ഈ വർഷത്തെ ഏറ്റവും വലിയ വിജയമായ ചിത്രമാണ് മോഹൻലാൽ നായകനായെത്തിയ തുടരും. ചിത്രത്തിൽ എല്ലാവരെയും ഞെട്ടിച്ച പ്രകടനമായിരുന്നു വില്ലനായെത്തിയ പ്രകാശ് വർമയുടേത്. വോഡഫോൺ സൂസൂ, ദുബായ് ടൂറിസം, മഹീന്ദ്ര ഥാർ തുടങ്ങിയ പരസ്യചിത്രങ്ങളൊരുക്കിയ സംവിധായകനാണ് പ്രകാശ് വർമ. ജോർജ് മാത്തൻ എന്ന പൊലീസുകാരനായിട്ടായിരുന്നു അദ്ദേഹമെത്തിയത്.
തുടരും സിനിമക്ക് ശേഷം തന്റെ അമ്മ പോലും തന്നെ വിളിക്കുന്നത് ജോർജ് സാർ എന്നാണെന്നും ജോർജ് സാറിൽ നിന്നും പുറത്തിറങ്ങാൻ സമയമായെന്നും പ്രകാശ് വർമ പറയുന്നു. ഇനി പെട്ടെന്നൊന്നും നെഗറ്റീവ് കഥാപാത്രങ്ങൾ ചെയ്യില്ലെന്നും പ്രകാശ് വർമ പറഞ്ഞു. മനോരമ കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇനി പെട്ടന്ന് തന്നെ നെഗറ്റീവ് കഥാപാത്രം ചെയ്യുന്നതിനോട് താത്പര്യമില്ല. എന്ത് കഥാപാത്രമാണ് ഇനി ചെയ്യാൻ പോകുന്നതെന്ന് എന്നെ സമീപിക്കുന്ന സംവിധായകരെ അടിസ്ഥാനമാക്കിയായിരിക്കും. എന്നെ എക്സൈറ്റ് ചെയ്യിപ്പിക്കുന്ന ഒരു കഥ വന്നുകഴിഞ്ഞാൽ അത് നെഗറ്റീവ് ആണോ പോസിറ്റീവ് ആണോ എന്നൊന്നും നോക്കില്ല. പക്ഷെ അടുത്തൊന്നും ഒരു നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിക്കാൻ എനിക്ക് താത്പര്യമില്ല,’ പ്രകാശ് വർമ പറയുന്നു.
തുടരുമിന് ശേഷം ഇപ്പോൾ സ്വന്തമായി ഒരു ചിത്രം അണിയിച്ചൊരുക്കാനുള്ള പണിപ്പുരയിലാണ് പ്രകാശ് വർമ. എന്നാൽ ആരാണ് നായകനെന്നോ എപ്പോഴാണ് നടക്കുകയെന്നോ എന്നും തീരുമാനിച്ചിട്ടില്ലെന്നും പ്രകാശ് വർമ കൂട്ടിച്ചേർത്തു.
‘ആരാണ് നായകൻ എന്നൊന്നും തീരുമാനിച്ചിട്ടില്ല. സിനിമയായതുകൊണ്ടുതന്നെ എപ്പോഴാണ് എന്താണ് സംഭവിക്കുക എന്നൊന്നും അറിയില്ല. അങ്ങനെ ഒന്ന് സംഭവിക്കട്ടെ. കഥയാണ് പ്രധാനം, സമയം എടുക്കും.
ഒരു പരസ്യ ചിത്ര സംവിധായകൻ എന്ന നിലയിൽ ഞാൻ ഒരു സിനിമയിൽ അഭിനയിച്ചു. ആ സിനിമക്ക് ശേഷം ഞാൻ ചെയ്ത പരസ്യങ്ങൾ ആളുകൾ വീണ്ടും വീണ്ടും കാണുന്നുണ്ട്. ഒരു പരസ്യ ചിത്രത്തിന് ആളുകളുടെ ഇടയിൽ അധികം സമയം നിലനിൽപ്പില്ല. എന്നാൽ ഇപ്പോഴും എന്റെ പരസ്യങ്ങൾ ആളുകൾ വീണ്ടും വീണ്ടും പോയി കാണുമ്പോൾ സന്തോഷം,’ പ്രകാശ് വർമ പറഞ്ഞു.
Content Highlight: Prakash Varma Talks About His Next Film