കഴിഞ്ഞ മാസമായിരുന്നു പ്രകാശ് വര്‍മയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ച വിന്‍സ്‌മെറ എന്ന ജ്വല്ലറിയുടെ പരസ്യം പുറത്തുവന്നത്. ഇതുവരെയും എക്‌സ്‌പ്ലോര്‍ ചെയ്തിട്ടില്ലാത്ത മോഹന്‍ലാലിലെ സ്ത്രൈണതയെ ആഭരണവുമായി സമന്വയിപ്പിച്ച് അവതരിപ്പിച്ചപ്പോള്‍ ലഭിച്ചത് മനോഹരമായ ഒരു പരസ്യ ചിത്രമായിരുന്നു. ‘ആരും കൊതിച്ചുപോകും’ എന്ന ടാഗ് ലൈനില്‍ എത്തിയ പരസ്യത്തില്‍ മോഹന്‍ലാലിനൊപ്പം പ്രകാശ് വര്‍മയും അഭിനയിച്ചിരുന്നു.
മോഹന്‍ലാല്‍ ആഭരണങ്ങള്‍ ധരിച്ച് കണ്ണാടിയില്‍ നോക്കി സ്‌ത്രൈണ ഭാവത്തില്‍ ചുവടുവെയ്ക്കുന്നതാണ് പരസ്യത്തിലെ ഏറ്റവും ശ്രദ്ധേയമായ ഭാഗം. എന്നാല്‍ പരസ്യം പുറത്തുവന്നതിന് പിന്നാലെ മോഹന്‍ലാലും പ്രകാശ് വര്‍മയും പരസ്യവും ട്രോളുകളില്‍ നിറഞ്ഞിരുന്നു. മോഹന്‍ലാലിനെതിരെ വ്യക്തി അധിക്ഷേപം വരെ ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ഈ പരസ്യത്തെ കുറിച്ച് സംസാരിക്കുകയാണ് പ്രകാശ് വര്‍മ.
സമയക്കുറവാണ് ഇത്തരം ഒരു ആശയത്തിലേക്ക് എത്താന്‍ കാരണമായതെന്ന് പ്രകാശ് വര്‍മ പറഞ്ഞു. വ്യത്യസ്തമായ ആശയം വേണമെന്നും ഒരു ബ്രാന്‍ഡിന്റെ ലോഞ്ച് ആയതുകൊണ്ടുതന്നെ ഗംഭീരമാകണമെന്നും ക്ലയിന്റ് പറഞ്ഞെന്ന് അദ്ദേഹം പറയുന്നു. സമയം വരെ കുറവായിരുന്നുവെന്നും ഐഡിയ രൂപീകരിക്കുന്നത് മുതല്‍ ഷൂട്ട് ചെയ്യുന്നത് വരെ എല്ലാം പന്ത്രണ്ട് ദിവസത്തിനുള്ളതില്‍ നടന്നതാണെന്നും പ്രകാശ് വര്‍മ കൂട്ടിച്ചേര്‍ത്തു.
‘സാധാരണയായി ഇത്ര വേഗത്തില്‍ ചെയ്യേണ്ട ഒരു പരസ്യമൊന്നും ഞാന്‍ ഏറ്റെടുക്കാറില്ല. എന്നാലും ലാലേട്ടനോടൊപ്പം പ്രവര്‍ത്തിക്കാന്‍ എനിക്ക് ആഗ്രഹമുള്ളതുകൊണ്ട് ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ആഭരണം സ്ത്രീകള്‍ക്ക് മാത്രമാണ് ആസ്വദിക്കാന്‍ കഴിയുക എന്ന സങ്കല്‍പ്പത്തെ തച്ചുടക്കാന്‍ ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നു. ലാലേട്ടനാണ് ആ ജ്വല്ലറിയുടെ ബ്രാന്‍ഡ് അംബാസിഡര്‍. സാധാരണ ഒരു സെലിബ്രിറ്റി വന്ന് ആ ബ്രാന്‍ഡിനെ കുറിച്ച് സംസാരിക്കുന്നതിന് പകരം സെലിബ്രിറ്റി തന്നെ അത് ധരിച്ച് ആസ്വദിക്കുന്നത് കാണിച്ചാല്‍ നല്ലതായിരിക്കുമെന്ന് തോന്നി.’ പ്രകാശ് വര്‍മ പറഞ്ഞു.
പരസ്യത്തിന്റെ ആശയം കേട്ടപ്പോള്‍ തന്നെ മോഹന്‍ലാലിന് ഇഷ്ടപെട്ടെന്നും അത് തനിക്കും ആവേശം നല്‍കിയെന്നും പ്രകാശ് വര്‍മ പറയുന്നു. സാധാരണയായി ഒരു പരസ്യചിത്രം അങ്ങനെ ചര്‍ച്ചയാകാറില്ലെന്നും അപൂര്‍വങ്ങളില്‍ അപൂര്‍വമായി നടന്നതാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.