അടുത്തതായി സംവിധാനം ചെയ്യുന്ന ചിത്രത്തെ പറ്റി സംസാരിക്കാന്‍ ലാലേട്ടനെ കാണാന്‍ പോകണം: പൃഥ്വിരാജ്
Entertainment news
അടുത്തതായി സംവിധാനം ചെയ്യുന്ന ചിത്രത്തെ പറ്റി സംസാരിക്കാന്‍ ലാലേട്ടനെ കാണാന്‍ പോകണം: പൃഥ്വിരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 11th August 2022, 11:54 pm

ജന ഗണ മനയുടെ സക്‌സസ് മീറ്റ് കൊച്ചിയില്‍ വമ്പന്‍ രീതിയിലാണ് നടന്നത്. കുഞ്ചാക്കോ ബോബനും, ടൊവിനോ തോമസും പൃഥിക്കൊപ്പം ചിത്രത്തിന്റെ മറ്റ് അണിയറ പ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുത്തിരുന്നു.

ചടങ്ങില്‍ നിന്ന് വേഗത്തില്‍ മടങ്ങുകയാണെന്നും മോഹന്‍ലാലിനെ കാണാന്‍ പോകണം എന്നും പൃഥിരാജ് പറയുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

‘ഞാന്‍ അടുത്തതായി സംവിധാനം ചെയ്യാന്‍ പോകുന്ന ചിത്രത്തെ കുറിച്ച് സംസാരിക്കാന്‍ ലാലേട്ടനെ കാണാന്‍ പോകേണ്ടത് കൊണ്ട് എനിക്ക് ഈ ചടങ്ങില്‍ നിന്ന് നേരത്തെ ഇറങ്ങണം, ലാലേട്ടന്‍ കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞ് ഇന്ത്യക്ക് പുറത്ത് പോയാല്‍ പിന്നെ പത്ത് അറുപത് ദിവസങ്ങള്‍ക്ക് ശേഷം മാത്രമേ വരുകയുള്ളൂ. അതിന് മുമ്പ് എനിക്ക് ലാലേട്ടനെ കാണണം,’ പൃഥി പറയുന്നു.

ജീത്തു ജോസ്ഫ് സംവിധാനം ചെയ്യുന്ന റാമിന്റെ ഷൂട്ടിങ്ങിനായി അടുത്ത ദിവസങ്ങളില്‍ മോഹന്‍ലാല്‍ യു.കെയിലേക്ക് പോകും. ആ കാര്യമാണ് പൃഥി എടുത്ത് പറഞ്ഞത്.

ഇതിനൊപ്പം തന്നെ തല്ലുമാലയിലെ ചില രംഗങ്ങള്‍ താന്‍ കണ്ടെന്നും മികച്ച ചിത്രമാകുമെന്നും പൃഥി പറഞ്ഞു. ടൊവിനോ തോമസിനും തല്ലുമാലക്കും പൃഥി ആശംസകളും അറിയിച്ചു.

പരിപാടി കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങിയ പൃഥ്വിയും ടൊവിനോയും കുഞ്ചാക്കോ ബോബനെ കണ്ടും സ്നേഹം പങ്കുവെക്കുകയുണ്ടായി. കുഞ്ചാക്കോയുടെ ഏറ്റവും പുതിയ ചിത്രമായ ന്നാ താന്‍ കേസ് കൊടിനും ഇരുവരും ആശംസകള്‍ അറിയിച്ചു.

അതേസമയം തീര്‍പ്പാണ് പൃഥിയുടെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. ഓഗസ്റ്റ് 25നാണ് ചിത്രം റിലീസ് ചെയ്യുന്നത്. നയന്‍താര നായികയായി എത്തുന്ന അല്‍ഫോണ്‍സ് പുത്രന്‍ ചിത്രം ഗോള്‍ഡും പൃഥിയുടെ റീലീസിന് തയ്യാറായി ഇരിക്കുന്ന ചിത്രമാണ് ഓണം റിലീസായിട്ടാണ് ഗോള്‍ഡ് എത്തുക. കടുവക്ക് ശേഷം പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കാപ്പയിലാണ് നിലവില്‍ പൃഥി അഭിനയിക്കുന്നത്.

Content Highlight: Prithviraj Says he wants to meet Mohanlal so he leaving early from Jana Gana Mana  success meet video goes viral