ഇന്ത്യയില്‍ കോമഡി സിനിമകളുടെ രീതി മാറ്റിമറിച്ച സംവിധായകനാണ് അദ്ദേഹം, ഗംഭീര ക്രാഫ്റ്റ്‌സ്മാനാണ്: പൃഥ്വിരാജ്
Entertainment
ഇന്ത്യയില്‍ കോമഡി സിനിമകളുടെ രീതി മാറ്റിമറിച്ച സംവിധായകനാണ് അദ്ദേഹം, ഗംഭീര ക്രാഫ്റ്റ്‌സ്മാനാണ്: പൃഥ്വിരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 12th June 2025, 8:23 am

രഞ്ജിത് മലയാളസിനിമക്ക് സമ്മാനിച്ച നടനാണ് പൃഥ്വിരാജ്. നന്ദനം എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന പൃഥ്വിരാജ് വളരെ പെട്ടെന്ന് മലയാളത്തിലെ മുന്‍നിരയിലേക്കുയര്‍ന്നു. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ തന്റെ സാന്നിധ്യമറിയിച്ചു. ഗായകന്‍, സംവിധായകന്‍, നിര്‍മാതാവ് എന്നീ മേഖലകളില്‍ തന്റെ കയ്യൊപ്പ് പതിപ്പിക്കാനും പൃഥ്വിക്ക് സാധിച്ചു.

മലയാളത്തിലെ മികച്ച സംവിധായകരിലൊരാളായ പ്രിയദര്‍ശനെക്കുറിച്ച് സംസാരിക്കുകയാണ് പൃഥ്വിരാജ്. മലയാളത്തില്‍ ഒട്ടനവധി ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് അദ്ദേഹമെന്ന് പൃഥ്വിരാജ് പറഞ്ഞു. കോമഡി സിനിമകള്‍ക്ക് പുതിയൊരു രീതി അദ്ദേഹം പരിചയപ്പെടുത്തിയെന്നും അത് മലയാളസിനിമ മാത്രമല്ല, ഇന്ത്യന്‍ സിനിമയില്‍ വരെ മാറ്റമുണ്ടാക്കിയെന്നും താരം കൂട്ടിച്ചേര്‍ത്തു.

പ്രിയദര്‍ശന്റെ റേഞ്ച് എന്താണെന്ന് അറിയാന്‍ കിലുക്കം എന്ന ഒരൊറ്റ സിനിമ മതിയെന്നും താരം പറയുന്നു. എസ്. കുമാര്‍ എന്ന ഛായാഗ്രഹകന്റെ ഫ്രെയിമുകളും സാബു സിറിള്‍ ഒരുക്കിയ സെറ്റും സിനിമയെ മികച്ചതാക്കിയെന്നും വളരെ ചെലവ് കുറഞ്ഞ ഉപകരണങ്ങള്‍ കൊണ്ടാണ് പ്രിയദര്‍ശന്‍ ആ ക്ലാസിക് ചിത്രം ഒരുക്കിയതെന്നും പൃഥ്വി പറഞ്ഞു. പിങ്ക്‌വില്ലയോട് സംസാരിക്കുകയായിരുന്നു താരം.

‘പ്രിയദര്‍ശന്‍ സാറിന്റെ സിനിമകള്‍ ഇന്‍ഡസ്ട്രിക്ക് നല്‍കിയ ബൂസ്റ്റ് ചെറുതല്ല. മലയാളത്തില്‍ ഒരുപാട് ഹിറ്റ് സിനിമകള്‍ ഒരുക്കിയിട്ടുള്ള ആളാണ് അദ്ദേഹം. അതുവരെ കണ്ടുശീലിച്ച കോമഡി സിനിമകള്‍ക്ക് പുതിയൊരു രീതി അദ്ദേഹം സമ്മാനിച്ചു. മലയാളത്തിന് മാത്രമല്ല, ഇന്ത്യന്‍ സിനിമക്ക് മുഴുവന്‍ അത് ഗുണം ചെയ്തുവെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ കിലുക്കം എന്ന സിനിമ. എസ്. കുമാര്‍ എന്ന ഛായാഗ്രഹകന്റെ അതിമനോഹരമായ ഫ്രെയിമുകളും സാബു സിറിള്‍ എന്ന ടെക്‌നീഷ്യന്‍ ഒരുക്കിയ സെറ്റുകളും ഇന്നും കണ്ണിന് കുളിര്‍മ നല്‍കുന്ന കാര്യങ്ങളാണ്. അതിനെക്കാള്‍ പ്രധാനം, ആ സിനിമ അവര്‍ ഷൂട്ട് ചെയ്തത് വളരെ ചെലവ് കുറഞ്ഞ ഉപകരണങ്ങള്‍ കൊണ്ടാണ്. അതുകൊണ്ടെല്ലാമാണ് പ്രിയദര്‍ശന്‍ സാര്‍ ഇന്നും ലെജന്‍ഡായി നില്‍ക്കുന്നത്,’ പൃഥ്വിരാജ് പറയുന്നു.

പ്രിയദര്‍ശന്‍- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ 1991ല്‍ പുറത്തിറങ്ങിയ ചിത്രമാണ് കിലുക്കം. ഊട്ടിയുടെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ചിത്രം ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. രേവതി, ജഗതി ശ്രീകുമാര്‍, തിലകന്‍, ഇന്നസെന്റ് തുടങ്ങി വന്‍ താരനിര ഒന്നിച്ച ചിത്രം വന്‍ വിജയമായി മാറി. അഞ്ച് കോടിയിലധികം ചിത്രം കളക്ട് ചെയ്തു.

Content Highlight: Prithviraj saying Priyadarshan is the person who changed the conventional method of Comedy films in Indian cinema