പേടിക്കാൻ റെഡിയാണോ? പ്രണവിന്റെ ചിത്രത്തിന് 'എ' സർട്ടിഫിക്കറ്റ്
Malayalam Cinema
പേടിക്കാൻ റെഡിയാണോ? പ്രണവിന്റെ ചിത്രത്തിന് 'എ' സർട്ടിഫിക്കറ്റ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 16th October 2025, 11:07 pm

സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഡീയസ് ഈറേ. ഭ്രമയുഗത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രം അനൗൺസ്മെന്റ് മുതൽ പ്രേക്ഷകരുടെ ശ്രദ്ധ സ്വന്തമാക്കിയിരുന്നു.

മലയാളത്തിൽ ഇതുവരെ വന്നതിൽ വെച്ച് ഗംഭീര ഹൊറർ ത്രില്ലറാകും ഡീയസ് ഈറേയെന്നാണ് കരുതുന്നത്. ഇപ്പോഴിതാ റിലീസിന് തയ്യാറെടുക്കുന്നതിനിടെ ഡീയസ് ഈറേയുടെ സെൻസർ വിവരങ്ങളും പുറത്ത് വന്നിരിക്കുകയാണ്. A സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ ഓരോ അപ്ഡേറ്റിലും ചിത്രത്തിന്റെ ക്വാളിറ്റി ഒട്ടും കുറയാതെ മുന്നോട്ട് കൊണ്ടുപോകാൻ അണിയറപ്രവർത്തകർക്ക് സാധിച്ചിരുന്നു. പുറത്ത് വന്ന ട്രെയ്‌ലറും പോസ്റ്ററുകളും ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിക്കുന്നതായിരുന്നു. ‘ക്രോധത്തിന്റെ ദിനം’ എന്നർത്ഥം വരുന്ന ‘ദി ജേ ഓഫ് റാത്ത്’ എന്നതാണ് ചിത്രത്തിന്റെ ടൈറ്റിൽ ടാഗ്‌ലൈൻ.

ഹാലോവീൻ ദിനമായ ഒക്ടോബർ 31നാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. 33 ദിവസമെടുത്താണ് ചിത്രത്തിന്റെ ഷൂട്ട് പൂർത്തിയാക്കിയത്. വടകര, തിരുവനന്തപുരം എന്നീ സ്ഥലങ്ങളായിരുന്നു പ്രധാന ലൊക്കേഷനുകൾ.

ഭ്രമയുഗം സിനിമയുടെ വിജയത്തിന് ശേഷം രാഹുൽ സദാശിവൻ – നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ടീം ഒന്നിക്കുന്ന ചിത്രമാണ് ഡീയസ് ഈറേ. ഭ്രമയുഗത്തിൽ പ്രവർത്തിച്ച അതേ ക്രൂ തന്നെയാണ് ഡീയസ് ഈറേയുടേയും. ഷഹ്നാദ് ജലാലിന്റെ ഛായാഗ്രഹണവും ക്രിസ്റ്റോ സേവ്യറിന്റെ സംഗീതവും ജ്യോതിഷ് ശങ്കറിന്റെ പ്രൊഡക്ഷൻ ഡിസൈനുമെല്ലാമാണ് ചിത്രത്തെ കൂടുതൽ മികച്ചതാക്കുന്നത്.

Content Highlight:  Pranav’s film Dies Irae gets ‘A’ certificate