ആ മുറിവ് കണ്ടാല്‍ അന്തം വിട്ട് പോകും, തനിയെ കസേരയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ കഴിയില്ലെന്ന് വരെ തോന്നും; വിക്രമിനെപ്പറ്റി പൃഥ്വിരാജ്
Movie Day
ആ മുറിവ് കണ്ടാല്‍ അന്തം വിട്ട് പോകും, തനിയെ കസേരയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ കഴിയില്ലെന്ന് വരെ തോന്നും; വിക്രമിനെപ്പറ്റി പൃഥ്വിരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 2nd August 2021, 2:49 pm

കൊച്ചി: നടന്‍ വിക്രമുമായുള്ള തന്റെ പഴയകാല ഓര്‍മ്മകള്‍ പങ്കുവെയ്ക്കുകയാണ് പൃഥ്വിരാജ്. 2019ല്‍ പുറത്തിറങ്ങിയ ഡ്രൈവിംഗ് ലൈസന്‍സ് എന്ന ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിയ്ക്കിടെയായിരുന്നു പൃഥ്വിരാജ് മനസ്സുതുറന്നത്.

വിക്രമിനെ ആദ്യമായി കാണുന്നത് സൈന്യം സിനിമയുടെ ലൊക്കേഷനില്‍ വെച്ചായിരുന്നുവെന്നും അസാധ്യ ഇച്ഛാശക്തിയുള്ളയാളാണ് വിക്രം എന്നും പൃഥ്വിരാജ് പറഞ്ഞു.

‘വിക്രം സാറിനെ അടുപ്പമുള്ളവര്‍ കെന്നി എന്നാണ് വിളിക്കുന്നത്. ഞാനും അങ്ങനെയാണ് വിളിക്കുന്നത്. നിങ്ങളില്‍ എത്ര പേര്‍ക്ക് അറിയാം എന്നെനിക്ക് അറിയില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു വലിയ അപകടം കെന്നിയ്ക്ക് സംഭവിച്ചിരുന്നു.

ഒരിക്കലും എഴുന്നേറ്റ് നടക്കില്ല എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയാണ്. അപകടത്തില്‍ കെന്നിയുടെ കാലിലുണ്ടായ ആ മുറിപ്പാട് ഒരിക്കല്‍ എന്നെ കാണിച്ചിരുന്നു. ജിമ്മില്‍ പോയപ്പോഴായിരുന്നു അത്. ശരിക്കും ആ മുറിവ് കണ്ടാല്‍ അന്തം വിട്ടു പോകും.

ഈ മുറിവും വെച്ച് കസേരയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പോലും കഴിയില്ലെന്ന് തോന്നും. എന്നാല്‍ കെന്നി ഇതും വെച്ചാണ് ബോഡി ബില്‍ഡ് ചെയ്യുന്നത്. സിക്‌സ് പാക്ക് ആക്കുന്നത് ഒക്കെ. വളരെയധികം പ്രചോദനം നല്‍കുന്ന വ്യക്തിയാണ് അദ്ദേഹം,’ പൃഥ്വിരാജ് പറഞ്ഞു.

രാവണന്റെ ഷൂട്ടിങ്ങിനായി രണ്ടു വര്‍ഷത്തോളം അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നുവെന്നും അന്ന് ആ സെറ്റിലെ ഏറ്റവും പ്രായം കുറഞ്ഞയാളായിരുന്ന തന്നെ ഒരു ചെറിയ സഹോദരനെ പോലെ അദ്ദേഹം കൂടെ കൊണ്ടു നടന്നുവെന്നും പൃഥ്വി പറഞ്ഞു.

‘വളരെ വൈകി വിജയങ്ങള്‍ ലഭിച്ച താരമാണ് കെന്നി. 18 വര്‍ഷത്തോളം അദ്ദേഹം മലയാളത്തില്‍ നല്ല അവസരങ്ങള്‍ തേടി നടന്നു. പിന്നീടാണ് സേതു എന്നൊരു സിനിമ കിട്ടുന്നതും അത് അദ്ദേഹത്തിന് വഴിത്തിരിവാകുന്നതും. വലിയ പ്രചോദനമാണ് അദ്ദേഹത്തിന്റെ ജീവിതം,’ പൃഥ്വി കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Prithviraj Talks About Chiyan Vikram