സിനിമക്ക് യോജിച്ച രീതിയല്ലെന്നറിയാം. പക്ഷേ, എൻ്റെ രീതി ഇങ്ങനെയാണ്: പ്രേം കുമാർ
Entertainment
സിനിമക്ക് യോജിച്ച രീതിയല്ലെന്നറിയാം. പക്ഷേ, എൻ്റെ രീതി ഇങ്ങനെയാണ്: പ്രേം കുമാർ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 30th June 2025, 9:25 am

മലയാളത്തിലെ എക്കാലത്തെയും മികച്ച നടന്മാരിലൊരാളാണ് പ്രേം കുമാര്‍. 1991ല്‍ ചന്ദ്രശേഖരൻ്റെ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ അരങ്ങ് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തന്റെ സിനിമാകരിയര്‍ ആരംഭിക്കുന്നത്. സീരിയലിലും സിനിമയിലും ഒരുപോലെ തിളങ്ങിയ പ്രേം കുമാര്‍ നായകനായും സഹനടനായും പ്രേക്ഷകശ്രദ്ധ നേടി.

നിലവില്‍ കേരള ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാനായ പ്രേം കുമാര്‍ മുമ്പ് വൈസ് ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോൾ സിനിമയിലെ അവസരങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.

സിനിമക്ക് വേണ്ടി ശ്രമിക്കുകയോ അവസരങ്ങൾ തേടിപ്പോകുകയോ ചെയ്തിട്ടില്ലെന്നും ആദ്യം തുടർച്ചയായി അവസരങ്ങൾ വന്നുവെന്നും അദ്ദേഹം പറയുന്നു. എന്നാൽ പിന്നീട് അവസരങ്ങൾ കുറഞ്ഞപ്പോൾ തേടിപ്പോയിട്ടില്ലെന്നും സിനിമയിൽ എപ്പോഴും അവസരങ്ങൾക്കായി ശ്രമിക്കണമെന്നും നടൻ പറഞ്ഞു.

നടനെന്ന നിലയിൽ നല്ല കഥാപാത്രങ്ങൾ ചെയ്യണമെന്നുണ്ടെന്നും ഒരു കഥാപാത്രത്തിന് വേണ്ടി ആത്മാർത്ഥമായി പരിശ്രമിക്കുകയും ചെയ്യുമെന്ന് പ്രേം കുമാർ കൂട്ടിച്ചേർത്തു.

‘സിനിമക്ക് വേണ്ടി ശ്രമിക്കുകയോ അവസരങ്ങൾ തേടി പോവുകയോ ചെയ്‌തില്ല. ആദ്യം തുടർച്ചയായി അവസരങ്ങൾ വന്നു. പിന്നെയത് കുറഞ്ഞു. ശേഷം വീണ്ടും അവസരങ്ങൾ കിട്ടി. സിനിമകൾ തുടർച്ചയായി ചെയ്തപ്പോൾ വീണ്ടും അഭിനയിക്കണമെന്നുള്ള ആഗ്രഹമുണ്ടായി. ശീലിച്ചുപോയതിനാൽ അവസരങ്ങൾ കുറഞ്ഞപ്പോൾ അത് തേടിപ്പോകാൻ കഴിഞ്ഞതുമില്ല. സിനിമയിൽ എപ്പോഴും സൗഹൃദങ്ങൾ നിലനിർത്തുകയും അവസരങ്ങൾക്കായുള്ള ശ്രമങ്ങൾ ഉണ്ടാവുകയും വേണം. സെൽഫ് മാർക്കറ്റിങ് ചെയ്യണം.

നടനെന്നനിലയിൽ ആഴമുള്ള കഥാപാത്രങ്ങൾ ചെയ്യണമെന്നുണ്ട്. എന്നാൽ, കഥാപാത്രങ്ങൾ കിട്ടാൻ എന്റെ ഭാഗത്തുനിന്ന് ശ്രമങ്ങളൊന്നുമില്ല. ഇതൊന്നും സിനിമക്ക് യോജിച്ച രീതിയല്ലെന്നറിയാം. പക്ഷേ, എന്റെ രീതി ഇങ്ങനെയാണ്.
ഓരോനിമിഷവും ആസ്വദിച്ച് തികച്ചും സ്വതന്ത്രമായി ജീവിക്കാനിഷ്ടപ്പെടുന്നയാളാണ് ഞാൻ. അതുകൊണ്ട് അലസതയുണ്ട്. എന്നാൽ, ഒരു കഥാപാത്രത്തിനായി പരിഗണിക്കപ്പെട്ടാൽ വളരെ ആത്മാർഥമായി കഥാപാത്രത്തെ പൂർണതയിലേക്കെത്തിക്കാൻ ശ്രമിക്കും,’ പ്രേം കുമാർ പറയുന്നു.

Content Highlight: Prem Kumar Talking about his Film Career