ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷനെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്ത് രാഷ്‌ട്രപതി
Kerala
ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷനെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്ത് രാഷ്‌ട്രപതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 13th July 2025, 9:25 am

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ സി.എ സദാനന്ദനെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്ത് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു. വിദ്യാഭ്യാസ വിദഗ്ദൻ എന്ന പദവിയിലാണ് അദ്ദേഹത്തെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തിരിക്കുന്നത്.

കേരളത്തിൽ നിന്ന് നേരത്തെ നടനെന്ന നിലയിൽ സുരേഷ് ഗോപിയെയും കായിക താരമെന്ന നിലയിൽ പി.ടി ഉഷയെയും രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തിരുന്നു. പിന്നാലെയാണ് സി.എ സദാനന്ദനെയും നോമിനേറ്റ് ചെയ്തിരിക്കുന്നത്. കണ്ണൂരിൽ നിന്നുള്ള ബി.ജെ.പി നേതാവാണ് സി.എ സദാനന്ദൻ. കഴിഞ്ഞ രണ്ട് തവണയായി അദ്ദേഹം ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു.

സഭയിലെ നോമിനേറ്റഡ് സീറ്റുകളിലുണ്ടായ ഒഴിവുകളാണ് നികത്തുന്നത്. വിവിധ മേഖലകളിലെ പ്രാവീണ്യവും രാജ്യത്തിന് നൽകിയ സംഭാവനകളും പരിഗണിച്ച് 12 പേരെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യാനുള്ള അധികാരം ഉപയോഗിച്ചാണ് രാഷ്ട്രപതി നോമിനേഷൻ നടത്തുന്നത്.

നിലവിൽ ബി.ജെ.പി വൈസ് പ്രസിഡൻ്റാണ് സദാനന്ദൻ. കഴിഞ്ഞ ദിവസമാണ് സദാനന്ദൻ ഈ സ്ഥാനത്ത് അവരോധിതനായത്. അഭിഭാഷകനായ ഉജ്ജ്വൽ നിഗം, മുൻ ഫോറിൻ സെക്രട്ടറി ഹർഷ് വർധൻ ശൃംഗ്ല,  ചരിത്രകാരിയും അധ്യാപികയുമായ മീനാക്ഷി ജെയിൻ എന്നിവരെയും രാഷ്ട്രപതി രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തിട്ടുണ്ട്.

മൂന്ന് പതിറ്റാണ്ട് മുമ്പ് സദാനന്ദന്റെ ഇരു കാലുകളും 1994ൽ ഉണ്ടായ സി.പി.ഐ.എം-ആർ.എസ്.എസ് സംഘർഷത്തിൽ നഷ്ടപ്പെട്ടിരുന്നു. ആർ.എസ്.എസ് ജില്ലാ സർകാര്യവാഹക് ആയിരിക്കെയാണ് കണ്ണൂർ സ്വദേശിയായ സദാനന്ദൻ ആക്രമിക്കപ്പെടുന്നത്. 2016ൽ കൂത്തുപറമ്പിൽ ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്നു. സ്ഥാനാർത്ഥിയായിരിക്കേ സദാനന്ദന് വേണ്ടി മോദിയടക്കം പ്രചാരണത്തിന് എത്തിയിരുന്നു.

 

 

Content Highlight: President nominates BJP state vice-president to Rajya Sabha