'അവസരം കിട്ടിയാല്‍ ഈ വ്യക്തിയെ ആയിരിക്കും വെടിവെച്ചു കൊല്ലുക'; പൊട്ടിച്ചിരിപ്പിക്കുന്ന കമന്റുമായി കല്യാണി പ്രിയദര്‍ശന്‍
Entertainment
'അവസരം കിട്ടിയാല്‍ ഈ വ്യക്തിയെ ആയിരിക്കും വെടിവെച്ചു കൊല്ലുക'; പൊട്ടിച്ചിരിപ്പിക്കുന്ന കമന്റുമായി കല്യാണി പ്രിയദര്‍ശന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 2nd August 2021, 1:54 pm

കുറഞ്ഞ നാളുകള്‍ക്കുള്ളില്‍ തന്നെ ദക്ഷിണേന്ത്യയിലെ വിവിധ ഭാഷകളിലെ ചിത്രങ്ങളില്‍ നായികയാകാന്‍ അവസരം ലഭിച്ച നടിയാണ് കല്യാണി പ്രിയദര്‍ശന്‍. മലയാളത്തിലും തമിഴിലുമെല്ലാം കൈനിറയെ ചിത്രങ്ങളാണ് കല്യാണിയെ കാത്തിരിക്കുന്നത്.

ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ സഹോദരന്‍ സിദ്ധാര്‍ത്ഥിനെ കുറിച്ച് കല്യാണി പറഞ്ഞ രസകരമായ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുന്നത്. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ റാപ്പിഡ് ഫയര്‍ റൗണ്ടില്‍ സംസാരിക്കുകയായിരുന്നു നടി.

ആരെയെങ്കിലും എന്‍കൗണ്ടര്‍ ചെയ്യാന്‍ അവസരം കിട്ടിയാല്‍ ആരെയായിരിക്കും വെടിവെച്ച് കൊല്ലുക എന്നായിരുന്നു അവതാരകന്റെ ചോദ്യം. അതിനു മാത്രം ദേഷ്യമൊന്നും തനിക്ക് ആരോടും തോന്നിയിട്ടില്ലെന്നാണ് ഇതിന് ആദ്യം കല്യാണി നല്‍കുന്ന മറുപടി.

ശരിക്കും ചെയ്യുമെന്നല്ല, വെറുതെ ഒരു അവസരം കിട്ടിയാല്‍ ആരെയായിരിക്കും കൊല്ലുക എന്ന് അവതാരകന്‍ വീണ്ടും ചോദിക്കുകയായിരുന്നു. ഇതിന് മറുപടിയായി ചിലപ്പോഴൊക്കെ തന്റെ സഹോദരനെ അങ്ങനെ ചെയ്യാന്‍ തോന്നിയിട്ടുണ്ടെന്നും എന്നാല്‍ അത് സ്‌നേഹം കൊണ്ടുമാത്രമാണെന്നും കല്യാണി ചിരിച്ചുകൊണ്ട് മറുപടി നല്‍കുകയായിരുന്നു.

സ്‌നേഹം കൊണ്ടാണ് കുറെ കൊലപാതകങ്ങള്‍ നടക്കുന്നതെന്നും സഹോദരന്‍ – സഹോദരി ബന്ധത്തിലും ആ സ്‌നേഹക്കൂടുതലൊക്കെ കാണുമെന്നും കല്യാണി കൂട്ടിച്ചേര്‍ത്തു. കല്യാണിയുടെ രസകരമായ മറുപടി കേട്ട് പൊട്ടിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍.

അവതാരകനെയും സഹോദരനെയും ഒന്നിച്ചു ട്രോളുകയാണല്ലോ നടി എന്നാണ് ഇതിനു വരുന്ന കമന്റുകള്‍.

2017ല്‍ തെലുങ്ക് ചിത്രമായ ഹലോയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ കല്യാണിയുടെ പുത്തം പുതു കാലൈയാണ് അവസാനമിറങ്ങിയ ചിത്രം. മലയാള ചിത്രങ്ങളായ മരക്കാര്‍, ഹൃദയം, ബ്രോ ഡാഡി, തമിഴ് ചിത്രം മാനാട് എന്നിവയാണ് നടിയുടെ ഇറങ്ങാനുള്ള പുതിയ ചിത്രങ്ങള്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Actress Kalyani Priyadarshan’s funny reply about her brother in an interview