രഞ്ജിത് മലയാളസിനിമക്ക് സമ്മാനിച്ച നടനാണ് പൃഥ്വിരാജ്. നന്ദനം എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന പൃഥ്വിരാജ് വളരെ പെട്ടെന്ന് മലയാളത്തിലെ മുൻനിരയിലേക്കുയർന്നു. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ തന്റെ സാന്നിധ്യമറിയിച്ചു. ഗായകൻ, സംവിധായകൻ, നിർമാതാവ് എന്നീ മേഖലകളിൽ തന്റെ കയ്യൊപ്പ് പതിപ്പിക്കാനും പൃഥ്വിക്ക് സാധിച്ചു.
ചില സിനിമയിൽ ജോയിൻ ചെയ്ത ശേഷമായിരിക്കും മനസിൽ കണ്ടതുപോലെയല്ല ആ സിനിമ മുന്നോട്ട് പോകുന്നതെന്ന് മനസിലാകുകയെന്ന് പൃഥ്വിരാജ് പറയുന്നു. പല അഭിനേതാക്കളും ആ അവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ടാകുമെന്നും താൻ അപ്പോഴെല്ലാം കൂടുതൽ കാര്യങ്ങൾ പഠിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്.
‘നിങ്ങൾ കഥയെല്ലാം കേട്ട് വളരെ എക്സൈറ്റ്‌മെൻ്റോടെ ഒരു സിനിമയിൽ ജോയിൻ ചെയ്യും. അങ്ങനെ ഷൂട്ടെല്ലാം തുടങ്ങി ഒരു മൂന്ന് ദിവസം കഴിയുമ്പോൾ നിങ്ങൾക്ക് മനസിലാകും നിങ്ങൾ എന്താണോ മനസിൽ കണ്ടത് അതിൻ്റെയെല്ലാം നേരെ വിപരീതമാണ് അവിടെ സംഭവിക്കുന്നതെന്ന്. ഏതെങ്കിലും ഒരു സമയത്ത് എല്ലാ അഭിനേതാക്കളും ഈ അവസ്ഥയിലൂടെ കടന്ന് പോയിട്ടുണ്ടാകുമെന്നാണ് ഞാൻ കരുതുന്നത്.
നിങ്ങളുടെ ചുറ്റും സംഭവിച്ചുകൊണ്ടിരികുന്നതെല്ലാം നിങ്ങൾ വെറുക്കാനും തുടങ്ങും. പക്ഷേ നിങ്ങളുടെ പ്രൊഫഷനിസം കാരണവും കമ്മിറ്റ്‌മെൻ്റ് കാരണവും ഇനിയുള്ള ഒരു 100 ദിവസം നിങ്ങൾ ഈ സിനിമക്ക് വേണ്ടി ചെലവാക്കും. അങ്ങനെ ആ സിനിമ ചെയ്ത് തീർക്കുക എന്ന് പറയുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.
ഇങ്ങനെ എൻ്റെ സമയം മുഴുവനും ഒരു സിനിമയുടെ സെറ്റിന് വേണ്ടി ഞാൻ മാറ്റിവെച്ച സമയമുണ്ട്. അപ്പോഴെല്ലാം ഞാൻ എഡിറ്റർമാരോടും ക്യാമറാമാനോടും എല്ലാം സംസാരിച്ച് കൂടുതൽ കാര്യങ്ങൾ പഠിക്കാൻ ശ്രമിക്കും. എന്നാൽ ഈ അവസ്‌ഥയിലൂടെ കടന്നുപോയി ഒന്നും പഠിക്കാൻ കഴിയാത്ത ഒരുപാട് അഭിനേതാക്കളും ഉണ്ട്,’ പൃഥ്വിരാജ് പറയുന്നു.