ഇനി ഞാനും ബ്ലെസിച്ചേട്ടനും കാണുന്ന സ്വപ്നം അതാണ്: പൃഥ്വിരാജ്
Entertainment
ഇനി ഞാനും ബ്ലെസിച്ചേട്ടനും കാണുന്ന സ്വപ്നം അതാണ്: പൃഥ്വിരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 24th April 2024, 1:34 pm

കാഴ്ച എന്ന മമ്മുട്ടി ചിത്രത്തിലൂടെ സ്വതന്ത്ര സംവിധാനത്തിലേക്ക് ഇറങ്ങിയ വ്യക്തിയാണ് ബ്ലെസി. വിരലിലെണ്ണാവുന്ന ചിത്രങ്ങളിലുടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ സംവിധായകനാണ് ബ്ലെസി.

ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കിയ ആടുജീവിതം എന്ന ചലച്ചിത്രാവിഷ്‌ക്കാരം തിയേറ്ററില്‍ ഗംഭീര അഭിപ്രായവുമായി മുന്നേറുകയാണ്. 25 ദിവസം കൊണ്ട് 150 കോടി ക്ലബ്ബ് നേടിയ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് പൃഥ്വിരാജ്. ചിത്രത്തില്‍ നജീബ് എന്ന കേന്ദ്ര കഥാപാത്രമായാണ് പൃഥ്വി അഭിനയിക്കുന്നത്.

‘എന്റെ വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഇന്റര്‍വ്യൂവിലെല്ലാം ഞാന്‍ പറഞ്ഞിരുന്നത് ഇത് കേരളം എന്ന ഒരു കൊച്ചു സംസ്ഥാനത്ത് നിന്ന് ഞങ്ങള്‍ ഇറക്കുന്ന ഒരു സൃഷ്ടിയാണ് എന്ന് പറഞ്ഞു ലോകത്തിനു മുന്നില്‍ പ്രസന്റ് ചെയ്യാന്‍ സാധിക്കുന്ന ഒരു സിനിമയാക്കാനാണ് ഞങ്ങളുടെ ശ്രമം എന്നായിരുന്നു. ലാഭമാണ് ലക്ഷ്യമെങ്കില്‍ ഇത്ര വലിയ പരിശ്രമത്തിന്റെയോ ഒന്നും ആവിശ്യം ഇല്ലായിരുന്നു.

ഈ സിനിമ ചെയ്യുമ്പോള്‍ ഇതിന്റെ ഏറ്റവും പോസിബിള്‍ വേര്‍ഷന്‍ ചെയ്യണം എന്ന ഒരു ദൃഢനിശ്ചയം ബ്ലെസി ചേട്ടനുണ്ടായിരുന്നു. അതിന്റെ ബലമായാണ് ഇന്ന് ഇത്രയും പൈസ മുടക്കി ഈ സിനിമ ഉണ്ടായത്’ എന്ന് പൃഥ്വി പറഞ്ഞു.

‘സന്തോഷ് ശിവന്റെ 16 ലക്ഷം രൂപക്ക് നിര്‍മിച്ച ടെററിസ്റ്റ് എന്ന ചിത്രം പ്രശസ്ത ജോണ്‍ മാല്‍ക്കോവിച്ച് എന്ന അമേരിക്കന്‍ നടന്‍ ഏറ്റടുത്ത ശേഷം ആണ് ആ ചിത്രം ലോക ശ്രദ്ധ നേടുന്നത്. അതുപോലെ ഒന്നായിരിക്കണം അടുജീവിതം സിനിമക്കും സംഭവിക്കേണ്ടത്. സാമ്പത്തികമായി കിട്ടേണ്ട സ്വീകര്യത കിട്ടി കഴിഞ്ഞു. ഇനി ഒരു ഇന്റെര്‍നാഷണല്‍ റെക്കഗനേഷനാണ് ഞാനും ബ്ലെസി ചേട്ടനും ഇപ്പോള്‍ സ്വപ്നം കാണുന്നത്’ എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ആടുജീവിതം എന്ന സിനിമയുടെ നടന്‍ മറ്റൊരു നടനായിരുന്നെങ്കിലും സിനിമയെ സപ്പോര്‍ട്ട് ചെയ്യാന്‍ പൃഥ്വി പോവുമായിരുന്നു. എന്റെ സിനിമ ബ്ലെസിച്ചേട്ടന്റെ സിനിമ എന്നതില്‍ നിന്നൊക്കെ ആടുജീവിതം വളര്‍ന്നു കഴിഞ്ഞിരിക്കുന്നു എന്ന് പൃഥ്വി പറഞ്ഞു. ചിത്രം 150 കോടി ക്ലബ്ബില്‍ കേറിയ ആഘോഷത്തില്‍ ചിത്രത്തെ പറ്റി സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

Content Highlight: Prithviraj Talk About His Future Dreams About Aadujeevitham Movie