രഞ്ജിത് മലയാളസിനിമക്ക് സമ്മാനിച്ച നടനാണ് പൃഥ്വിരാജ്. നന്ദനം എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന പൃഥ്വിരാജ് വളരെ പെട്ടെന്ന് മലയാളത്തിലെ മുന്‍നിരയിലേക്കുയര്‍ന്നു. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ തന്റെ സാന്നിധ്യമറിയിച്ചു. ഗായകന്‍, സംവിധായകന്‍, നിര്‍മാതാവ് എന്നീ മേഖലകളില്‍ തന്റെ കയ്യൊപ്പ് പതിപ്പിക്കാനും പൃഥ്വിക്ക് സാധിച്ചു.
ഇരുപത് വയസുള്ള തന്നോട് ഇപ്പോള്‍ സംസാരിക്കാന്‍ കഴിഞ്ഞാല്‍ എന്തായിരിക്കും പറയുക എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് പൃഥ്വിരാജ്. എല്ലാം ശരിയാകും എന്നായിരിക്കും താന്‍ പറയുകയെന്ന് പൃഥ്വിരാജ് പറഞ്ഞു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇരുപത് വയസുള്ള എന്നോട് എനിക്ക് ഇപ്പോള്‍ സംസാരിക്കാന്‍ കഴിഞ്ഞാല്‍ ഞാന്‍ പറയുന്ന കാര്യം എല്ലാം ശരിയാകും എന്നാണ്. ഞാന്‍ പഠിക്കാന്‍ വളരെ മിടുക്കനായിരുന്നു. എന്റെ അമ്മ എന്റെ പഠനത്തിനായി അത്യാവശ്യം വലിയൊരു തുകതന്നെ മുടക്കിയിട്ടുണ്ടായിരുന്നു. ഓസ്ട്രേലിയയില്‍ ഞാന്‍ എന്റെ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഒരു വെക്കേഷന് നാട്ടില്‍ വന്നതാണ്.
അപ്പോള്‍ എനിക്ക് ഒരു സിനിമയുടെ ഓഫര്‍ വന്നു. ആ സമയം തന്നെ എനിക്ക് അടുത്തടുത്ത് ആറ്- ഏഴ് സിനിമയുടെ ഓഫര്‍ വന്നു. അതെല്ലാം വളരെ വലിയ സംവിധായകരും നിര്‍മാതാക്കളുമായിരുന്നു. ഒരു പതിനെട്ട് വയസുകാരനെ സംബന്ധിച്ച് അതെല്ലാം വലിയ അവസരങ്ങളായിരുന്നു.
ഒടുവില്‍ ഞാന്‍ ധൈര്യം സമാഹരിച്ച് എന്റെ അമ്മയോട് ചോദിച്ചു, ‘ഇപ്പോള്‍ ഞാന്‍ ചെയ്യുന്നത് എനിക്ക് വളരെ ഇഷ്ടപ്പെട്ടു, ഞാന്‍ തിരിച്ച് പോയി രണ്ടു വര്‍ഷം കൊണ്ട് എന്റെ കോഴ്‌സ് തീര്‍ത്തിട്ട് പിന്നെ വന്ന് സിനിമ ചെയ്യണോ’ എന്ന്. ‘ഇപ്പോള്‍ നീ ഇത് നിര്‍ത്തി പോയി രണ്ട് വര്‍ഷത്തിന് ശേഷം വന്നാല്‍ പിന്നെയും സിനിമ ചെയ്യുമോ’ എന്നാണ് അമ്മ തിരിച്ച് ചോദിച്ചത്.
ചെയ്യുമെന്ന് പറഞ്ഞപ്പോള്‍ ‘എന്നാല്‍ നീ ഇനി തിരിച്ച് പോകേണ്ട, രണ്ട് വര്‍ഷത്തിന് ശേഷം ഇപ്പോഴുള്ള സിനിമകള്‍ നിനക്ക് ലഭിക്കണമെന്നില്ല’ എന്ന് അമ്മ പറഞ്ഞു,’ പൃഥ്വിരാജ് പറയുന്നു.