നടന്‍, ഗായകന്‍, നിര്‍മാതാവ്, സംവിധായകന്‍ എന്നീ മേഖലകളില്‍ തന്റെ കയ്യൊപ്പ് പതിപ്പിച്ച നടനാണ് പൃഥ്വിരാജ് സുകുമാരന്‍. രഞ്ജിത് സംവിധാനം ചെയ്ത നന്ദനത്തിലൂടെ സിനിമാജീവിതം തുടങ്ങിയ പൃഥ്വിരാജ് മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ തന്റെ സാന്നിധ്യമറിയിച്ചു. ആടുജീവിതത്തിലെ അഭിനയത്തിന് കരിയറിലെ മൂന്നാമത്തെ സംസ്ഥാന അവാര്‍ഡും പൃഥ്വി സ്വന്തമാക്കി.
ആദ്യമായി സംവിധായകകുപ്പായമണിഞ്ഞ ലൂസിഫര്‍ ആ വര്‍ഷത്തെ ഇയര്‍ ടോപ്പറാക്കാന്‍ പൃഥ്വിക്ക് സാധിച്ചു. എന്നാല്‍ ലൂസിഫറിന് മുമ്പ് താന്‍ ഒരു സിനിമ സംവിധാനം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നെന്ന് പറയുകയാണ് പൃഥ്വിരാജ്. സിറ്റി ഓഫ് ഗോഡ് താന്‍ സംവിധാനം ചെയ്യാന്‍ ഉദ്ദേശിച്ചതാണെന്ന് പൃഥ്വിരാജ് പറഞ്ഞു. അതിന്റെ കഥ തനിക്ക് ഒരുപാട് ഇഷ്ടമായെന്നും സംവിധായകനായി അരങ്ങേറാന്‍ പറ്റിയ കഥയായിരുന്നു അതെന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ അതേ സമയത്ത് മണിരത്‌നത്തിന്റെ രാവണന്‍ എന്ന ചിത്രത്തിനായി തനിക്ക് പോകേണ്ടി വന്നെന്നും അതിനാല്‍ സംവിധാനം എന്ന സ്വപ്‌നം താത്കാലികമായി ഉപേക്ഷിച്ചെന്നും പൃഥ്വിരാജ് പറഞ്ഞു. മണിരത്‌നത്തെപ്പോലെ ഒരു ലെജന്‍ഡിന്റെ സിനിമ ഒഴിവാക്കാന്‍ സാധിക്കാത്തതുകൊണ്ടാണ് താന്‍ അന്ന് അത് ചെയ്തതെന്നും പൃഥ്വി പറയുന്നു.
എന്നാല്‍ ആ തീരുമാനം നന്നായെന്ന് സിറ്റി ഓഫ് ഗോഡ് കണ്ടപ്പോള്‍ തനിക്ക് തോന്നിയെന്നും ലിജോ ആ സിനിമ വളരെ മനോഹരമായി ചെയ്തുവെച്ചിട്ടുണ്ടെന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു. ഒരുപക്ഷേ താന്‍ സംവിധാനം ചെയ്തിരുന്നെങ്കില്‍ സിറ്റി ഓഫ് ഗോഡ് ഇത്ര മനോഹരമാകുമെന്ന് തോന്നുന്നില്ലെന്നും പൃഥ്വിരാജ് വ്യക്തമാക്കി. ഗലാട്ടാ പ്ലസിനോട് സംസാരിക്കുകയായിരുന്നു പൃഥ്വിരാജ് സുകുമാരന്‍.
‘ലൂസിഫറിന് മുമ്പ് ഞാന്‍ ഒരു സിനിമ സംവിധാനം ചെയ്യേണ്ടതായിരുന്നു. സിറ്റി ഓഫ് ഗോഡായിരുന്നു ആ ചിത്രം. അതിന്റെ കഥ എന്നെ വല്ലാതെ ആകര്‍ഷിച്ചു. അത് സംവിധാനം ചെയ്യാനുള്ള എല്ലാ തയാറെടുപ്പുകളും ചെയ്തിരുന്നു. എന്നാല്‍ ആ സമയത്താണ് മണിരത്‌ന എന്നെ രാവണനിലേക്ക് വിളിച്ചത്. അദ്ദേഹത്തെപ്പോലൊരു ലെജന്‍ഡിന്റെ സിനിമയോട് നോ പറയാന്‍ സാധിക്കില്ലല്ലോ.
സംവിധാനം എന്ന സ്വപ്‌നം ഞാന്‍ താത്കാലികമായി ഉപേക്ഷിച്ചു. എന്നാല്‍ ആ തീരുമാനം ശരിയാണെന്ന് സിറ്റി ഓഫ് ഗോഡ് കണ്ടപ്പോള്‍ എനിക്ക് മനസിലായി. ഞാന്‍ മനസില്‍ കണ്ടതിനെക്കാള്‍ മനോഹരമായി ലിജോ ആ സിനിമ ചെയ്തുവെച്ചു. ഒരുപക്ഷേ, ഞാനാണ് ആ സിനിമ സംവിധാനം ചെയ്തിരുന്നെങ്കില്‍ ഇത്ര മനോഹരമാകില്ലായിരുന്നു,’ പൃഥ്വിരാജ് പറഞ്ഞു.
Content Highlight: Prithviraj saying he was planned to direct City of God movie