ടര്‍ബോയിലേക്ക് രാജ് ബി. ഷെട്ടിയും; അബദ്ധത്തില്‍ വെളിപ്പെടുത്തി പ്രശാന്ത് അലക്‌സാണ്ടര്‍
Film News
ടര്‍ബോയിലേക്ക് രാജ് ബി. ഷെട്ടിയും; അബദ്ധത്തില്‍ വെളിപ്പെടുത്തി പ്രശാന്ത് അലക്‌സാണ്ടര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 21st November 2023, 9:31 pm

മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ടര്‍ബോ. മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ഇത്.

ചിത്രത്തില്‍ രാജ് ബി. ഷെട്ടിയും ഉണ്ടെന്നാണ് ഏറ്റവും പുതിയ വിവരം. പ്രമേയത്തിലും മേക്കിങ്ങിലും വ്യത്യസ്തത പുലര്‍ത്തുന്ന ചിത്രങ്ങളിലൂടെ കന്നഡയില്‍ തരംഗം തീര്‍ത്ത നായകനാണ് രാജ് ബി. ഷെട്ടി.

നടന്‍ പ്രശാന്ത് അലക്‌സാണ്ടര്‍ കാന്‍ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ ടര്‍ബോയില്‍ രാജ് ബി. ഷെട്ടിയും ഉണ്ടെന്ന കാര്യം അബദ്ധത്തില്‍ വെളിപ്പെടുത്തുകയായിരുന്നു. ജയിലറും ലിയോയും പോലെയുള്ള ഒരു പാന്‍ ഇന്ത്യന്‍ സിനിമയാവും ഇതെന്നും പ്രശാന്ത് അഭിമുഖത്തില്‍ പറയുന്നുണ്ട്.

എന്നാല്‍ രാജ് ബി. ഷെട്ടി സിനിമയുടെ ഭാഗമാകുമെന്ന് ടര്‍ബോയുടെ അണിയറ പ്രവര്‍ത്തകര്‍ ഇതുവരെ ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ല.

‘ടര്‍ബോയുടെ കഥ നടക്കുന്നത് ചെന്നൈയില്‍ ആണ്. ഇത് വലിയ ഒരു സിനിമയാണ്. ഇന്ന് നമ്മള്‍ കാണുന്ന ജയിലറും ലിയോയും പോലെയുള്ള പാന്‍ ഇന്ത്യന്‍ സിനിമ പോലെയാണ് ടര്‍ബോ.

രാജ് ബി. ഷെട്ടി, സുനില്‍ ഇവരെല്ലാം വരുമ്പോള്‍ വലിയ കൊമേഷ്യല്‍ സിനിമകളുടെ അതേ അച്ചില്‍ വാര്‍ക്കപെടുന്ന ഒരു മലയാള സിനിമയാകും ടര്‍ബോ,’ പ്രശാന്ത് അലക്‌സാണ്ടര്‍ പറഞ്ഞു.

പ്രശാന്തും ഈ സിനിമയില്‍ അഭിനയിക്കുന്നുണ്ട്. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയെഴുതിയത് മിഥുന്‍ മാനുവല്‍ തോമസാണ്.

മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് ടര്‍ബോ. ഇത് മൂന്നാം തവണയാണ് മമ്മൂട്ടി വൈശാഖ് കോമ്പോയില്‍ ഒരു സിനിമ വരുന്നത്. ഇതിന് മുമ്പ് ഇരുവരും പോക്കിരിരാജയിലും ചിത്രത്തിന്റെ തന്നെ രണ്ടാം ഭാഗമായ മധുരരാജയിലും ഒന്നിച്ചിരുന്നു.

റോഷാക്ക്, നന്‍പകല്‍ നേരത്ത് മയക്കം, കണ്ണൂര്‍ സ്‌ക്വാഡ് എന്നിവയാണ് മമ്മൂട്ടി കമ്പനി നിര്‍മിച്ച് റിലീസ് ചെയ്ത ചിത്രങ്ങള്‍. ജ്യോതികയും മമ്മൂട്ടിയും പ്രധാന വേഷത്തില്‍ എത്തുന്ന ജിയോ ബേബി ചിത്രം കാതലാണ് മമ്മൂട്ടി കമ്പനിയുടെ നിര്‍മാണത്തില്‍ ഇനി റിലീസ് ചെയ്യാനിരിക്കുന്ന സിനിമ.

Content Highlight: Prashant Alexander Accidentally Revealed, Raj B Shetty Also Joined In Turbo Movie