എന്റെ സുഹൃത്തുക്കളായ ഈ നായികമാര്‍ ഇപ്പോഴും പത്രം വായിക്കാറില്ല; താല്‍പര്യമില്ലാത്തത് ഒരു കുറവുമല്ല: പൃഥ്വിരാജ്
Entertainment news
എന്റെ സുഹൃത്തുക്കളായ ഈ നായികമാര്‍ ഇപ്പോഴും പത്രം വായിക്കാറില്ല; താല്‍പര്യമില്ലാത്തത് ഒരു കുറവുമല്ല: പൃഥ്വിരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 25th December 2022, 1:33 pm

മലയാള സിനിമയില്‍ പത്രം പോലും വായിക്കാത്ത ചില നായിക നടിമാര്‍ ഉണ്ടെന്ന തരത്തിലുള്ള പരാമര്‍ശം പഴയ ഒരു അഭിമുഖത്തില്‍ നടന്‍ പൃഥ്വിരാജ് സുകുമാരന്‍ നടത്തിയിരുന്നു. തന്റെ ഏറ്റവുമടുത്ത സുഹൃത്തുക്കളായ നടിമാരെയാണ് അതിലൂടെ ഉദ്ദേശിച്ചതെന്ന് പറയുകയാണ് ഇപ്പോള്‍ താരം.

തന്റെ ഏറ്റവും പുതിയ ചിത്രമായ കാപ്പയുടെ ഭാഗമായി ക്ലബ് എഫ്.എം യു.എ.ഇക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പൃഥ്വി. കാപ്പയിലെ നായികയായ നടി അപര്‍ണ ബാലമുരളിയും അഭിമുഖത്തില്‍ പൃഥ്വിക്കൊപ്പം ഉണ്ടായിരുന്നു.

”അത് ഞാന്‍ എന്റെ വളരെയടുത്ത കുറച്ച് സുഹൃത്തുക്കളെ ഉദ്ദേശിച്ച് പറഞ്ഞതാണ്. ആ സുഹൃത്തുക്കള്‍ ഇപ്പോഴുമുണ്ട്. ഈ ഇന്റര്‍വ്യൂ കേള്‍ക്കുന്നുണ്ടെങ്കില്‍ ഞാന്‍ അവരെ കുറിച്ചാണ് പറഞ്ഞതെന്ന് അവര്‍ക്ക് മനസിലാകും.

ഇപ്പോഴും അവര്‍ പത്രം വായിക്കാറില്ല. എന്റെ ക്ലോസ് ഫ്രണ്ട്സാണ് അവര്‍. അതുകൊണ്ട് എനിക്ക് പറയുന്നതിന് കുഴപ്പമില്ല.

ആ ജനറേഷന്‍ നായികമാരില്‍ എനിക്ക് വളരെ അടുത്ത സുഹൃത്തുക്കളുണ്ട്. എനിക്ക് സോഷ്യോ- പൊളിറ്റിക്കല്‍ പ്രശ്‌നങ്ങളെ കുറിച്ച് അറിയില്ല, അതില്‍ ഇടപെടാന്‍ താല്‍പര്യമില്ല, എന്ന് പറഞ്ഞവര്‍.

അതില്‍ താല്‍പര്യമില്ലാത്തത് ഒരു കുറവൊന്നുമല്ല, എന്ന് തന്നെയാണ് ഞാന്‍ പറഞ്ഞത്. നിങ്ങള്‍ക്ക് താല്‍പര്യമില്ലെങ്കില്‍ ഇല്ല, അത്രയേ ഉള്ളൂ. അതുകൊണ്ടാണ് അന്ന് ഞാനങ്ങനെ കളിയാക്കിയത്,” പൃഥ്വിരാജ് പറഞ്ഞു.

അപര്‍ണ ബാലമുരളിയെ പോലുള്ള പുതിയ നടിമാരെ കുറിച്ചുള്ള അഭിപ്രായമെന്താണ് എന്ന അവതാരകന്റെ ചോദ്യത്തിന്, ”എനിക്ക് അപര്‍ണയെ അത്രക്കങ്ങോട്ട് അറിയില്ല. ഇതിലെ വ്യത്യാസം എന്താണെന്ന് വെച്ചാല്‍, സിനിമയില്‍ വന്ന സമയത്ത് ഞാന്‍ വളരെ ചെറുപ്പമായിരുന്നു. എന്റെ ഫ്രണ്ട്‌സായി അന്ന് അഭിനയിച്ചിരുന്നത് ജഗദീഷേട്ടനും അമ്പിളി അങ്കിളുമൊക്കെയായിരുന്നു.

അന്നത്തെ പല സിനിമകളിലും ഞാന്‍ അവരെ എടാ എന്ന് വിളിക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങളായിരുന്നു. അന്ന് യങ് ആക്ടേഴ്‌സ് വളരെ കുറവായിരുന്നല്ലോ. അതുകൊണ്ട് സെറ്റില്‍ ചെല്ലുമ്പോള്‍ എന്റെ അതേ ഏജ് ഗ്രൂപ്പില്‍ പെട്ട ഏക വ്യക്തി മിക്കവാറും നായിക മാത്രമായിരിക്കും.

അതുകൊണ്ട് അന്ന് ഒപ്പമഭിനയിച്ച നായികമാരെയാണ് എനിക്ക് കൂടുതല്‍ അറിയാവുന്നതും. പക്ഷെ ഇന്ന് അപര്‍ണയെ പോലുള്ളവര്‍ എന്നെക്കാള്‍ വളരെ ചെറുപ്പമാണ്. എന്നെക്കാള്‍ 13 വയസ് ചെറുതാണ് അപര്‍ണ.

അമര്‍ അക്ബര്‍ ആന്റണിയില്‍ അഭിനയിച്ച സമയത്ത് അതിന്റെ സെലിബ്രേഷന്‍ ടൈമില്‍ നമിത പ്രമോദ് വന്ന് ‘ഞാന്‍ മൂന്നാം ക്ലാസ് മുതല്‍ ചേട്ടന്റെ വലിയ ഫാനാണ്,’ എന്ന് എന്നോട് പറഞ്ഞ പോലെയാണ് (ചിരി).

അതുകൊണ്ട് തുറന്ന് പറയുകയാണെങ്കില്‍ ഇവരൊന്നുമായി എനിക്ക് അടുത്ത ബന്ധമില്ല,” താരം കൂട്ടിച്ചേര്‍ത്തു.

Content Highlight: Prithviraj Sukumaran talks about the heroines he worked with