തിയേറ്ററില്‍ മികച്ച അഭിപ്രായം നേടിയ ചിത്രമാണ് മോഹന്‍ലാല്‍ നായകനായ തുടരും. ചിത്രത്തില്‍ എല്ലാവരെയും ഞെട്ടിച്ച പ്രകടനമായിരുന്നു വില്ലനായെത്തിയ പ്രകാശ് വര്‍മയുടേത്. വോഡഫോണ്‍ സൂസൂ, ദുബായ് ടൂറിസം, മഹീന്ദ്ര ഥാര്‍ തുടങ്ങിയ പരസ്യചിത്രങ്ങളൊരുക്കിയ സംവിധായകനാണ് പ്രകാശ് വര്‍മ.
അന്നും ഇന്നും എപ്പോഴും തനിക്ക് സിനിമ മോഹം ഉണ്ടെന്ന് പ്രകാശ് വര്‍മ പറയുന്നു. ചെറുപ്പം മുതല്‍ താന്‍ പറയുന്നത് ആളുകള്‍ ശ്രദ്ധിച്ച് കേള്‍ക്കുമായിരുന്നുവെന്നും അപ്പോള്‍ തനിക്ക് ഈ പണി പറ്റുമെന്ന് തോന്നിയിട്ടുണ്ടെന്നും പ്രകാശ് വര്‍മ പറഞ്ഞു. സിനിമയില്‍ അസ്സിസ്റ്റന്റാകാന്‍ താന്‍ പലരോടും അവസരം ചോദിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പ്രകാശ് വര്‍മ.
‘അന്നും ഇന്നും എപ്പോഴും എനിക്ക് സിനിമ മോഹം തന്നെയാണ്. അതിപ്പോള്‍ ചെറുപ്പം മുതല്‍ നമ്മള്‍ ഒരു കള്ളം പറയുന്നതായാലോ, ആരെയെങ്കിലും പറ്റിക്കുന്നതായാലും നമ്മള്‍ പറയുന്നത് മറ്റൊരാള്‍ കേട്ടുകൊണ്ടിരിക്കുമ്പോള്‍, കൊള്ളാലോ..ഈ പണി നമുക്ക് പറ്റുന്നതാണല്ലോ എന്ന് തോന്നിയിട്ടുണ്ട്.
ഞാന്‍ ഒരിക്കലും അഭിനയിക്കാന്‍ അവസരം ചോദിച്ച് പോയിട്ടില്ല. സഹ സംവിധായകനാകാന്‍ പലരുടെ അടുത്തും അവസരം ചോദിച്ച് പോയിച്ചിട്ടുണ്ട്. അങ്ങനെ ചില സിനിമകളിലെല്ലാം സഹ സംവിധായകനായും അസിസ്റ്റന്റായും എല്ലാം ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
എന്നാല്‍ ഒരു സിനിമ കഴിഞ്ഞാല്‍ അടുത്ത സിനിമ എന്നത് വളരെ ദൈര്‍ഘ്യമുള്ള കാര്യമാണ്. ഞാന്‍ ആണെങ്കില്‍ വളരെ ചെറിയ പ്രായവും. ആ സമയം കളയേണ്ടെന്ന് കരുതിയാണ് ഞാന്‍ വി.കെ. പ്രകാശിന്റെ കൂടെ അസിസ്റ്റന്റായി പരസ്യ മേഖലയിലേക്ക് ഇറങ്ങുന്നത്. ജീവിതത്തില്‍ ചില കാര്യങ്ങള്‍ നമ്മള്‍ വിചാരിക്കുന്നത് പോലെയല്ല നടക്കുന്നത്.
എന്നാലും എനിക്ക് ഏറ്റവും സന്തോഷമുള്ള കാര്യം ഞാന്‍ ഇപ്പോഴും കഥ പറയുകയാണ്. അത് സിനിമയിലല്ലെങ്കിലും പരസ്യത്തിലൂടെ നടക്കുന്നുണ്ട്. അതേ മേഖലയില്‍ തന്നെയാണ്,’ പ്രകാശ് വര്‍മ പറയുന്നു.