വില്ലനും ഞാന്‍ തന്നെ ഹീറോയും ഞാന്‍ തന്നെ!
IPL 2022
വില്ലനും ഞാന്‍ തന്നെ ഹീറോയും ഞാന്‍ തന്നെ!
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 28th May 2022, 3:27 pm

ആവേശകരമായ മറ്റൊരു ഐ.പി.എല്‍ സീസണിനു കൂടെ തിരശ്ശീല വീഴാനൊരുങ്ങുകയാണ്. നാളെ നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് രാജസ്ഥാന്‍ റോയല്‍സിനെ നേരിടും.

ലീഗ് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടി ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്ത ടീമുകളാണ് ഫൈനലില്‍ ഏറ്റ് മുട്ടുന്നത്.

ഇന്നലെ നടന്ന രണ്ടാം ക്വാളിഫയര്‍ മത്സരത്തില്‍ ആധികാരിക വിജയം നേടിയാണ് രാജസ്ഥാന്‍ ഫൈനലിലേക്ക് നടന്ന് കയറിയത്. എന്നാല്‍ ആദ്യ ക്വാളിഫയര്‍ മത്സരത്തില്‍ രാജസ്ഥാനെ അവസാന ഓവറില്‍ തകര്‍ത്താണ് ഗുജറാത്ത് കലാശപ്പോരിനെത്തുന്നത്.

ഇന്നലത്തെ രാജസ്ഥാന്റെ വിജയശില്‍പ്പി സെഞ്ച്വറി തികച്ച ജോസ് ബട്‌ലറായിരുന്നു. എന്നാല്‍ ആര്‍.സി.ബിയെ വലിയ ടോട്ടല്‍ എടുക്കുന്നതില്‍ നിന്നും തടഞ്ഞത് രാജസ്ഥാന്‍ ബൗളേഴ്‌സായിരുന്നു.

പ്രസീദ് ക്രിഷ്ണയായിരുന്നു രാജസ്ഥാന്‍ ബൗളിംഗ് നിരയില്‍ മികച്ച് നിന്നത്. 4 ഓവറില്‍ 22 റണ്‍ മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റാണ് പ്രസീദ് കൊയ്തത്. അവസാന ഓവറുകളില്‍ പേസും ബൗണ്‍സും എറിഞ്ഞ് ആര്‍.സി.ബി ബാറ്റര്‍മാരെ വിറപ്പിക്കാന്‍ പ്രസീദിന് സാധിച്ചിരുന്നു.

പ്രസീദിനെ കൂടാതെ ഒബെഡ് മക്കോയ്‌യും മികച്ച രീതിയല്‍ പന്തെറിഞ്ഞു. 23 റണ്‍ വഴങ്ങി 3 വിക്കറ്റാണ് താരം നേടിയത്.

ആദ്യ ക്വാളിഫയറില്‍ രാജസ്ഥാന്‍ തോറ്റതില്‍ പ്രധാന പങ്ക് പ്രസീദിനായിരുന്നു. പ്രസീദ് അവസാന ഓവര്‍ എറിയാന്‍ വന്നപ്പോള്‍ ഗുജറാത്തിന് 16 റണ്‍ വേണമായിരുന്നു വിജയിക്കാന്‍. ഡേവിഡ് മില്ലറും ഹര്‍ദിക്ക് പാണ്ഡ്യയുമായിരുന്നു ക്രീസില്‍.

ആദ്യ മൂന്ന് പന്തില്‍ മൂന്നും സിക്‌സര്‍ അടിച്ചുകൊണ്ട് ഡേവിഡ് മില്ലര്‍ ഗൂജറാത്തിനെ കളി ജയിപ്പിക്കുകയായിരുന്നു. ടീമിന്റെ ഫീല്‍ഡ് സെറ്റിംഗുമായി ഒരു രീതിയിലും ബന്ധമില്ലാത്ത ബൗളുകളായിരുന്നു പ്രസീദ് എറിഞ്ഞത്. മത്സര ശേഷം ഒത്തിരി ട്രോളുകളും താരത്തെ തേടി എത്തിയിരുന്നു.

തികച്ചും വ്യത്യസ്തമായ പ്രസീദിനെയായിരുന്നു ഇന്നലെ കണ്ടത്. തന്റെ ആദ്യ ഓവറില്‍ തന്നെ വിരാട് കോഹ്‌ലിയെ പറഞ്ഞയച്ച പ്രസീദ് അവസാന ഓവറില്‍ ദിനേഷ് കാര്‍ത്തിക്കിനേയും വാനിന്ദു ഹസരങ്കയെയും മടക്കി അയച്ചു.

ആദ്യ ഓവറുകളില്‍ റണ്‍സ് വഴങ്ങിയ പ്രസീദ് അവസാന ഓവറുകളില്‍ പിച്ചിലെ ബൗണ്‍സറുകളുടെ സാധ്യത മനസിലാക്കി തുടരെ തുടരെ പേസും ബൗണ്‍സും നിറഞ്ഞ പന്തുകള്‍ എറിയുകയായിരുന്നു. മത്സരത്തിലെ ഫാസ്റ്റസ്റ്റ് ഡെലിവെറി ഓഫ് ദ മാച്ച് അവാര്‍ഡും പ്രസീദിനായിരുന്നു ലഭിച്ചത്.

കഴിഞ്ഞ മത്സരത്തില്‍ വില്ലനായിരുന്നുവെങ്കില്‍ ഇന്നലത്തെ മത്സരത്തില്‍ പ്രസീദ് ഹീറോ തന്നെയായിരുന്നു.

ഈ സീസണില്‍ മികച്ച പ്രകടനമാണ് പ്രസീദ് റോയല്‍സിന് വേണ്ടി കാഴ്ചവെച്ചത്. ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റായ പ്രസീദ് 16 മത്സരത്തില്‍ നിന്നും 18 വിക്കറ്റാണ് നേടിയത്. നാളെ നടക്കുന്ന ഫൈനലില്‍ പ്രസീദിന്റെ പ്രകടനത്തിന് പ്രധാന പങ്കുണ്ട്.

Content Highlights: Prasidh krishna is hero and villain of rajasthan royals