എന്റെ 60 സെക്കന്റ് പരസ്യത്തില്‍ നിന്നാണ് ആ ലിജോ പെല്ലിശ്ശേരി ചിത്രം ഉണ്ടാകുന്നത്: പ്രകാശ് വര്‍മ
Entertainment
എന്റെ 60 സെക്കന്റ് പരസ്യത്തില്‍ നിന്നാണ് ആ ലിജോ പെല്ലിശ്ശേരി ചിത്രം ഉണ്ടാകുന്നത്: പ്രകാശ് വര്‍മ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 10th May 2025, 9:31 am

തിയേറ്ററില്‍ നിറഞ്ഞോടുകയാണ് മോഹന്‍ലാല്‍ നായകനായ തുടരും. ചിത്രത്തില്‍ എല്ലാവരെയും ഞെട്ടിച്ച പ്രകടനമായിരുന്നു വില്ലനായെത്തിയ പ്രകാശ് വര്‍മയുടേത്. വോഡഫോണ്‍ സൂസൂ, ദുബായ് ടൂറിസം, മഹീന്ദ്ര ഥാര്‍ തുടങ്ങിയ പരസ്യചിത്രങ്ങളൊരുക്കിയ സംവിധായകനാണ് പ്രകാശ് വര്‍മ. ആദ്യമായി അഭിനയിച്ച ചിത്രത്തില്‍ തന്നെ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ പ്രകാശ് വര്‍മക്ക് സാധിച്ചു. ജോര്‍ജ് മാത്തന്‍ എന്ന പൊലീസുകാരനായിട്ടായിരുന്നു അദ്ദേഹമെത്തിയത്.

ആളുകളുടെ അറ്റെന്‍ഷന്‍ സ്പാന്‍ കുറയുന്നു എന്ന് പറയുന്നത് ഒരു കെട്ടുകഥയാണെന്ന് പ്രകാശ് വര്‍മ പറയുന്നു. നല്ല രീതിയില്‍ കഥ പറയുകയാണെങ്കില്‍ എത്രനേരം വേണമെങ്കിലും ആളുകള്‍ കണ്ടുകൊണ്ടിരിക്കുമെന്ന് പ്രകാശ് വര്‍മ പറഞ്ഞു.

അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കമെന്നും 60 സെക്കന്‍ഡില്‍ താന്‍ ചെയ്ത പരസ്യത്തിലെ തമാശ രൂപത്തില്‍ പറഞ്ഞ പുനര്‍ജന്മം എന്നതിലെ എലമെന്റ് രണ്ട് രണ്ടര മണിക്കൂര്‍ സിനിമയാക്കി എടുത്തത് അത്ഭുതപ്പെടുത്തുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു പ്രകാശ് വര്‍മ.

‘ഞാന്‍ മാതൃഭൂമിയുടെ ‘ക’ ഫെസ്റ്റിന് പോയിരുന്നു. അവിടെ എന്നോട് ഒരു ചോദ്യം ചോദിച്ചു. ആളുകളുടെ അറ്റെന്‍ഷന്‍ സ്പാനിനെ സംബന്ധിച്ച ഒരു ചോദ്യമായിരുന്നു. അത് കുറയുന്നുണ്ടോ എന്ന രീതിയില്‍. അതിന് ഞാന്‍ പറഞ്ഞൊരു ഉത്തരം അറ്റെന്‍ഷന്‍  സ്പാന്‍ കുറയുന്നു എന്ന് പറയുന്നത് ഒരു കെട്ടുകഥയാണെന്നാണ്.

എന്ത് കമ്മ്യൂണിക്കേഷന്‍ ആയാലും, അതിപ്പോള്‍ ഡോക്യുമെന്ററി ആയാലും സീരീസ് ആയാലും സിനിമയായാലും ഒരു കഥ വളരെ ഇന്‍ട്രെസ്റ്റിങ്ങായി പറയാന്‍ കഴിഞ്ഞാല്‍ അതിന്റെ ദൈര്‍ഘ്യം ഒരു പ്രശനമേ അല്ല. അങ്ങനെ പറയുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാലും കൃത്യമായി പറയാന്‍ കഴിഞ്ഞാല്‍ ആളുകള്‍ അതിന്റെ സമയത്തെ കുറിച്ച് വ്യാകുലപ്പെടില്ല.

എത്രയോ ആളുകള്‍ ഇന്‍സ്റ്റിങ് ആയിട്ടുള്ള കാര്യങ്ങള്‍ ഒറ്റയിരുന്നിപ്പിന് കാണുന്നു, ഇന്നത്തെ കാലത്ത് എന്തോരം സിനിമകളുടെ രണ്ടാം ഭാഗവും മൂന്നാം ഭാഗവും ഇറങ്ങുന്നു, അതിന്റെയൊക്കെ ദൈര്‍ഘ്യം മൂന്നും മൂന്നര മണിക്കൂറല്ലേ, അതുകൊണ്ടുതന്നെ ആളുകളുടെ അറ്റെന്‍ഷന്‍ സ്പാന്‍ കുറയുന്നു എന്ന് പറയുന്നത് ഒരു മിത്ത് തന്നെയല്ലേ.

അതിന്റെ ഒരു പ്രൈം എക്സാംപിള്‍ ആണ് നന്‍പകല്‍ നേരത്ത് മയക്കം. ഞാന്‍ 60 സെക്കന്‍ഡില്‍ ചെയ്ത പരസ്യത്തിലെ തമാശ രൂപത്തില്‍ പറഞ്ഞ പുനര്‍ജന്മം എന്നതിലെ എലമെന്റ് രണ്ട് രണ്ടര മണിക്കൂര്‍ സിനിമയാക്കി എടുത്തത് അത്ഭുതപ്പെടുത്തുന്നതാണ്. ഞാന്‍ ചിന്തിക്കുക പോലും ചെയ്യാതിരുന്ന മേഖലയിലെല്ലാം കുറച്ചുകൂടി കണ്ണുതുറപ്പിക്കാമായിരുന്നു എന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് ലിജോ ആ സിനിമ ചെയ്തത്. ഞാന്‍ ഇക്കാര്യം ലിജോയെ വിളിച്ച് പറയുകയും ചെയ്തിട്ടുണ്ട്,’ പ്രകാശ് വര്‍മ പറയുന്നു.

Content Highlight: Praksh Varma Talks About Nanpakal Nerathu Mayakkam Movie