങ്ങള്‍ക്ക് വരെ ഉണ്ടാകുന്നത് കണ്ട് ശരിക്കും ഞാന്‍ ഇമ്പ്രസ്ഡായി. അതാണ് ശരിക്കും ഒരു അഭിനേതാവിനെ മെച്ചപ്പെടുത്തുന്നത്. എനിക്കും എന്നെങ്കിലും അതെല്ലാം ലഭിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്,’ പൃഥ്വിരാജ് പറയുന്നു.