സൈക്കോ ആദിയും മിസ്റ്ററി നിറഞ്ഞ ഹൈദരാബാദും, പ്രേമലു ത്രില്ലര്‍ ട്രെയ്‌ലര്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
Entertainment
സൈക്കോ ആദിയും മിസ്റ്ററി നിറഞ്ഞ ഹൈദരാബാദും, പ്രേമലു ത്രില്ലര്‍ ട്രെയ്‌ലര്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 28th April 2024, 5:21 pm

ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയചിത്രങ്ങളിലൊന്നായിരുന്നു പ്രേമലു. ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രം ഏറെക്കാലത്തിന് ശേഷം മലയാളത്തിലെത്തിയ പെര്‍ഫക്ട് റോം കോം ചിത്രമായിരുന്നു പ്രേമലു. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഗിരീഷ് സംവിധാനം ചെയ്ത ചിത്രം 100 കോടിയിലധികം കളക്ഷന്‍ നേടി.

പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ച പ്രേമലുവിനെ ത്രില്ലര്‍ മൂഡില്‍ അവതരിപ്പിക്കുന്ന ട്രെയ്‌ലര്‍ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല് മീഡിയയില്‍ വൈറലായിരിക്കുന്നത്. യൂട്യൂബില്‍ എഡിറ്റ് വീഡിയോസ് ചെയ്തുവരുന്ന അനന്ദു രംഗനാഥ് ആണ് ഈ വീഡിയോയുടെ സ്രഷ്ടാവ്. രണ്ട് ദിവസം കൊണ്ട് 72000 പേരാണ് വീഡിയോ കണ്ടത്. ഫേസ്ബുക്കിലെയും വാട്ട്‌സ് ആപ്പിലെയും നിരവധി ഗ്രൂപ്പുകളില്‍ ഇതിനോടകം വീഡിയോ വൈറലായിക്കഴിഞ്ഞു.

വെറും ഒന്നര മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ സിനിമയുടെ പല സീനുകള്‍ക്കും മിസ്റ്ററി ബി.ജി.എം നല്‍കിക്കൊണ്ട് അവതരിപ്പിച്ചിട്ടുണ്ട്. സിനിമയില്‍ ചിരിപ്പിച്ച പല സീനുകളും ഈ വീഡിയോയില്‍ സീരിയസ് മൂഡിലാണ് അവതരിപ്പിച്ചത്. ഒറ്റക്കിരിക്കുന്ന സമയത്ത് സച്ചിന്‍ കൊടുത്ത ഗിഫ്റ്റ് റീനു കാണുന്നതിനെ ഹൊറര്‍ മൂഡിലാണ് വീഡിയോയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഒരു എഡിറ്റര്‍ വിചാരിച്ചാല്‍ സിനിമയുടെ മൂഡ് തന്നെ മാറ്റാമെന്നും, നടന്മാരെയും സംവിധായകരെയും അഭിനന്ദിക്കുമ്പോള്‍ എഡിറ്റര്‍മാരുടെ പ്രയത്‌നങ്ങളെ ആരും പ്രശംസിക്കാറില്ലെന്നും തുടങ്ങി നിരവധി കമന്റുകള്‍ വീഡിയോക്ക് താഴെ വരുന്നുണ്ട്. ഇതിന് മുമ്പ് പല തമിഴ് ഹിന്ദി പാട്ടുകളുടെയും വീഡിയോയില്‍ മലയാള ഗാനങ്ങള്‍ മിക്‌സ് ചെയ്ത് ഇറക്കിയത് വൈറലായിരുന്നു.

Content Highlight: Premalu mystery thriller trailer viral in social media