രഞ്ജിത് മലയാളസിനിമക്ക് സമ്മാനിച്ച നടനാണ് പൃഥ്വിരാജ്. നന്ദനം എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന പൃഥ്വിരാജ് വളരെ പെട്ടെന്ന് മലയാളത്തിലെ മുന്‍നിരയിലേക്കുയര്‍ന്നു. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ തന്റെ സാന്നിധ്യമറിയിച്ചു. ഗായകന്‍, സംവിധായകന്‍, നിര്‍മാതാവ് എന്നീ മേഖലകളില്‍ തന്റെ കയ്യൊപ്പ് പതിപ്പിക്കാനും പൃഥ്വിക്ക് സാധിച്ചു.
ആദ്യ സിനിമയായ നന്ദനത്തില്‍ അഭിനയിച്ചതിന്റെ കുറിച്ച് സംസാരിക്കുകയാണ് പൃഥ്വിരാജ്. കഥ കേട്ടിട്ടല്ല നന്ദനത്തില്‍ അഭിനയിച്ചതെന്നും ഒരുപക്ഷെ ആ സിനിമയില്‍ അഭിനയിച്ചില്ലായിരുന്നെങ്കില്‍ ജീവിതം തന്നെ മറ്റൊരു തലത്തില്‍ മാറിയേനെയെന്നും പൃഥ്വിരാജ് പറയുന്നു. രണ്ടുമാസത്തെ അവധിക്കായി നാട്ടില്‍ വന്നപ്പോഴാണ് നന്ദനത്തില്‍ അഭിനയിക്കുന്നതെന്നും വെക്കേഷന്‍ കഴിയുമ്പോഴേക്കും സിനിമയുടെ ജോലികളും തീരുമെന്ന കണക്കുകൂട്ടലിലായിരുന്നു നീക്കമെന്നും അദ്ദേഹം പറഞ്ഞു. സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്.
‘കഥ കേട്ടൊന്നുമല്ല ആദ്യ സിനിമയില്‍ അഭിനയിച്ചത്. ഒരുപക്ഷേ, അന്ന് ആ ചിത്രത്തിന്റെ ഭാഗമായിരുന്നില്ലെങ്കില്‍ ജീവിതം മറ്റൊരു തലത്തിലേക്ക് മാറിയിരിക്കും. വിദേശത്തായിരുന്നു പഠനം. രണ്ടുമാസത്തെ അവധിക്കായി നാട്ടില്‍ വന്നപ്പോഴാണ് നന്ദനത്തില്‍ അഭിനയിക്കുന്നത്. അന്നൊക്കെ എല്ലാവര്‍ഷവും അവധിക്ക് നാട്ടിലുണ്ടാകും.
വീട്ടിലെത്താനുള്ള ആവേശവും ഉത്സാഹവുമെല്ലാം ആദ്യത്തെ ആഴ്ച കഴിയുമ്പോഴേക്കും അവസാനിക്കും. പിന്നീട് വലിയ ബോറടിയാണ്. ആ സമയത്താണ് രഞ്ജിയേട്ടന്റെ ക്ഷണം എത്തുന്നത്. അവധിക്കാല മുഷിപ്പില്‍നിന്ന് ആശ്വാസമായാണ് സിനിമ തെരഞ്ഞെടുത്തത്.
വെക്കേഷന്‍ കഴിയുമ്പോഴേക്കും സിനിമയുടെ ജോലികളും തീരുമെന്ന കണക്കുകൂട്ടലിലായിരുന്നു നീക്കം. അന്ന് മലയാളസിനിമ കാണുന്ന ശീലം കുറവായതിനാല്‍ അക്കാലത്തെ സിനിമകളെപ്പറ്റിയും അണിയറ പ്രവര്‍ത്തകരെക്കുറിച്ചും കൂടുതലായി ധാരണയില്ലായിരുന്നു. നന്ദനത്തിന് ശേഷം അതെല്ലാം മാറി,’ പൃഥ്വിരാജ് പറയുന്നു.