11 ദിവസം രാത്രിയും പകലുമില്ലാതെ ആ സിനിമക്ക് വേണ്ടി വര്‍ക്ക് ചെയ്തു, ഇന്നാണെങ്കില്‍ അങ്ങനെയൊരു റിസ്‌ക് എടുക്കില്ല: പൃഥ്വിരാജ്
Malayalam Cinema
11 ദിവസം രാത്രിയും പകലുമില്ലാതെ ആ സിനിമക്ക് വേണ്ടി വര്‍ക്ക് ചെയ്തു, ഇന്നാണെങ്കില്‍ അങ്ങനെയൊരു റിസ്‌ക് എടുക്കില്ല: പൃഥ്വിരാജ്
അമര്‍നാഥ് എം.
Sunday, 5th July 2026, 7:17 am

മലയാളത്തില്‍ നിന്ന് പാന്‍ ഇന്ത്യന്‍ റീച്ച് സ്വന്തമാക്കിയ താരങ്ങളിലൊരാളാണ് പൃഥ്വിരാജ്. 20ാം വയസില്‍ സിനിമാലോകത്തേക്ക് കാലെടുത്തുവെച്ച പൃഥ്വി വളരെ വേഗത്തില്‍ മികച്ച നടനെന്ന പേര് സ്വന്തമാക്കി. 24ാം വയസില്‍ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കി ചരിത്രം രചിച്ചു. ഇന്ന് മലയാളത്തിലും തെലുങ്കിലും ബോളിവുഡിലും വലിയ റീച്ചുള്ള താരമാണ് പൃഥ്വി.

അഭിനയത്തിനൊപ്പം സംവിധാനം, നിര്‍മാണം എന്നീ മേഖലകളിലും പൃഥ്വി തന്റെ കയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട്. ഒന്നിന് പിറകെ ഒന്നായി ഗംഭീര ലൈനപ്പാണ് പൃഥ്വിയുടെ പക്കലുള്ളത്. രാജമൗലി അണിയിച്ചൊരുക്കിയ പാന്‍ വേള്‍ഡ് ചിത്രം വാരണാസിയും രാഹുല്‍ സദാശിവനുമായി കൈകോര്‍ക്കുന്ന ഒടിയനും വലിയ പ്രതീക്ഷകളുള്ള പ്രൊജക്ടുകളാണ്.

പൃഥ്വിരാജ് Photo: Screen grab/ Reporter Films

കരിയറിന്റെ തുടക്കത്തില്‍ ചെയ്ത സിനിമകളെക്കുറിച്ച് സംസാരിക്കുകയാണ് പൃഥ്വിരാജ്. ഇപ്പോള്‍ സിനിമാ പ്രൊഡക്ഷന്‍ കുറച്ചുകൂടി ഫ്രണ്ട്‌ലിയായെന്ന് താരം പറയുന്നു. എന്നാല്‍ പണ്ട് വിശ്രമമില്ലാതെ സിനിമകള്‍ ചെയ്യേണ്ട അവസ്ഥയായിരുന്നെന്നും എന്നാല്‍ അതില്‍ തനിക്ക് യാതൊരു പ്രശ്‌നവുമില്ലായിരുന്നെന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു. ഗലാട്ടാ പ്ലസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സിനിമയിലെത്തിയതിന്റെ തുടക്കകാലത്ത് ഞാന്‍ ചെയ്ത ഒരു സിനിമയുണ്ട്. അതിന്റെ പേര് പറയുന്നില്ല. ആ സിനിമയില്‍ 11 ദിവസം പാക്കപ്പ് വിളിക്കാതെ ഷൂട്ട് ചെയ്തിട്ടുണ്ട്. രാവിലെ ഷൂട്ട് ആരംഭിക്കുമ്പോള്‍ ഡേ സീനുകളെടുക്കും. വൈകിട്ട് ലൈറ്റ് പോയാല്‍ നൈറ്റ് സീക്വന്‍സുകള്‍ എടുക്കും. അടുത്ത ദിവസം രാവിലെ പോയി കുളിച്ചിട്ട് വീണ്ടും വന്ന് ഷൂട്ട് ചെയ്യും. അങ്ങനെ 11 ദിവസം അധികം വിശ്രമിക്കാതെയായിരുന്നു ഷൂട്ട്.

പൃഥ്വിരാജ് Photo: Screen grab/ Galatta Plus

ആ സിനിമയുടെ പേര് പറയുന്നില്ല. അതിന്റെ ക്യാമറാമാന്‍ ഇന്ന് മലയാളത്തിലെ അറിയപ്പെടുന്ന സംവിധായകനാണ്. ആ പടത്തില്‍ അസോസിയേറ്റ് ഡയറക്ടറായി വര്‍ക്ക് ചെയ്ത ഒരാള്‍ ഇന്ന് മലയാളത്തിലെ അറിയപ്പെടുന്ന ബ്രാന്‍ഡാണ്. സംവിധായകനായും പ്രൊഡ്യൂസറായും ഒരു വലിയ ഫാന്‍ ബേസ് അദ്ദേഹത്തിനുണ്ട്. ഇന്നാണെങ്കില്‍ അത്തരമൊരു റിസ്‌ക് എടുക്കാന്‍ താത്പര്യപ്പെടില്ല,’ പൃഥ്വിരാജ് പറയുന്നു.

അതേസമയം താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ഐ, നോബഡി റിലീസിന് തയാറെടുക്കുകയാണ്. റോഷാക്കിന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റും പ്രതീക്ഷ നല്‍കുന്നവയായിരുന്നു. പാര്‍വതി തിരുവോത്ത് നായികയായി എത്തുന്ന ചിത്രത്തില്‍ ഖാലിദ് റഹ്‌മാന്‍, ശങ്കര്‍ രാമകൃഷ്ണന്‍, ഹക്കിം ഷാ, അശോകന്‍ തുടങ്ങി വലിയൊരു താരനിര അണിനിരക്കുന്നുണ്ട്.

Content Highlight: Prithviraj Sukumaran about an old film he worked

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം