'ബി.ടി.എസ് മോണ്യുമെന്റ്‌സ്: ബിയോണ്ട് ദ സ്റ്റാര്‍': ഡോക്യുമെന്ററി സീരീസിന്റെ ഡേറ്റ് അനൗണ്‍സ് ചെയ്ത് ഡിസ്നി
Entertainment news
'ബി.ടി.എസ് മോണ്യുമെന്റ്‌സ്: ബിയോണ്ട് ദ സ്റ്റാര്‍': ഡോക്യുമെന്ററി സീരീസിന്റെ ഡേറ്റ് അനൗണ്‍സ് ചെയ്ത് ഡിസ്നി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 21st November 2023, 7:45 pm

കെ-പോപ്പില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ബോയ് ബാന്‍ഡാണ് ബി.ടി.എസ്. മലയാളികള്‍ക്കിടയില്‍ പോലും അവര്‍ക്ക് വലിയ ആരാധകരുണ്ട്.

ഏഴ് അംഗങ്ങളുള്ള ബി.ടി.എസ് നിലവില്‍ വ്യക്തിഗത കരിയര്‍ പിന്തുടരുന്നതിന് വേണ്ടിയുള്ള ഇടവേളയിലാണെങ്കിലും അവരെ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ വളരെ ആകാംക്ഷയോടെയാണ് ആരാധകര്‍ ഏറ്റെടുക്കാറുള്ളത്.

ബി.ടി.എസിനെ സംബന്ധിച്ചുള്ള ഡോക്യുമെന്ററി സീരീസ് വരുമെന്ന് നേരത്തെ തന്നെ പ്രഖ്യാപനമുണ്ടായിരുന്നു. ഇപ്പോള്‍ ഡോക്യുമെന്ററി സീരീസിന്റെ ഡേറ്റ് അനൗണ്‍സ് ചെയ്തിരിക്കുകയാണ് ഡിസ്നി.

ബി.ടി.എസ് അംഗങ്ങളുടെ കഴിഞ്ഞ 10 വര്‍ഷക്കാലത്തെ യാത്രയെ കുറിച്ച് പറയുന്ന ഡോക്യുമെന്ററി സീരീസിന്റെ പോസ്റ്ററും പുറത്തു വന്നു.

ഡിസംബര്‍ 20 മുതല്‍ സീരീസ് ഡിസ്‌നി പ്ലസില്‍ മാത്രമായി പ്രീമിയര്‍ ചെയ്യും. അതിനുശേഷം എല്ലാ ബുധനാഴ്ചയും രണ്ട് പുതിയ എപ്പിസോഡുകള്‍ വീതം റിലീസ് ചെയ്യുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. മൊത്തം എട്ട് എപ്പിസോഡുകളാണ് ഇതില്‍ ഉള്ളത്.

‘ബി.ടി.എസ് മോണ്യുമെന്റ്‌സ്: ബിയോണ്ട് ദ സ്റ്റാര്‍’ എന്ന ഡോക്യുമെന്ററി സീരീസിലൂടെ ബി.ടി.എസിനെ പറ്റി കൂടുതല്‍ അറിയാന്‍ സാധിക്കുമെന്ന സന്തോഷത്തിലാണ് ബി.ടി.എസ് ആര്‍മി.

ബി.ടി.എസ് സ്വന്തമാക്കിയ നേട്ടങ്ങള്‍ക്കൊപ്പം അവര്‍ക്ക് നേരിടേണ്ടി വന്നിട്ടുള്ള വെല്ലുവിളികളെ പറ്റിയും ഇതിലൂടെ പറയാനാണ് ഡോക്യുമെന്ററി ലക്ഷ്യമിടുന്നത്.

പതിനാറു സെക്കന്‍ഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള ചെറിയ വീഡിയോയിലൂടെയാണ് ഡോക്യുമെന്ററി സീരിസിന്റെ ഡേറ്റ് അനൗണ്‍സ് ചെയ്തത്.

ബി.ടി.എസ് അംഗങ്ങളായ ജെ-ഹോപ്പ്, ഷുഗ, വി, ജിമിന്‍, ജിന്‍, ജങ്കുക്ക്, ആര്‍.എം എന്നിവരുടെ അഭിമുഖം ഈ ഡോക്യുമെന്ററി സീരിസില്‍ ഉണ്ടെന്ന് വീഡിയോയിലൂടെ വ്യക്തമാണ്.

Content Highlight: Bts Monuments: Beyond The Star Documentry Series Releasing Date