ബീഹാറില്‍ തേജസ്വി യാദവ് തോല്‍ക്കും, രാഹുല്‍ ഗാന്ധിയുടെ അതേ അവസ്ഥ വരും: പ്രശാന്ത് കിഷോര്‍
national news
ബീഹാറില്‍ തേജസ്വി യാദവ് തോല്‍ക്കും, രാഹുല്‍ ഗാന്ധിയുടെ അതേ അവസ്ഥ വരും: പ്രശാന്ത് കിഷോര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 12th October 2025, 6:58 am

പാട്‌ന: വരാനിരിക്കുന്ന ബീഹാര്‍ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ജനതാ ദള്‍ (ആര്‍.ജെ.ഡി) നേതാവ് തേജസ്വി യാദവ് പരാജയപ്പെടുമെന്ന് ജന്‍ സുരാജ് പാര്‍ട്ടി സ്ഥാപകനേതാവ് പ്രശാന്ത് കിഷോര്‍. സ്വന്തം മണ്ഡലമായ വൈശാലി ജില്ലയിലെ രഘോപൂരില്‍ തേജസ്വി പരാജയം രുചിക്കുമെന്നാണ് പ്രശാന്ത് കിഷോര്‍ പറഞ്ഞത്.

തന്റെ ബീഹാര്‍ ബദ്‌ലോ യാത്രയിലായിരുന്നു പ്രശാന്ത് കിഷോറിന്റെ പരാമര്‍ശം. 2019ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി സ്വന്തം തട്ടകമായ അമേഠിയില്‍ പരാജയപ്പെട്ടതുപോലെയായിരിക്കും തേജസ്വിയുടെ പരാജയമെന്നും രഘോപൂരില്‍ പ്രശാന്ത് കിഷോര്‍ പറഞ്ഞു.

പ്രശാന്ത് കിഷോര്‍

‘എന്നാല്‍, രാഹുല്‍ ഗാന്ധി ഇപ്പോള്‍ പ്രതിപക്ഷ നേതാവാണ്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് വയനാട് പോയി വിജയിക്കാന്‍ സാധിച്ചു,’ അദ്ദേഹം പറഞ്ഞു.

2019ല്‍ കോണ്‍ഗ്രസിന്റെ കുത്തക മണ്ഡലമായ അമേഠിയില്‍ സ്മൃതി ഇറാനിയോടായിരുന്നു രാഹുല്‍ ഗാന്ധിയുടെ തോല്‍വി. 2024ല്‍ തെരഞ്ഞെടുപ്പിലും രാഹുല്‍ രണ്ട് സീറ്റില്‍ മത്സരിച്ചിരുന്നു. റായ്ബറേലിയിലും വയനാട്ടിലും. ഇരു സീറ്റുകളിലും വിജയം നേടിയതോടെ വയനാട് സീറ്റ് ഉപേക്ഷിക്കുകയും. ഉപതെരഞ്ഞെടുപ്പില്‍ രാഹുലിന്റെ സഹോദരി പ്രിയങ്ക ഗാന്ധി വിജയിക്കുകയുമായിരുന്നു.

വരുന്ന തെരഞ്ഞെടുപ്പില്‍ തന്നെ ഇതേ സീറ്റില്‍ (രഘോപൂര്‍) മത്സരിപ്പിക്കാന്‍ പാര്‍ട്ടി നിയോഗിച്ചാല്‍ തേജസ്വി യാദവ് ഓടിപ്പോകുമെന്നും പ്രശാന്ത് കിഷോര്‍ അവകാശപ്പെട്ടു. ‘ഞാന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടോ ഇല്ലയോ എന്നത് ഒരു പ്രശ്‌നമേ അല്ല, പക്ഷേ ഞാന്‍ രഘോപൂരിനെ എന്റെ കര്‍മഭൂമിയായി തെരഞ്ഞെടുത്തിരിക്കുകയാണ്,’ പ്രശാന്ത് കിഷോര്‍ പറഞ്ഞു.

തേജസ്വി യാദവും രാഹുല്‍ ഗാന്ധിയും

മണ്ഡലത്തില്‍ നിന്നും തുടര്‍ച്ചയായി വിട്ടുനില്‍ക്കുകയാണെന്ന് കാണിച്ചുകൊണ്ടായിരുന്നു പ്രശാന്ത് കിഷോര്‍ തേജസ്വി യാദവിനെതിരെ വിമര്‍ശനമുന്നയിച്ചത്.

‘വെള്ളപ്പൊക്കം മൂലം മണ്ഡലത്തിലെ ആളുകള്‍ ദുരിതമനുഭവിച്ചപ്പോള്‍ തേജസ്വി യാദവ് ഗംഗാ നദിക്കരയില്‍ ആരാധകര്‍ക്കൊപ്പം നൃത്തം ചെയ്യുകയായിരുന്നു,’ പ്രശാന്ത് കിഷോര്‍ വിമര്‍ശിച്ചു.

മണ്ഡലത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരെയും സാമൂഹിക പ്രവര്‍ത്തകരെയും പൊതുമണ്ഡലത്തിലെ പ്രമുഖ വ്യക്തിത്വങ്ങളെയും കാണുമെന്നും പറഞ്ഞ പ്രശാന്ത് കിഷോര്‍, ജാതിയുടെ അടിസ്ഥാനത്തില്‍ മാത്രം സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കുന്ന വോട്ടര്‍മാരെ കുറ്റപ്പെടുത്തുകയും ചെയ്തു. ബീഹാറില്‍ വലിയ മാറ്റം കൊണ്ടുവരുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

‘നിങ്ങളുടെ ലോക്കല്‍ എം.എല്‍.എ വളരെ വലിയൊരു മനുഷ്യനാണ്. അദ്ദേഹം രണ്ട് തവണ ഉപമുഖ്യമന്ത്രിയായ ആള്‍ കൂടിയാണ്. എന്നാല്‍ ഒരിക്കലെങ്കിലും അദ്ദേഹം നിങ്ങളുടെ പ്രശ്‌നമെന്തെന്ന് ചോദിച്ചിട്ടുണ്ടോ?’ അദ്ദേഹം ചോദിച്ചു.

രഘോപൂരിലെ തന്റെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ചുള്ള ചോദ്യത്തോട്, അതെല്ലാം ജെ.എസ്.പിയുടെ കേന്ദ്ര കമ്മിറ്റി തീരുമാനിക്കുമെന്നായിരുന്നു പ്രശാന്ത് കിഷോറിന്റെ മറുപടി. മണ്ഡലത്തിലെ സാഹചര്യങ്ങള്‍ വിലയിരുത്തി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുമെന്നും, പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

താന്‍ രഘോപൂരില്‍ മത്സരിക്കാന്‍ തീരുമാനിച്ചാല്‍ തേജസ്വി യാദവിന് മറ്റൊരു സീറ്റില്‍ കൂടി മത്സരിക്കേണ്ടി വരുമെന്നും അദ്ദേഹം പരിഹസിച്ചു.

അതേസമയം, തേജസ്വി യാദവ് ഇത്തവണ രണ്ട് സീറ്റുകളില്‍ മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രഘോപൂരിന് പുറമെ മധുബനിയിലെ ഫുല്‍പരാസ് മണ്ഡലത്തില്‍ നിന്നായിരിക്കും അദ്ദേഹം ജനവിധി തേടുക.

രണ്ട് തവണ തേജസ്വി രഘോപൂരിനെ പ്രതിനിധീകരിച്ച് ബീഹാര്‍ നിയമസഭിയിലെത്തിയിട്ടുണ്ട്. 2015ലും 2020ലും. നേരത്തെ തേജസ്വിയുടെ പിതാവ് ലാലു പ്രസാദ് യാദവും മാതാവ് രാബ്രി ദേവിയും ഈ മണ്ഡലത്തില്‍ നിന്നും വിജയിച്ചവരാണ്.

തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച ഏക പാര്‍ട്ടിയും ജെ.എസ്.പിയാണ്. 51 സ്ഥാനാര്‍ത്ഥികളെ പാര്‍ട്ടി ഇതിനോടകം പ്രഖ്യാപിച്ചു. എന്നാല്‍ രഘോപൂരില്‍ ആരെയും ജി.എസ്.പി ഇനിയും പ്രഖ്യാപിച്ചിട്ടില്ല.

 

Content Highlight: Prashant Kishor says Tejashwi Yadav will lose in Bihar Election