തുടരും സിനിമ കണ്ട ആരും തന്നെ സി.ഐ ജോര്‍ജ് സാറിനെ മറന്നിട്ടുണ്ടാകില്ല. സിനിമയില്‍ മോഹന്‍ലാലിന്റെ കഥാപാത്രമായ ഷണ്മുഖത്തെ വിറപ്പിച്ച വില്ലന്‍ കഥാപാത്രമാണ് സി.ഐ ജോര്‍ജ് എന്ന പ്രകാശ് വര്‍മ. ഒറ്റ സിനിമ കൊണ്ട് തന്നെ സിനിമയിലെ വില്ലന്‍ കഥാപാത്രങ്ങളിലേക്ക് നിര്‍ണായകമായൊരു ചുവടുവെപ്പ് നടത്തിയിരിക്കുകയാണ് അദ്ദേഹം.
പുനരധിവാസം എന്ന സിനിമയില്‍ ഒരു പാസിങ് ഷോട്ടില്‍കൂടെ പ്രകാശ് വര്‍മ കടന്നു പോകുന്നുണ്ട് എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു. ഇതിനോട് പ്രതികരിക്കുകയാണ് ഇപ്പോള്‍ പ്രകാശ് വര്‍മ.
വി.കെ പ്രകാശിന്റെ പുനരധിവാസം എന്ന സിനിമയുടെ സഹസംവിധായകനായിരുന്നു താനെന്നും സിനിമയുടെ പാസിങ് ഷോട്ടില്‍ കണ്ടത് താനാണെന്നും പ്രകാശ് വര്‍മ പറയുന്നു. അത്രയും പഴയ സിനിമയുടെ ഒരു ക്ലിപ്പ് എങ്ങനെ കിട്ടിയെന്ന് ഓര്‍ത്ത് താന്‍ അത്ഭുതപ്പെട്ടുവെന്നും അത് ആര് കണ്ടുപിടിച്ചതാണെങ്കിലും ആ ആളുടെ കഴിവ് സമ്മതിക്കാതിരിക്കാന്‍ പറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാതൃഭൂമിയോട് സംസാരിക്കുകയായിരുന്നു പ്രകാശ് വര്‍മ.
‘പറഞ്ഞത് ശരിയായിരുന്നു. ഇത്രയും പഴയ സിനിമയുടെ ആ ക്ലിപ് എടുത്തു എന്നത് എന്നെ അത്ഭുതപ്പെടുത്തി. അത്രയും പഴയ സിനിമയുടെ ആ ഒരു ക്ലിപ് എടുത്തത് ആര് തന്നെയാണെങ്കിലും അത് അവരുടെ കഴിവ് തന്നെയാണ്. സമ്മതിക്കാതിരിക്കാന്‍ പറ്റില്ല. വി.കെ പ്രകാശിന്റെ ആ സിനിമയില്‍ ഞാന്‍ സഹ സംവിധായകനായിരുന്നു,’ പ്രകാശ് വര്‍മ പറയുന്നു.
വി.കെ. പ്രകാശ് സംവിധാനം ചെയ്ത് 2000ല്‍ പുറത്തിറങ്ങിയ സിനിമയാണ് പുനരധിവാസം. മികച്ച കഥ, ഗാനരചന, നവാഗത സംവിധായകന്‍ എന്നിങ്ങനെ കേരള സംസ്ഥാന ചലച്ചിത്രപുരസ്‌കാരം നേടിയ ചിത്രം മികച്ച മലയാള ചലച്ചിത്രത്തിനുള്ള ദേശീയപുരസ്‌കാരത്തിനും അര്‍ഹമായി.
Content Highlight: Prakash varma says that he was assistant director of the film punaradhivasam