കശുവണ്ടിയും തോട്ടങ്ങളും മാത്രമല്ല, എഴുത്താണി കട മുതല്‍ ക്ലോക്ക് ടവര്‍ വരെ; കൊല്ലത്തെ വരച്ചിടുന്ന നാടന്‍ ബ്രില്യന്‍സുകള്‍
Entertainment news
കശുവണ്ടിയും തോട്ടങ്ങളും മാത്രമല്ല, എഴുത്താണി കട മുതല്‍ ക്ലോക്ക് ടവര്‍ വരെ; കൊല്ലത്തെ വരച്ചിടുന്ന നാടന്‍ ബ്രില്യന്‍സുകള്‍
സഫല്‍ റഷീദ്
Sunday, 25th December 2022, 10:12 am

കൊല്ലം ജില്ലയുടെ പശ്ചാത്തലത്തില്‍ ഒരു കഥ പറയുമ്പോള്‍ കശുവണ്ടി ഫാക്ടറിയും, കശുമാങ്ങ തോട്ടങ്ങളും കാണിക്കാതെ ഇരിക്കാന്‍ സാധിക്കുമോ? അത് മാത്രമല്ല വേറെയുമുണ്ട് ജയ ജയ ജയ ജയ ഹേയെ കൊല്ലത്തോട് ചേര്‍ത്ത് നിര്‍ത്തുന്ന ചേരുവുകള്‍.

തിയേറ്ററുകളില്‍ വന്‍ വിജയമായി മാറിയ ദര്‍ശന രാജേന്ദ്രന്‍-ബേസില്‍ ജോസഫ്  ചിത്രം ജയ ജയ ജയ ജയ ഹേ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ കഴിഞ്ഞദിവസം മുതല്‍ സ്ട്രീമിങ് തുടങ്ങിയിരുന്നു. കൊല്ലം ജില്ലയുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ ചെറിയ സീനുകളില്‍ പോലും ജില്ലയുടെ കയ്യൊപ്പ് പതിപ്പിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ ശ്രമിച്ചിട്ടുണ്ട്.

കൊല്ലത്ത് കുടുതല്‍ കണ്ടു വരുന്ന കടലാസ് പൂക്കള്‍ ചിത്രത്തില്‍ പല സീനുകളിലും കാണാന്‍ കഴിയും. ചിത്രത്തിന്റെ ടൈറ്റില്‍ കാര്‍ഡില്‍ തന്നെ കശുവണ്ടിയുടെ രീതിയിലുള്ള ഡിസൈന്‍ കാണാം. ചിത്രത്തിന്റെ ആദ്യ സീനും ഇത്തരത്തില്‍ കശുവണ്ടി ഫാക്ടറിയിലേക്ക് ജോലിക്കായി പോകുന്നതായിട്ടാണ് തുടങ്ങുന്നത് തന്നെ.

ഇതിനൊപ്പം ചിത്രത്തില്‍ ഉടനീളം കശുവണ്ടിയും, തോട്ടങ്ങളും കാണിക്കുന്നുണ്ട്. ജയയുടെ കുടുംബത്തിന്റെ വരുമാനം തന്നെ കശുവണ്ടി ഫാക്ടറിയില്‍ നിന്നുള്ളതാണ്. ഇത് കൂടാതെ സിനിമയുടെ കഥാപരിസരം കൂടുതല്‍ വ്യക്തമാക്കിതരുന്ന നിരവധി സീനുകളും ഡയലോഗുകളും ചിത്രത്തിലുണ്ട്.

ആദ്യ സീനില്‍ ജോലിക്ക് പോകുന്ന സ്ത്രീ ചോറു പൊതി വെക്കുന്ന പ്ലാസ്റ്റിക്ക് കവര്‍ സിംലാ ടെക്‌സ്‌റ്റൈല്‍സിന്റെതാണ്. കൊല്ലം കൊട്ടിയത്തെ ഈ പ്രമുഖ ടെക്‌സ്‌റ്റൈല്‍ വ്യാപാര സ്ഥാപനത്തിന്റെ കവര്‍ സിനിമയുടെ കഥ നടക്കുന്ന പരിസരത്തുള്ള എല്ലാ വീടുകളിലും ഉണ്ടാകുമെന്നത്
ഉറപ്പായ കാര്യമാണ്. ചോറ് പൊതിഞ്ഞു കൊണ്ടു പോകാനും, ബുക്ക് കൊണ്ട് പോകാനും അങ്ങനെ അങ്ങനെ നിരവധി ആവശ്യങ്ങള്‍ക്ക് ഈ കവര്‍ ആ പരിസരങ്ങളില്‍ ഉപയോഗിക്കാറുണ്ട്.

പിന്നീട് അജു വര്‍ഗീസിന്റെ കഥാപാത്രമായ കാര്‍ത്തികേയനും ജയയും കൂടി ചായ കുടിക്കുന്നതായി കാണിക്കുന്ന എഴുത്താണി കടയും കൊല്ലത്തിന്റെ ലാന്‍ഡ് മാര്‍ക്ക് ആയ ഒന്നാണ്. ഇതില്‍ ചായക്ക് ഒപ്പം കാണിക്കുന്ന വെട്ടുകേക്ക് കൊല്ലത്ത് നിന്നും പ്രശ്സ്തമായ പലഹാരമാണ്.

ചിത്രത്തില്‍ അടുത്ത കൊല്ലം ജില്ലയുടെ ഡീറ്റയിലിങ് വരുന്നത് ജയയുടെ പെണ്ണുകാണല്‍ സീനിലാണ്. ഈ സീനില്‍ ഒരു മൂന്ന് രൂപ കടയെ പറ്റി പറയുന്നുണ്ട്. മൂന്ന് രൂപക്ക് എണ്ണ കടികള്‍ വില്‍ക്കുന്ന കൊല്ലത്തെ ഒരു പ്രശസ്ത കടയാണ് ഇത്. ഒരു നാട്ടില്‍ ഇത്തരത്തിലുള്ള കടകളെ വെച്ച് അടയാളം പറയുന്നതും സംസാരത്തില്‍ ഇതൊക്കെ കടന്നു വരുന്നതിനെയും വളരെ സ്വാഭാവികമായി സിനിമയില്‍ പറഞ്ഞു പോകുന്നുണ്ട്.

ഇതിന് ശേഷം ഇതേ സീനില്‍ തന്നെ ചായ ഒഴിച്ച് കൊടുക്കുന്ന കുതിരയുടെ പടമുള്ള കുപ്പി ഗ്ലാസ് കൊല്ലത്തെ നിരവധി വീടുകളില്‍ പൊതുവെ കാണുന്ന ഗ്ലാസാണ്. കൊല്ലത്തെ ചില ജ്വലറികള്‍ ഈ ഗ്ലാസ് സ്വര്‍ണം വാങ്ങിയവര്‍ക്കുള്ള സമ്മാനമായും കൊടുക്കാറുണ്ട്.

ജയയും രാജേഷും സിനിമ കാണാന്‍ പോകുന്ന പാര്‍ത്ഥ തിയേറ്ററും കൊല്ലം ജില്ലയിലേതാണ്. കൊല്ലത്തിന്റെ പ്രധാന ആകര്‍ഷണമായ ക്ലോക്ക് ടവറും സിനിമയില്‍ ടൈറ്റില്‍ കാര്‍ഡില്‍ ഉള്‍പ്പടെ പലയിടത്തായി കാണിക്കുന്നുണ്ട്.

ഇതെല്ലാം കൊണ്ടും ജയ ഹേ യിലെ കൊല്ലത്തിന്റെ അടയാളപെടുത്തലുകള്‍ കഴിയുന്നില്ല. ചിത്രത്തില്‍ ഉടനീളം എല്ലാ കഥാപാത്രങ്ങളും ഉപയോഗിക്കുന്ന ഭാഷ ശൈലി തനി കൊല്ലമാണ്. കൊല്ലത്ത് ഉള്ളവര്‍ മാത്രം സംസാരിക്കുമ്പോള്‍ കടന്നു വരുന്ന ‘അണ്ണാ, അളിയന്‍, എന്തുവാ’ തുടങ്ങി നിരവധി വാക്കുകള്‍ ഇതിന് ഉത്തമ ഉദാഹരണങ്ങളാണ്.

ഇങ്ങനെ കഥ നടക്കുന്ന പരിസരത്തെ മനസിലാക്കി അവിടുത്തെ സവിശേഷതകള്‍ ചെറിയ, ചെറിയ ഡിറ്റയിലിങ്ങായി കൊണ്ടുവന്നിട്ടുള്ളത് ചിത്രത്തെ കൂടുതല്‍ പ്രാദേശികമാകുകയും അത് വഴി റിയലിസ്റ്റിക്കാവുകയും ചെയ്യുന്നുണ്ട്.

സോഷ്യല്‍ മീഡിയയിലെ കളിയാക്കപ്പെടലുകളില്‍ സ്ഥിരം ഇരയാകുന്ന ജില്ലയാണ് കൊല്ലം. വളരെ ടോക്സിക്കായ അങ്ങേയറ്റം മോശമായ ജില്ല കളിയാക്കലുകള്‍ക്കിടയില്‍ കൊല്ലത്തെ പോസിറ്റീവായി വരച്ചിടുന്നുണ്ട് ജയ ജയ ജയ ഹേ.

Content Highlight: kollam district brilliance in jaya jaya jaya jaya hey movie