ആദ്യ മൂന്ന് സിനിമകളിലൂടെ തന്നെ മലയാളത്തില്‍ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത സംവിധായകനാണ് ഗിരീഷ്.എ.ഡി. തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ തുടങ്ങി കഴിഞ്ഞ വര്‍ഷം ഇറങ്ങിയ പ്രേമലുവിന്റെയും സംവിധായകന്‍ ഗിരീഷ് എ.ഡിയായിരുന്നു.
പ്രേമലു കഴിഞ്ഞ വര്‍ഷത്തെ വലിയ വിജയങ്ങളില്‍ ഒന്നായിരുന്നു. ഗിരീഷ്. എ.ഡി ചെയ്തത് മൂന്നും പ്രണയ ചിത്രങ്ങള്‍ ആയിരുന്നു. പല കാലഘട്ടങ്ങളിലെ സാധാരണക്കാരന്റെ പ്രണയം പറയുന്ന സംവിധായകന്‍ എന്ന ഖ്യാതി നേടിയെടുക്കാന്‍ അദ്ദേഹത്തിന് കുറഞ്ഞ സമയം മതിയായിരുന്നു.
ഗിരീഷ് എ.ഡിയെ കുറിച്ച് സംസാരിക്കുകയാണ് പൃഥ്വിരാജ്. ഗിരീഷ് എ.ഡിയുടെ സംവിധാനത്തില്‍ ഒരു സിനിമ ചെയ്യാന്‍ തനിക്ക് വളരെ ആഗ്രഹമുണ്ടെന്നും അടിപൊളിയായ ഫിലിം മേക്കറാണ് അദ്ദേഹമെന്നും പൃഥ്വിരാജ് പറയുന്നു.
ഗിരീഷ് എ.ഡിയുടെ സംവിധാനത്തില്‍ ഒരു സിനിമ ചെയ്യാന്‍ എനിക്ക് വളരെ ആഗ്രഹമുണ്ട് – പൃഥ്വിരാജ്
ഇപ്പോള്‍ മലയാളത്തിലുള്ള മികച്ച സംവിധായകരില്‍ ഒരാളാണ് അദ്ദേഹമെന്നും തന്നെ സംബന്ധിച്ച് ഗിരീഷ് എ.ഡി ചെയ്ത സിനിമകളെല്ലാം പെര്‍ഫെക്റ്റ് ആണെന്നും പൃഥ്വിരാജ് പറഞ്ഞു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്.
‘ഗിരീഷ് എ.ഡിയുടെ സംവിധാനത്തില്‍ ഒരു സിനിമ ചെയ്യാന്‍ എനിക്ക് വളരെ ആഗ്രഹമുണ്ട്. അടിപൊളിയായ ഫിലിം മേക്കറാണ് അദ്ദേഹം. വളരെ മനോഹരമായ മനുഷ്യനാണ് അദ്ദേഹം. എനിക്ക് അദ്ദേഹത്തെ നേരിട്ട് കാണണോ സംസാരിക്കാനോ ഉള്ള അവസരം ഇതുവരെയും ഉണ്ടായിട്ടില്ല. പക്ഷെ അദ്ദേഹം ഗംഭീരമായ ഫിലിം മേക്കറാണെന്ന് അറിയാം.
ഗിരീഷ് വളരെ ജീനിയസാണ്
ഇപ്പോള്‍ നമുക്കുള്ളതില്‍ വെച്ച് മികച്ച സംവിധായകനാണ് അദ്ദേഹം. എന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹം ചെയ്ത സിനിമകളെല്ലാം പെര്‍ഫെക്റ്റ് ആണ്. ചെയ്യാന്‍ ബുദ്ധിമുട്ടുകളുള്ള ഴോണറിലുള്ള സിനിമകളിലാണ് അത്രയും ഭംഗിയായി അദ്ദേഹം ചെയ്യുന്നത്. ആളുകള്‍ ആസ്വദിക്കുന്ന രീതിയില്‍ കൃത്യമായി ആ സിനിമ ജനങ്ങളിലേക്ക് എത്തിക്കണമെങ്കില്‍ ഗിരീഷ് വളരെ ജീനിയസാണ്,’ പൃഥ്വിരാജ് പറയുന്നു.