പ്രണവ് മോഹന്‍ലാല്‍ നായകനായ ഡീയസ് ഈറേ ബോക്‌സ് ഓഫീസ് കളക്ഷനില്‍ കുതിക്കുകയാണ്. ഇതിനോടകം 50 കോടിയാണ് ചിത്രം ആഗോളതലത്തില്‍ സ്വന്തമാക്കിയത്. റിലീസ് ചെയ്ത് ഏഴ് ദിവസം കൊണ്ടാണ് ഡീയസ് ഈറേ ഈ എലീറ്റ് ലിസ്റ്റില്‍ ഇടംപിടിച്ചത്. പ്രണവിന്റെ കരിയറിലെ മൂന്നാമത്തെ 50 കോടി ചിത്രമാണ് ഡീയസ് ഈറേ.
ഈ 50 കോടി നേട്ടത്തോടെ കേരള ബോക്‌സ് ഓഫീസില്‍ മറ്റൊരു ചരിത്രം കൂടി പ്രണവ് രചിച്ചിരിക്കുകയാണ്. ഹാട്രിക് 50 കോടി നേടുന്ന രണ്ടാമത്തെ മലയാള താരമാണ് പ്രണവ്. വിനീത് ശ്രീനിവാസനുമായി ഒന്നിച്ച ഹൃദയം, വര്‍ഷങ്ങള്‍ക്ക് ശേഷം എന്നീ സിനിമകള്‍ ബോക്‌സ് ഓഫീസില്‍ നിന്ന് 50 കോടി നേടിയിരുന്നു. ഇപ്പോഴിതാ ഡീയസ് ഈറേയും ലിസ്റ്റില്‍ ഇടംപിടിച്ചിരിക്കുകയാണ്.
എന്നാല്‍ പ്രണവിന് മുമ്പ് മറ്റൊരു മലയാള നടനും ഹാട്രിക് 50 കോടി നേടിയിരുന്നു. മോളിവുഡിലെ റെക്കോഡ് മേക്കറും റെക്കോഡ് ബ്രേക്കറുമായ മോഹന്‍ലാലാണ് ഹാട്രിക് 50 കോടി സ്വന്തമാക്കിയത്. ഈ വര്‍ഷമിറങ്ങിയ മൂന്ന് സിനിമകളും 50 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയാണ് മോഹന്‍ലാല്‍ ചരിത്രമെഴുതിയത്. അതില്‍ ഒരു ഇന്‍ഡസ്ട്രിയല്‍ ഹിറ്റും ഉള്‍പ്പെടുന്നുണ്ട്.
എമ്പുരാന്‍ 260 കോടി നേടി ഇന്‍ഡസ്ട്രിയിലെ ഹൈയസ്റ്റ് ഗ്രോസറായപ്പോള്‍ പിന്നാലെയെത്തിയ തുടരും കേരളത്തില്‍ നിന്ന് മാത്രം 100 കോടി നേടി ഇന്‍ഡസ്ട്രിയില്‍ ഹിറ്റായി മാറി. ഈ രണ്ട് സിനിമകളുടെയും വിജയം ഹൃദയപൂര്‍വത്തിലൂടെയും ആവര്‍ത്തിച്ചു. വെറുമൊരു ഫാമിലി സിനിമയിലൂടെ മാത്രം 75 കോടിയാണ് മോഹന്‍ലാല്‍ സ്വന്തമാക്കിയത്.
അച്ഛന്റെ വഴിയെ മകനും ഇപ്പോള്‍ ഇന്‍ഡസ്ട്രിയില്‍ ചരിത്രമെഴുതിയിരിക്കുകയാണ്. വര്‍ഷത്തില്‍ ഒരു സിനിമ എന്ന നിലയില്‍ കരിയര്‍ മുന്നോട്ടു കൊണ്ടുപോകുന്ന പ്രണവ് ഓരോ സിനിമയിലും ഞെട്ടിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷത്തിലെ പ്രകടനത്തിന്റെ പേരില്‍ വിമര്‍ശനം നേരിട്ട പ്രണവ് ഡീയസ് ഈറേയിലൂടെ മികച്ച നടനാണെന്ന് തെളിയിച്ചു.
ഭ്രമയുഗത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഡീയസ് ഈറേ. മുന്‍ ചിത്രങ്ങളെപ്പോലെ ഹൊറര്‍ ഴോണറില്‍ തന്നെയാണ് രാഹുല്‍ ഈ ചിത്രം ഒരുക്കിയത്. നിരൂപക പ്രശംസക്കൊപ്പം ബോക്‌സ് ഓഫീസിലും വിജയം നേടിയ ഡീയസ് ഈറേ 100 കോടി ക്ലബ്ബില്‍ ഇടം നേടുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്.
Content Highlight: Pranav Mohanlal registers his hat trick 50 crore after Mohanlal