ആ ഡാൻസ് സണ്ണി ലിയോണിനോടൊപ്പമാണെങ്കിൽ കുഴപ്പമില്ലായെന്ന് അവൾ പറഞ്ഞു: പ്രശാന്ത് അലക്സാണ്ടർ
Entertainment
ആ ഡാൻസ് സണ്ണി ലിയോണിനോടൊപ്പമാണെങ്കിൽ കുഴപ്പമില്ലായെന്ന് അവൾ പറഞ്ഞു: പ്രശാന്ത് അലക്സാണ്ടർ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 21st November 2023, 10:17 pm

ചെറിയ വേഷങ്ങളിലൂടെ കരിയർ ആരംഭിച്ച് നിലവിൽ മലയാളത്തിലെ ശ്രദ്ധേയനായ നടനായി മാറിയ താരമാണ് പ്രശാന്ത് അലക്സാണ്ടർ. വൈശാഖ് ഒരുക്കിയ മമ്മൂട്ടി ചിത്രമായ മധുര രാജയിൽ സണ്ണി ലിയോണിനോടൊപ്പം ‘മോഹ മുന്തിരി’ എന്ന പാട്ടിൽ ഡാൻസ് കളിക്കുന്ന പ്രശാന്തിനെ മലയാളികൾ മറക്കാൻ സാധ്യതയില്ല. ചിത്രത്തിലെ ആ സീനിനെ കുറിച്ച് പറയുകയാണ് പ്രശാന്ത്.

സണ്ണി ലിയോണിനോടൊപ്പം ഡാൻസ് ചെയ്യുന്ന കാര്യം ഞാൻ ഭാര്യയോട് സംസാരിച്ചിരുന്നുവെന്നും എവിടെ ചെല്ലുമ്പോഴും ആ കഥാപാത്രത്തിലൂടെയാണ് ആളുകളെന്നെ കൂടുതൽ തിരിച്ചറിയുന്നതെന്നും പ്രശാന്ത് പറയുന്നു. കാൻചാനൽ മീഡിയയോട് സംസാരിക്കുകയായിരുന്നു പ്രശാന്ത്.

‘മുണ്ടഴിച്ച് ഡാൻസ് കളിക്കണമെന്ന് സ്ക്രിപ്റ്റിൽ ഉണ്ടായിരുന്നു. അഭിനയിക്കുമ്പോൾ ചുറ്റിലുള്ളതൊന്നും നമുക്ക് കാണാൻ പറ്റില്ല. മുണ്ടഴിച്ച് ഡാൻസ് ചെയ്യുന്നത് സ്‌ക്രീനിൽ എങ്ങനെ കാണുമെന്നുള്ളതാണ് ഞാൻ മനസിൽ വിഷ്വലൈസ് ചെയ്യുന്നത്. ആലോചിച്ചപ്പോൾ അതൊരു രസമുള്ള കാഴ്ച്ചയാണ്. അങ്ങനെയാണ് ആ സീൻ ചെയ്തത്.

ഭാര്യയോട് ഞാൻ പറഞ്ഞത്,എടി നീയൊരു കോളേജ് അധ്യാപികയാണ് ഞാൻ ഇങ്ങനെ മുണ്ട് പറിച്ച് സണ്ണി ലിയോണിനോടൊപ്പം ഡാൻസ് കളിച്ചാൽ നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ എന്നായിരുന്നു. സണ്ണി ലിയോണിന്റെ കൂടെയാണെങ്കിൽ കുഴപ്പമൊന്നുമില്ല എന്നാണ് അവൾ പറഞ്ഞത്.

ആ സമയത്ത് റിയലിസ്റ്റിക് സിനിമകളിൽ തമാശ ചെയ്യുന്നവർക്കെ ഒരു റെസ്‌പെക്ട് കിട്ടുന്നുണ്ടായിരുന്നുള്ളു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള ഹ്യൂമർ വേഷങ്ങൾ ചെയ്തിട്ട് ഇനി കാര്യമില്ലായെന്നും അതെല്ലാം കാലഹരണപ്പെട്ടെന്നും ഒരുപാട് ആളുകൾ പറഞ്ഞിരുന്നു.

പക്ഷെ എന്നെ അത്ഭുതപ്പെടുത്തിയ കാര്യം ഞാൻ ഒരുപാട് സ്ഥലത്ത് യാത്ര ചെയ്യുമ്പോൾ ആളുകൾ എന്നെ തിരിച്ചറിയുന്നത് സണ്ണി ലിയോണിനൊപ്പം കളിച്ച ഡാൻസിന്റെ പേരിലാണ്.

എന്നെ തിരിച്ചറിയാൻ പ്രാപ്തമാക്കുന്ന ഒരു കഥാപാത്രമായി അത് മാറി. അതിന്റെ സക്സസ് റേറ്റ് നോക്കിട്ട് കാര്യമില്ല. ഇപ്പോഴും അത്തരത്തിലുള്ള കോമഡികൾ എൻജോയ് ചെയ്യുന്ന വലിയൊരു വിഭാഗം പ്രേക്ഷകരുണ്ട്,’ പ്രശാന്ത് പറയുന്നു

Content Highlight: Prasanth Alexander Talk About Scene With Sunny Leone In Madhura raja Film