ലിയോ സിനിമയില്‍ പൃഥ്വിരാജും? ആകാംക്ഷ പങ്കുവെച്ച് ആരാധകര്‍
Entertainment news
ലിയോ സിനിമയില്‍ പൃഥ്വിരാജും? ആകാംക്ഷ പങ്കുവെച്ച് ആരാധകര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 25th February 2023, 11:14 am

നടന്‍ പൃഥ്വിരാജ് തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പുതിയ ചിത്രത്തെ ചുറ്റിപ്പറ്റിയാണ് വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നത്. പുതിയ തുടക്കം എന്ന ക്യാപ്ഷനോടെയാണ് താരം ഇന്‍സ്റ്റഗ്രാമില്‍ ചിത്രം പങ്കുവെച്ചിരിക്കുന്നത്. പുതിയ ചിത്രത്തിന്റെ അപ്‌ഡേഷനാണെന്നാണ് ആരാധകര്‍ പറയുന്നത്.

വിജയ്‌യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോ എന്ന സിനിമയുടെ ലൊക്കേഷനാണിതെന്നാണ് കമന്റില്‍ പലരും പറയുന്നത്. ലോകേഷ് ലിയോയുടെ കഥ തന്നോട് പറഞ്ഞിട്ടുണ്ടെന്ന് പൃഥ്വി നേരത്തെ തന്നെ പറഞ്ഞിട്ടുണ്ടായിരുന്നു. അതാണ് അരാധകരുടെ സംശയത്തിന് അടിസ്ഥാനം.

കശ്മീരിലാണ് ലിയോയുടെ ഷൂട്ട് ഇപ്പോള്‍ പുരോഗമിക്കുന്നത്. താരം പങ്കുവെച്ച ചിത്രത്തിലെ പശ്ചാത്തലം നോക്കി അത് കശ്മീരാണെന്ന് ഊഹിക്കുന്നവരുമുണ്ട്. എന്നാല്‍ ഇത്തരം കാര്യങ്ങളെ സംബന്ധിച്ച ഒരു വിവരവും പുറത്ത് വന്നിട്ടില്ല.

പുതിയ തുടക്കം എന്ന ക്യാപ്ഷന്‍ എമ്പുരാനെ ഉദ്ദേശിച്ചാണെന്നാണ് ഒരുകൂട്ടര്‍ പറയുന്നത്. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് ലൂസിഫര്‍. അതിന്റെ രണ്ടാം ഭാഗമായ എമ്പുരാന് വേണ്ടി പൃഥ്വി ആരാധകരും മോഹന്‍ലാല്‍ ആരാധകരും കാത്തിരിക്കുകയാണ്.

കാളിയന്‍ എന്ന സിനിമയെ കുറിച്ചാണെന്നും പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന ആടുജീവിതത്തെ കുറിച്ചാണ് പോസ്റ്റില്‍ പറയുന്നതെന്നും തുടങ്ങി നിരവധി കമന്റുകളാണ് വന്നു കൊണ്ടിരിക്കുന്നത്. എന്ത് തന്നെയായാലും ചിത്രം വൈറലായി കഴിഞ്ഞു.

ഷാജി കൈലാസിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ കാപ്പയാണ് പൃഥ്വിരാജിന്റേതായി അവസാനം തിയേറ്ററിലെത്തിയ സിനിമ. അപര്‍ണ ബാലമുരളി, അന്ന ബെന്‍, ആസിഫ് അലി, ജഗദീഷ്, ദിലീഷ് പോത്തന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

content highlight: prithviraj new instagram post