രാഷ്‌ട്രപതിയുടെ ശബരിമല സന്ദർശനം; ഇംഗ്ലണ്ട് രാജ്ഞിക്കുള്ളതുപോലെ വി.ഐ.പി നിയമം ഇന്ത്യയിലും പാസാക്കിയോ?: ഹരീഷ് വാസുദേവൻ
Kerala
രാഷ്‌ട്രപതിയുടെ ശബരിമല സന്ദർശനം; ഇംഗ്ലണ്ട് രാജ്ഞിക്കുള്ളതുപോലെ വി.ഐ.പി നിയമം ഇന്ത്യയിലും പാസാക്കിയോ?: ഹരീഷ് വാസുദേവൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 23rd October 2025, 9:32 pm

തിരുവനന്തപുരം: രാഷ്‌ട്രപതി ദ്രൗപതി മുർമുവിന്റെ ശബരിമല സന്ദർശനത്തിന് പിന്നാലെ വിമർശനമുന്നയിച്ച് അഡ്വക്കേറ്റ് ഹരീഷ് വാസുദേവൻ.

ശബരിമല സന്നിധാനം വരെ ആരെങ്കിലും വാഹനത്തിൽ ദർശനത്തിന് പോകാറുണ്ടോയെന്നും ഇത് ദേശീയ ടൈഗർ കൺസേർവഷൻ അംഗീകരിച്ച മാസ്റ്റർ പ്ലാനിലുള്ളതാണോയെന്നും അദ്ദേഹം ചോദിക്കുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം വിമർശനമുന്നയിച്ചത്.

ഇംഗ്ലണ്ടിലെ രാജ്ഞിക്ക് കിട്ടുന്നതുപോലെ ചില പോസ്റ്റുകൾക്കുമാത്രം നിയമങ്ങൾ ബാധകമല്ല എന്ന വി.ഐ.പി നിയമം പാർലമെന്റ് പാസാക്കിയിട്ടുണ്ടോയെന്നും ഹരീഷ് ചോദിച്ചു.

മാസ്റ്റർ പ്ലാനിൽ അനുവദിക്കാത്ത കാര്യം ചെയ്യാൻ നിയമം അനുവദിക്കുന്നുണ്ടോയെന്നും ഇന്ത്യൻ ഭരണഘടനയ്ക്ക് കീഴിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നവർക്ക് രാജ്യത്തെ നിയമവ്യവസ്ഥയിൽ ഇളവ് അനുവദിച്ചിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

ഈ ഇളവിന്റെ മാനദണ്ഡം എന്താണെന്നും ഇത്തരം ഇളവുകൾ ഇന്നലെ വരെ ആർക്കെങ്കിലും ലഭിച്ചിട്ടുണ്ടോയെന്നും ഇനി ഏതൊക്കെ സാഹചര്യങ്ങളിൽ ആർക്കൊക്കെ ലഭിക്കുമെന്നും അദ്ദേഹം ചോദിച്ചു. വി.ഐ.പി കൾച്ചർ എന്നത് പ്രധാനമന്ത്രിയുടെ നയം ലംഘിക്കലാവില്ലേയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലംഘനങ്ങൾ തടയാൻ ബാധ്യതയുള്ളവർ പരസ്യമായി നിയമം ലംഘിക്കുന്നത് കണ്ടാൽ കൂട്ട് നിൽക്കുന്നത്
ശരിയാണോയെന്നും ഇത് നിയമവാഴ്ച നിലനിൽക്കുന്ന രാജ്യമാണെന്ന് എങ്ങനെയാണ് തലയുയർത്തി പറയുകയെന്നും അഡ്വക്കേറ്റ് ചോദിക്കുന്നു.

ഇത്തരം ഗൗരവമായ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് പകരം ഹെലികോപ്റ്റർ തള്ളി നീക്കിയതും കോൺക്രീറ്റ് ഉണങ്ങാത്തതുമായ കാര്യങ്ങളാണ് ചർച്ചചെയ്യുന്നതെന്നും അദ്ദേഹം വിമർശിച്ചു. ഒട്ടും ആയുസില്ലാത്ത ദരിദ്ര വിഷയങ്ങളാണ് ചർച്ചയാവുന്നതെന്നും അദ്ദേഹം വിമർശിച്ചു.

ഇന്നലെ രാവിലെയായിരുന്നു രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം. രാഷ്ട്രപതിക്കൊപ്പം സുരക്ഷാ ഉദ്യോഗസ്ഥരും ഇരുമുടിക്കെട്ടുമേന്തി മല കയറിയത്.

നിശ്ചയിച്ചതിലും നേരത്തെയാണ് രാഷ്ട്രപതി ശബരിമലയിലേക്ക് പുറപ്പെട്ടത്. തുടര്‍ന്ന് രാവിലെ ഒമ്പതോടെ കോന്നി പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തിൽ ഹെലികോപ്ടര്‍ ഇറങ്ങി റോഡ് മാര്‍ഗം പമ്പയിലേക്ക് പോവുകയായിരുന്നു.

Content Highlight: President’s visit to Sabarimala Has the VIP law been passed in India like the Queen of England’s Harish Vasudevan