കഥകേട്ടപ്പോൾ മോനെ ഇതെനിക്ക് ചെയ്യണമെന്നാണ് ഷാജിയേട്ടൻ പറഞ്ഞത്, അദ്ദേഹത്തിന്റെ സ്റ്റൈൽ ഓഫ് മേക്കിങ് നമുക്ക് വീണ്ടും ആസ്വദിക്കാം: പൃഥ്വിരാജ്
Entertainment news
കഥകേട്ടപ്പോൾ മോനെ ഇതെനിക്ക് ചെയ്യണമെന്നാണ് ഷാജിയേട്ടൻ പറഞ്ഞത്, അദ്ദേഹത്തിന്റെ സ്റ്റൈൽ ഓഫ് മേക്കിങ് നമുക്ക് വീണ്ടും ആസ്വദിക്കാം: പൃഥ്വിരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 26th June 2022, 4:46 pm

ഷാജി കൈലാസിന്റെ സംവിധാനത്തിൽ പൃഥ്വിരാജ് നായകനായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് കടുവ. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ ചിത്രത്തിന്റെ റിലീസിനുവേണ്ടി കാത്തിരിക്കുകയാണ്. നീണ്ട ഇടവേളക്ക് ശേഷം ഷാജി കൈലാസ് സിനിമ രംഗത്തേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും കടുവക്കുണ്ട്.

ഷാജി കൈലാസിന്റെ തിരിച്ചുവരവിനെ കുറിച്ചും കടുവയിലൂടെ ഷാജി കൈലാസ് എന്ന സംവിധായകന്റെ സ്റ്റൈൽ ഓഫ് മേക്കിങ് പ്രേക്ഷകർക്ക് വീണ്ടും ആസ്വദിക്കാമെന്നും പറഞ്ഞിരിക്കുകയാണ് പൃഥ്വിരാജ്. മാതൃഭൂമി ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മലയാളസിനിമയിൽനിന്ന് ചെറിയൊരു ഇടവേളയെടുത്ത് മാറിനിന്ന ഷാജിയേട്ടനോട് ഞാൻ പറഞ്ഞത്, കടുവപോലൊരു സിനിമയിലൂടെയാണ് തിരിച്ചുവരേണ്ടതെന്ന് പൂർണബോധ്യമുണ്ടെങ്കിൽ മാത്രം നമുക്കിത് ചെയ്യാമെന്നാണ്. കഥകേട്ട്, തിരക്കഥ വായിച്ചശേഷം അദ്ദേഹം പറഞ്ഞത്, ‘മോനേ ഇതെനിക്ക് ചെയ്യണം’ എന്നാണ്. അതിനുശേഷമാണ് ഞാനും ലിസ്റ്റിൻ സ്റ്റീഫനും (മാജിക്ക് ഫ്രെയിംസ്) കൂടി സിനിമയുടെ നിർമാണം ഏറ്റെടുത്തത്. കടുവയിലൂടെ ഷാജി കൈലാസ് എന്ന സംവിധായകന്റെ സ്റ്റൈൽ ഓഫ് മേക്കിങ് പ്രേക്ഷകർക്ക് വീണ്ടും ആസ്വദിക്കാം. ആറാംതമ്പുരാനും നരസിംഹവുമെല്ലാം തിയേറ്ററിലിരുന്ന് ആവേശത്തോടെ കണ്ട പ്രേക്ഷകരിൽ ഞാനും ഉൾപ്പെടും. അദ്ദേഹത്തെപ്പോലുള്ള സംവിധായകർ മലയാളത്തിൽ സജീവമായി നിൽക്കുകതന്നെ വേണം,’ പൃഥ്വിരാജ് പറഞ്ഞു.

Content Highlight: Prithviraj talking about come back of Shaji Kailas through Kaduva movie