അങ്ങനെ ആ കാര്യത്തില്‍ ഒരു തീരുമാനമായി; കെ.ജി.എഫും സലാറും ഡ്രാഗണും തമ്മില്‍ ബന്ധമുണ്ടോ എന്ന ചോദ്യത്തിന് മറുപടിയുമായി പ്രശാന്ത് നീല്‍
Indian Cinema
അങ്ങനെ ആ കാര്യത്തില്‍ ഒരു തീരുമാനമായി; കെ.ജി.എഫും സലാറും ഡ്രാഗണും തമ്മില്‍ ബന്ധമുണ്ടോ എന്ന ചോദ്യത്തിന് മറുപടിയുമായി പ്രശാന്ത് നീല്‍
അശ്വിന്‍ രാജേന്ദ്രന്‍
Wednesday, 20th May 2026, 10:12 pm

കെ.ജി.എഫ് എന്ന ഒറ്റ ചിത്രത്തിലൂടെ കന്നട സിനിമയുടെ റേഞ്ച് തന്നെ മാറ്റിമറിച്ച സംവിധായകനാണ് പ്രശാന്ത് നീല്‍. 2014ല്‍ പുറത്തിറങ്ങിയ ഉഗ്രം എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച അദ്ദേഹം 2018ല്‍ യഷിനെ നായകനാക്കി ഒരുക്കിയ കെ.ജി.എഫിലൂടെയായിരുന്നു താനാരാണെന്നതിന് സൂചന നല്‍കിയത്. 2022ല്‍ പുറത്തിറങ്ങിയ കെ.ജി.എഫ് ചാപ്റ്റര്‍ 2വിലൂടെ ഇന്ത്യന്‍ സിനിമയിലെ മുന്‍നിര സംവിധായകനായി പ്രശാന്ത് സ്ഥാനം നേടിയെടുക്കുകയും ചെയ്തിരുന്നു.

ഇതിന് ശേഷം പ്രഭാസിനെയും പൃഥ്വിരാജിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി പ്രശാന്ത് സംവിധാനം ചെയ്ത ചിത്രമായിരുന്നു സലാര്‍ പാര്‍ട്ട് വണ്‍. കെ.ജി.എഫിനെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ ഒരുക്കിയ ചിത്രവും തിയേറ്ററുകളില്‍ വിജയമായിരുന്നു. ഇപ്പോഴിതാ തെലുങ്ക് സൂപ്പര്‍ താരം ജൂനിയര്‍ എന്‍.ടി.ആറിനെ നായകനാക്കി ഒരുക്കുന്ന ഡ്രാഗണിന്റെ പണിപ്പുരയിലാണ് സംവിധായകന്‍. താരത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസം പുറത്തുവിട്ട ഗ്ലിമ്പ്‌സ് വീഡിയോ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

പ്രശാന്ത് നീല്‍. Photo: Deccan Chronicle

ഇപ്പോഴിതാ പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത മൂന്ന് ചിത്രങ്ങളും തമ്മില്‍ ബന്ധമുണ്ടോ എന്ന ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സ് പോലെ പ്രശാന്ത് സിനിമാറ്റിക് യൂണിവേഴ്‌സിന്റെ സാധ്യതയെക്കുറിച്ച് അദ്ദേഹം മനസ് തുറന്നത്.

‘ഞാന്‍ എന്റെ ചിത്രങ്ങളെക്കുറിച്ച് ഒരു സിനിമാറ്റിക് യൂണിവേഴ്‌സ് എന്ന രീതിയില്‍ ആലോചിച്ചിട്ടില്ല. മൂന്ന് വലിയ താരങ്ങളും രണ്ട് വ്യത്യസ്ത നിര്‍മാതാക്കളും ഈ ചിത്രങ്ങളില്‍ പങ്കാളികളായിട്ടുണ്ട്. ഈ കാര്യത്തില്‍ എന്നെ ഒരു തരത്തിലും അത്തരത്തില്‍ ആലോചിക്കാന്‍ പ്രേരിപ്പിച്ചിട്ടില്ല. മാത്രമല്ല ഈ മൂന്ന് ചിത്രങ്ങളും എങ്ങനെ ഒന്നിച്ച് കൊണ്ടുവരുമെന്ന് എനിക്കറിയില്ല. മറ്റ് സംവിധായകരും ഹോളിവുഡിലുമെല്ലാം ഇത്തരം കാര്യങ്ങള്‍ വര്‍ഷങ്ങളായി ചെയ്യുന്നുണ്ട്.

ഇതിനെക്കുറിച്ച് ഞാന്‍ ഒരിക്കല്‍ ആലോചിച്ചിരുന്നു. പക്ഷേ എനിക്കൊരിക്കലും അത് ഒന്നിപ്പിക്കാന്‍ സാധിക്കില്ല. ചിലപ്പോള്‍ ഭാവിയില്‍ പണത്തിന് വേണ്ടി ഞാനങ്ങനെ ചെയ്‌തേക്കാം. പക്ഷേ അങ്ങനെ ചെയ്യുമ്പോള്‍ ചിത്രത്തില്‍ ഡ്രാമ എങ്ങനെ വര്‍ക്കാകുമെന്ന് എനിക്കറിയില്ല,’ പ്രശാന്ത് നീല്‍ പറഞ്ഞു.

ഡ്രാഗണ്‍. Photo: 123telugu.com

രാജമൗലി ചിത്രം ആര്‍.ആര്‍.ആറിനും ദേവരയ്ക്കും ശേഷം ജൂനിയര്‍ എന്‍.ടി.ആര്‍ നായകനാകുന്ന ചിത്രത്തില്‍ ബിജു മോനോന്‍, അനില്‍ കപൂര്‍, രുക്മിണി വാസന്ത്, അഷുതോഷ് റാണ തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നു.

Content Highlight: Prashanth Neel talks about the chances for cross over between Kgf, salaar, and Dragon

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.