പ്രാണേഷ് പിള്ള- -ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍:പുതിയ വഴിത്തിരിവിലേക്ക്
India
പ്രാണേഷ് പിള്ള- -ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍:പുതിയ വഴിത്തിരിവിലേക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 4th April 2013, 12:35 am

അഹമ്മദാബാദ്: പ്രാണേഷ് പിള്ള -ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഗുജറാത്ത് പോലീസിനൊപ്പം മഹാരാഷ്ട്ര, ജമ്മു കശ്മീര്‍ പോലീസിനും പങ്കുള്ളതായി സി.ബി.ഐ. []

വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട നാലുപേരെ അഹമ്മദാബാദില്‍ എത്തിച്ചത് മൂന്നു സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥര്‍ നടത്തിയ ഗൂഢാലോചനയിലൂടെയാണെന്ന് വ്യക്തമായി.

സംഭവവുമായി ബന്ധപ്പെട്ട് ഇതിനോടകം ഐ.പി.എസ്. ഉദ്യോഗസ്ഥന്‍ ഉള്‍പ്പടെ അഞ്ചു പോലീസുകാരെ അറസ്റ്റു ചെയ്തിട്ടുണ്ട്. ഏറ്റുമുട്ടലിന് നേതൃത്വം നല്‍കിയെന്നു കരുതുന്ന ക്രൈം ബ്രാഞ്ച് മേധാവിയായിരുന്ന ഡി.ജി. വന്‍സാര സൊഹറാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ജയിലിലാണ്.

2004 ജൂണിലാണ് പ്രാണേഷ് പിള്ള അഥവാ ജാവേദ് ശൈഖ്, ഇസ്രത്ത് ജഹാന്‍ എന്നിവര്‍ ഉള്‍പ്പെടെ നാലു പേര്‍ അഹമ്മദാബാദ് ഗാന്ധിനഗര്‍ ഹൈവേയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്.

മറ്റു രണ്ടുപേര്‍ ജിഷന്‍ ജോഹറും , അംജദ് അലി റാണയും പാകിസ്താന്‍ തീവ്രവാദികളാണെന്നാണ് പോലീസ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ വധിക്കാനെത്തിയ സംഘം ക്രൈം ബ്രാഞ്ചുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയായിരുന്നുവെന്നാണ് ആദ്യം പറഞ്ഞിരുന്നത്.

കാറില്‍ നാലു പേരും എത്തിയെന്നാണ് പോലീസ് വെളിപ്പെടുത്തിയിരുന്നത്. എന്നാല്‍ ജിഷന്‍ ജോഹര്‍, അംജദ് അലി എന്നിവരെ കശ്മീരില്‍ നിന്നും പ്രാണേഷ്, ഇസ്രത്ത് എന്നിവരെ മുംബൈയില്‍ നിന്നും പോലീസ് തന്ത്രപൂര്‍വം അഹമ്മദാബാദില്‍ എത്തിച്ചുട്ടുണ്ടാവണമെന്നാണ് സി.ബി.ഐ. വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

മുംബൈയില്‍ കോളജ് വിദ്യാര്‍ഥിനിയായിരുന്ന ഇസ്രത്ത് പ്രാണേഷിന്റെ അക്കൗണ്ടന്റായിരുന്നു. കൊല്ലം നൂറനാട് സ്വദേശിയായ പ്രാണേഷ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മുംബൈയിലെത്തിയതാണ്. മുസ്‌ലിം യുവതിയെ വിവാഹം കഴിക്കാനാണ് മതം മാറി ജാവേദ് ശൈഖ് എന്ന പേരു സ്വീകരിച്ചത്.

കൊല്ലപ്പെടുന്നതിനു മുമ്പ് നാലുപേരെയും താമസിപ്പിച്ചിരുന്നുവെന്നു കരുതുന്ന ഫാം ഹൗസ് അന്വേഷണ സംഘം കഴിഞ്ഞ ദിവസം പരിശോധിച്ചിരുന്നു. പോലീസിന്റെ ഉന്നതതല യോഗത്തിനാണെന്ന് പറഞ്ഞ് വാടകയ്‌ക്കെടുത്ത് സ്ത്രീയെയും മൂന്നു പുരുഷന്മാരെയും ദിവസങ്ങളോളം പാര്‍പ്പിച്ചിരുന്നതായി ഫാം ഹൗസിലെ ജീവനക്കാര്‍ മൊഴി നല്‍കിയിട്ടുണ്ട്.