വീണ്ടും തിരിച്ചു പോയി, ആടിനും വാഴക്കുമിടയില്‍ പെട്ട് ഏഴ് കോടി മാത്രം നേടി പ്രതിഛായ
Malayalam Cinema
വീണ്ടും തിരിച്ചു പോയി, ആടിനും വാഴക്കുമിടയില്‍ പെട്ട് ഏഴ് കോടി മാത്രം നേടി പ്രതിഛായ
അമര്‍നാഥ് എം.
Saturday, 4th April 2026, 9:35 pm

സര്‍വ്വം മായക്ക് ശേഷം രണ്ട് മാസത്തെ ഇടവേളയില്‍ നിവിന്‍ നായകനായെത്തിയ രണ്ട് സിനിമകളും ബോക്‌സ് ഓഫീസില്‍ പരാജയമായിരിക്കുകയാണ്. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ പ്രതിഛായ ഒരാഴ്ച പിന്നിടുമ്പോള്‍ തന്നെ പലയിടത്തും വാഷൗട്ടായിക്കഴിഞ്ഞു. ആട് 3യുടെ ഓളത്തിനിടയില്‍ റിലീസായ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.

സമ്മര്‍ വെക്കേഷന്‍ ആരംഭിക്കുന്നതുവരെ പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും വാഴ 2ന്റെ റിലീസ് പ്രതിഛായക്ക് മറ്റൊരു തിരിച്ചടിയായി. ഒടുവില്‍ രണ്ട് വമ്പന്‍ സിനിമകള്‍ക്കിടയില്‍ പെട്ട് ഒന്നും നേടാനാകാത്ത അവസ്ഥയില്‍ കളം വിട്ടിരിക്കുകയാണ് പ്രതിഛായ. ഏട്ട് ദിവസത്തില്‍ വെറും 7.67 കോടി മാത്രമാണ് ചിത്രം ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത്.

കേരളത്തില്‍ നിന്ന് 4.17 കോടിയാണ് ചിത്രത്തിന് നേടാന്‍ സാധിച്ചത്. ഓവര്‍സീസില്‍ നിന്ന് 2.9 കോടിയും ചിത്രം സ്വന്തമാക്കി. സമീപകാലത്ത് നിവിന്റെ ഏറ്റവും മോശം ബോക്‌സ് ഓഫീസ് കളക്ഷനാണിത്. സര്‍വ്വം മായയിലൂടെ ബോക്‌സ് ഓഫീസില്‍ തിരിച്ചുവരവ് നടത്തിയ നിവിന്‍ പോളി ബേബി ഗേളിലൂടെയും പ്രതിഛായയിലൂടെയും വീണ്ടും തിരിച്ചുപോയിരിക്കുകയാണ്.

സര്‍വ്വം മായയുടെ ഓളം അവസാനിക്കുന്നതിന് മുമ്പ് തിയേറ്ററുകളിലെത്തിയ ബേബി ഗേള്‍ വന്‍ പരാജയമായി മാറിയിരുന്നു. 150 കോടിയായിരുന്നു ബോക്‌സ് ഓഫീസില്‍ നിന്ന് സര്‍വ്വം മായ നേടിയത്. അരുണ്‍ വര്‍മ സംവിധാനം ചെയ്ത ചിത്രം ആകെ ഏഴ് കോടി മാത്രമായിരുന്നു സ്വന്തമാക്കിയത്. ഒ.ടി.ടി റിലീസിന് ശേഷം ചിത്രം ട്രോള്‍ മെറ്റീരിയലായി മാറുകയും ചെയ്തു. അരുണ്‍ വര്‍മ സംവിധാനം ചെയ്ത ബേബി ഗേളിലെ സകല മേഖലയും ട്രോളിനിരയായി.

ഇപ്പോഴിതാ 25 കോടിയിലേറെ ബജറ്റിലൊരുങ്ങിയ പ്രതിഛായയും പരാജയമായിരിക്കുകയാണ്. പൊളിറ്റിക്കല്‍ ത്രില്ലറായി ഒരുങ്ങിയ ചിത്രം പ്രേക്ഷകരുമായി കണക്ടായില്ലെന്നായിരുന്നു പ്രധാന വിമര്‍ശനം. കേരള രാഷ്ട്രീയത്തിലെ ചില സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കിയ ചിത്രം സംവിധാനം ചെയ്തത് ബി. ഉണ്ണികൃഷ്ണനാണ്. വന്‍ താരനിരയായിരുന്നു പ്രതിഛായയില്‍ അണിനിരന്നത്.

സര്‍വ്വം മായക്ക് മുമ്പ് നിവിന്‍ പോളി കമ്മിറ്റ് ചെയ്ത പ്രൊജക്ടുകളായിരുന്നു ബേബി ഗേളും പ്രതിഛായയും. തുടര്‍ച്ചയായി രണ്ട് ചിത്രങ്ങള്‍ പരാജയമായിരുന്നെങ്കിലും അടുത്ത സിനിമയായ ബെത്‌ലഹേം കുടുംബ യൂണിറ്റ് നിവിന്റെ കംബാക്കായിരിക്കുമെന്നാണ് പലരും കണക്കാക്കുന്നത്. ഗിരീഷ് എ.ഡി. സംവിധാനം ചെയ്യുന്ന ചിത്രം ഓണത്തിന് തിയേറ്ററുകളിലെത്തും. മമിത ബൈജുവാണ് ചിത്രത്തിലെ നായിക.

Content Highlight: Prathichaya collected just seven crores from Box office in first week

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം