കാത്തിരുന്ന വമ്പന്‍ പ്രഖ്യാപനം ഇതാ; സിനിമയുടെ ടൈറ്റില്‍ പങ്കുവെച്ച് പൃഥ്വിരാജും ഫഹദും
Entertainment
കാത്തിരുന്ന വമ്പന്‍ പ്രഖ്യാപനം ഇതാ; സിനിമയുടെ ടൈറ്റില്‍ പങ്കുവെച്ച് പൃഥ്വിരാജും ഫഹദും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 3rd November 2022, 6:46 pm

കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിലൊന്നായ 2018ലെ പ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്തണി ജോസഫ് ഒരുക്കുന്ന സിനിമയുടെ പോസ്റ്റര്‍ പുറത്തുവിട്ടു.

മലയാളത്തിലെ വമ്പന്‍ താരനിരയുമായി എത്തുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പൃഥ്വിരാജും ഫഹദും ചേര്‍ന്നാണ് പുറത്തുവിട്ടത്. 2018 എന്നാണ് ചിത്രത്തിന്റെ പേര്. എവരിവണ്‍ ഈസ് എ ഹീറോ എന്ന ടാഗ് ലൈനും ഒപ്പം നല്‍കിയിട്ടുണ്ട്. 2403 ft എന്നായിരുന്നു സിനിമ പ്രഖ്യാപിച്ച സമയത്ത് നല്‍കിയിരുന്ന പേര്.

ഇടുക്കി ഡാമും കുതിച്ചൊഴുകുന്ന വെള്ളവും പേമാരിയുമെല്ലാമായി എത്തിയിരിക്കുന്ന പുതിയ പോസ്റ്ററില്‍ പാതി വെള്ളത്തില്‍ മുങ്ങിയ കേരളത്തെയും കാണാം. പ്രളയവും അതിജീവനവുമെല്ലാം കേരളത്തെ ഒരിക്കല്‍ കൂടി ഓര്‍മിപ്പിക്കുന്ന സിനിമയായിരിക്കും ഇതെന്നാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്ന സൂചനകള്‍.

പോസ്റ്ററില്‍ കൊടുത്തിരിക്കുന്ന അഭിനേതാക്കളുടെ പേരുകള്‍ തന്നെയാണ് 2018നെ ആകര്‍ഷകമാക്കുന്ന മറ്റൊരു ഘടകം. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, അപര്‍ണ ബാലമുരളി, വിനീത് ശ്രീനിവാസന്‍, കലൈയകരസന്‍, നരേന്‍, ലാല്‍, ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, തന്‍വി റാം, ശിവദ, ഗൗതമി നായര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്.

ജൂഡ് ആന്തണി തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. വേണു കുന്നപ്പിള്ളിയും സി.കെ. പദ്മകുമാറും ആന്റോ ജോസഫും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

മലയാളികള്‍ വെള്ളപ്പൊക്കത്തിനെ നേരിട്ട മനസുറപ്പ് ഒട്ടും ചോര്‍ന്നു പോകാതെ വലിയ സ്‌ക്രീനില്‍ വലിയ ക്യാന്‍വാസില്‍ കാണിക്കാന്‍ 110 ശതമാനം പണിയെടുത്തിട്ടുണ്ടെന്ന് ജൂഡ് ആന്തണി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

‘2018 ഒക്ടോബറില്‍ ആരംഭിച്ച ഒരു വലിയ യാത്ര അവസാന ലാപ്പിലേക്ക് കടന്നിരിക്കുന്നു. കേരളത്തെ പിടിച്ചുലച്ച 2018ലെ വെള്ളപ്പൊക്കം. സ്വന്തം വീടും പ്രിയപ്പെട്ടവരും അപകടത്തിലായ ചിലര്‍ക്ക് ഇതൊക്കെ നഷ്ടമായ ദുരിതനാളുകള്‍.

സ്വയം ഇതെല്ലാം അനുഭവിച്ചത് കൊണ്ടും, അന്ന് ബോധിനി എന്ന സംഘടന ഒരു ഇന്‍സ്പിരേഷണല്‍ വീഡിയോ ചെയ്താലോ എന്ന ആശയവുമായി മുന്നോട്ട് വന്നതുകൊണ്ടും ഒരു 5 മിനിറ്റ് വീഡിയോ ചെയ്യാന്‍ ആഗ്രഹമുണ്ടായി.

ആ ദിവസങ്ങളിലെ പത്രങ്ങളും ചാനല്‍ വാര്‍ത്തകളും തിരഞ്ഞു പിടിച്ചു വായിച്ചപ്പോള്‍ ഒരു കാര്യം മനസിലായി. മലയാളികളുടെ ചങ്കുറപ്പിന്റെ കഥ 5 മിനിട്ടില്‍ പറഞ്ഞു തീരില്ല. ഒരു ഫിലിം മേക്കറുടെ ആഗ്രഹമുണര്‍ന്നു.

നേരെ ആന്റോ ചേട്ടന്റെ അടുത്ത് കാര്യം അവതരിപ്പിച്ചു. അന്ന് മുതല്‍ ഈ നിമിഷം വരെ ഞങ്ങളുടെ ആ വലിയ സ്വപ്നത്തിനു താങ്ങായി മഹാമേരു പോലെ ആന്റോ ചേട്ടന്‍ നില കൊണ്ടു.

‘125ല്‍ പരം ആര്‍ടിസ്റ്റുകള്‍, 200ല്‍ പരം ലൊക്കേഷനുകള്‍ 100ല്‍ കൂടുതല്‍ ഷൂട്ടിങ് ഡേയ്സ്. ഒടുവില്‍ ഞങ്ങള്‍ ആ സ്വപ്നം പൂര്‍ത്തിയാക്കുന്നു. 4 വര്‍ഷമായി എന്റെ കണ്ണീരും ചിന്തകളും ടെന്‍ഷനും ഓട്ടവും ഇതാ ഒരു സിനിമയായി രൂപപ്പെട്ടിരിക്കുന്നു,’ എന്നായിരുന്നു ജൂഡ് ആന്തണിയുടെ വാക്കുകള്‍.

ചിത്രത്തിന്റെ റീലിസോ മറ്റ് വിവരങ്ങളോ ഇപ്പോള്‍ പുറത്തുവിട്ടിട്ടില്ല. അധികം വൈകാതെ തന്നെ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് കരുതപ്പെടുന്നത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ അവസാന ഘട്ടത്തിലാണെന്ന് അണിയപ്രവര്‍ത്തകര്‍ നേരത്തെ അറിയിച്ചിരുന്നു.

Content Highlight: Prithviraj and Fahadh Faasil releases Tovino-Jude Anthany Joseph movie 2018’s  title poster, the movie is based on Kerala Floods