പ്രവാസി പെന്‍ഷന്‍ പദ്ധതിയുടെ നിലനില്‍പ്പ് അവതാളത്തിൽ; സര്‍ക്കാര്‍ വിഹിതം അടിയന്തിരമായി ഉയര്‍ത്തണമെന്ന് പ്രവാസി ലീഗല്‍ സെല്‍
Kerala
പ്രവാസി പെന്‍ഷന്‍ പദ്ധതിയുടെ നിലനില്‍പ്പ് അവതാളത്തിൽ; സര്‍ക്കാര്‍ വിഹിതം അടിയന്തിരമായി ഉയര്‍ത്തണമെന്ന് പ്രവാസി ലീഗല്‍ സെല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 8th October 2025, 12:59 pm

കോഴിക്കോട്: പ്രവാസി പെന്‍ഷന്‍ പദ്ധതിയുടെ സര്‍ക്കാര്‍ വിഹിതം അടിയന്തിരമായി ഉയര്‍ത്തണമെന്ന് പ്രവാസി ലീഗല്‍ സെല്‍. പദ്ധതി ഏത് സമയവും നിലക്കാമെന്നുള്ള അവസ്ഥയിലാണുള്ളതെന്ന് പ്രവാസി ലീഗല്‍ സെല്‍ ജനറല്‍ സെക്രട്ടറി അഡ്വ. ആര്‍ മുരളീധരന്‍ പറഞ്ഞു.

ഇതുസംബന്ധിച്ച് സര്‍ക്കാര്‍ തങ്ങൾക്ക് നല്‍കിയ മറുപടി കത്തില്‍, പ്രവാസി ക്ഷേമ പെന്‍ഷന്‍ പദ്ധതിയുടെ സാമ്പത്തിക നിലയെക്കുറിച്ചും നിലനില്‍പ്പിനെ കുറിച്ചും വളരെ ആശങ്കാജനകമായ വിവരങ്ങളാണുള്ളത്.

ബോര്‍ഡിന് ലഭിക്കുന്ന ശരാശരി മാസവരുമാനം 12-16 കോടിയോളം രൂപയാണ്. എന്നാല്‍ ചെലവ് 28 കോടിയോളമാണെന്നും പ്രവാസി ലീഗല്‍ സെല്‍ പറഞ്ഞു.

ഈ വന്‍ സാമ്പത്തിക കുറവ് നികത്താന്‍ ബോര്‍ഡ് സ്ഥിരനിക്ഷേപങ്ങള്‍ പിന്‍വലിച്ച് പെന്‍ഷന്‍ വിതരണം നടത്തേണ്ട സാഹചര്യമാണുള്ളത്. എന്നാല്‍ ദീര്‍ഘകാലത്തേക്ക് ഈ രീതി നിലനില്‍ക്കില്ലെന്ന് പ്രവാസി ലീഗല്‍ സെല്‍ മുന്നറിയിപ്പ് നല്‍കി.

പ്രവാസി ക്ഷേമനിധി പദ്ധതിയില്‍ തൊഴിലുടമയുടെ വിഹിതം സാധ്യമല്ലാത്തതിനാല്‍, പദ്ധതിയുടെ മുഴുവന്‍ ബാധ്യതയും അംഗങ്ങളുടെ അംശദായം, രജിസ്ട്രേഷന്‍ ഫീസ്, പിഴകള്‍, സര്‍ക്കാര്‍ നല്‍കുന്ന രണ്ട് ശതമാനം ഗ്രാന്റ് എന്നിവയെ മാത്രം ആശ്രയിച്ചുള്ളതാണെന്നും പ്രവാസി ലീഗല്‍ സെല്‍ പറഞ്ഞു.

ഇത് തീരെ അപര്യാപ്തമാണെന്നും പെന്‍ഷന്‍ ഗുണഭോക്താക്കളുടെ എണ്ണം നിരന്തരം ഉയരുന്നത് നികത്താനുള്ള സാമ്പത്തികം ഇപ്പോള്‍ പ്രവാസി ക്ഷേമ ബോര്‍ഡിനില്ലെന്നും ലീഗല്‍ സെല്‍ പറയുന്നു. ഏതാനും നിര്‍ദേശങ്ങളും പ്രവാസി ലീഗല്‍ സെല്‍ സര്‍ക്കാരിന് മുമ്പാകെ വെച്ചിട്ടുണ്ട്.

സര്‍ക്കാര്‍ വിഹിതം രണ്ട് ശതമാനത്തില്‍ നിന്ന് 10 ശതമാനം ആക്കി വര്‍ധിപ്പിക്കുക:

പ്രവാസി ക്ഷേമനിയമത്തിന്റെ സെക്ഷന്‍ 4 (3 ) പ്രകാരമുള്ള രണ്ട് ശതമാനം സര്‍ക്കാര്‍ വിഹിതം തീരെ അപര്യാപ്തമായതിനാല്‍ കുറഞ്ഞത് 10 ശതമാനമെങ്കിലും ആക്കി വര്‍ധിപ്പിക്കുന്നത് പെന്‍ഷന്‍ പദ്ധതിക്ക് സ്ഥിരതയുള്ള അടിത്തറ ഉണ്ടാക്കാനും സമയബന്ധിതമായ വിതരണം ഉറപ്പാക്കാനും സഹായിക്കും.

പ്രവാസി വ്യവസായികളില്‍ നിന്നും CSR ഫണ്ട്, സംഭാവനകള്‍ സമാഹരിക്കുക: 

വിദേശത്തുള്ള കേരളീയ വ്യവസായികളും ബിസിനസ് സ്ഥാപനങ്ങളും CSR പദ്ധതികളുടെ ഭാഗമായി പെന്‍ഷന്‍ ഫണ്ടിലേക്ക് സംഭാവന ചെയ്യാന്‍ സാധ്യതയുണ്ട്. ഇതിനുവേണ്ട പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണം.

Section 8 പ്രകാരമുള്ള Special Aid Fund ഭേദഗതി ചെയ്ത് പരിഷ്‌കരിക്കുക

നിയമപ്രകാരം നിലവിലുള്ള ഈ ഫണ്ട് നാളിതുവരെയും സര്‍ക്കാര്‍ രൂപീകരിച്ചിട്ടില്ല. ഈ ഫണ്ട് മടങ്ങിവന്ന പ്രവാസികളെ (Pravasi Returnee ) ഉള്‍ക്കൊള്ളുന്ന തരത്തിലും പെന്‍ഷന്‍ ഫണ്ട് സ്വീകരിക്കാവുന്നവിധത്തിലും ഭേദഗതി ചെയ്യേണ്ടതാണ്. CSR ഫണ്ട് സ്വീകരിക്കുന്നതിനും ഈ ഭേദഗതി സഹായകമാകും

ലക്ഷക്കണക്കിന് പ്രവാസികളുടെ ക്ഷേമത്തിനായി രൂപീകരിച്ച പദ്ധതിക്ക് ആവശ്യമായ ധനസഹായം ഉറപ്പാക്കുന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അതിനായി ഉടന്‍ തന്നെ ധനകാര്യ വകുപ്പ്, നോര്‍ക്ക വകുപ്പ് എന്നിവ ചേര്‍ന്ന് സമഗ്രമായ പരിഹാരപദ്ധതി തയ്യാറാക്കണം

Content Highlight: Pravasi Legal Cell urges urgent increase in government share of Pravasi Pension Scheme