തമിഴ് സിനിമ പ്രേമികള്‍ക്ക് പ്രിയങ്കരനായ നടനാണ് പ്രസന്ന വെങ്കിടേശന്‍. ഫൈവ് സ്റ്റാര്‍ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനാകുന്നത്. പൃഥ്വിരാജ് നായകനായ ബ്രദേഴ്സ് ഡേ എന്ന സിനിമയില്‍ വില്ലന്‍ വേഷം അവതരിപ്പിച്ചുകൊണ്ട് പ്രസന്ന മലയാള സിനിമയിലേക്കും ചുവടുറപ്പിച്ചു.
മലയാളം സിനിമയെ കുറിച്ച് സംസാരിക്കുകയാണ് പ്രസന്ന. മലയാളത്തില്‍ നിന്ന് മൂന്നു നാലു തവണ അവസരം വന്നെങ്കിലും അപ്പോഴെല്ലാം തമിഴിലെ തിരക്ക് കാരണം ഓഫര്‍ സ്വീകരിക്കാനായില്ലെന്നും നടന്‍ നരേന്‍ തന്റെ സുഹൃത്താണെന്നും അദ്ദേഹവുമായി സംസാരിച്ച് മലയാളം പഠിച്ചെന്നും പ്രസന്ന പറയുന്നു.
തന്നെ അത്ഭുതപ്പെടുത്തുന്നത് പൃഥ്വിരാജിന്റെ ഇംഗ്ലീഷ് ആണെന്നും ഇന്ത്യന്‍ സിനിമയിലെ ശശി തരൂരാണ് പൃഥ്വിരാജെന്ന് പലപ്പോഴും തോന്നിയിട്ടുണ്ടെന്നും പ്രസന്ന പറഞ്ഞു.
‘മലയാളത്തില്‍ നിന്ന് മൂന്നു നാലു തവണ അവസരം വന്നെങ്കിലും അപ്പോഴെല്ലാം തമിഴിലെ തിരക്ക് കാരണം ഓഫര്‍ സ്വീകരിക്കാനായില്ല. ‘നേര’ത്തിന്റെ സ്‌ക്രിപ്റ്റുമായി അല്‍ഫോന്‍സ് പുത്രന്‍ വന്നിരുന്നു. പക്ഷേ, അന്ന് അല്‍ഫോന്‍സിന് പ്രൊഡ്യൂസറെ കിട്ടിയിരുന്നില്ല.
നടന്‍ നരേന്‍ എന്റെ അടുത്ത സുഹൃത്താണ്. അദ്ദേഹവുമായി സംസാരിച്ച് കുറേ മലയാളം പഠിച്ചു. തെലുങ്കും സംസാരിക്കാനറിയാം, ഹിന്ദിയാണ് ഒരു രക്ഷയുമില്ലാത്തത്. എന്നെ അത്ഭുതപ്പെടുത്തുന്നത് പൃഥ്വിരാജിന്റെ ഇംഗ്ലിഷാണ്. മലയാളത്തിലെ മാത്രമല്ല, ഇന്ത്യന്‍ സിനിമയിലെ ശശി തരൂരാണ് രാജുവെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
ഒരിക്കല്‍ ഖത്തറില്‍ നടന്ന പ്രമോഷന്‍ പരിപാടിയില്‍ രാജുവിന്റെ പ്രസംഗം കേട്ട് സദസിലെ പലരും സ്തംഭിച്ചിരുന്നുപോയി. ‘ഇതിന്റെ ഏറ്റവും ബെസ്റ്റ് എന്‍കാപ്സുലേഷന്‍’ (സാരാംശം) എന്നൊക്കെ പറഞ്ഞു തകര്‍ത്തു പ്രസംഗിക്കുകയാണ് രാജു.
ഞാന്‍ അന്തംവിട്ട് ബ്രദേഴ്സ് ഡേയുടെ സംവിധായകന്‍ ഷാജോണിന്റെ മുഖത്ത് നോക്കിയപ്പോള്‍ ‘ഇതൊക്കെ ചെറുത്’ എന്ന മട്ടില്‍ പ്രത്യേക ഭാവത്തില്‍ ഒരു ജ്ഞാനിയെപ്പോലെ ഇരിക്കുന്നു കക്ഷി. പക്ഷേ ഒന്നുണ്ട്, സ്വാഭാവികമായി വരുന്നതാണ് രാജുവിന്റെ ഇംഗ്ലീഷ്. വായനകൊണ്ടും മറ്റും നേടിയെടുത്തതാണത്,’ പ്രസന്ന പറയുന്നു.