ഷാരൂഖ് ഖാനെ സാധാരണക്കാരുടെ ഇടയിലേക്ക് ഇറക്കിവിട്ട് ഷൂട്ട് ചെയ്ത പരസ്യം, എല്ലാവരുടെയും നാച്ചുറല്‍ റിയാക്ഷന്‍ വേണമെന്ന് നിര്‍ബന്ധമായിരുന്നു: പ്രകാശ് വര്‍മ
Entertainment
ഷാരൂഖ് ഖാനെ സാധാരണക്കാരുടെ ഇടയിലേക്ക് ഇറക്കിവിട്ട് ഷൂട്ട് ചെയ്ത പരസ്യം, എല്ലാവരുടെയും നാച്ചുറല്‍ റിയാക്ഷന്‍ വേണമെന്ന് നിര്‍ബന്ധമായിരുന്നു: പ്രകാശ് വര്‍മ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 2nd May 2025, 8:48 am

തിയേറ്ററുകള്‍ ജനസാഗരം തീര്‍ത്ത് മുന്നേറുന്ന ചിത്രമാണ് തുടരും. മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രം ഇതിനോടകം ബോക്‌സ് ഓഫീസില്‍ നിന്ന് 100 കോടിക്കുമുകളില്‍ കളക്ഷന്‍ നേടിക്കഴിഞ്ഞു. ഈ വര്‍ഷത്തെ രണ്ടാമത്തെ 100 കോടി ചിത്രം കൂടിയാണ് തുടരും. ചിത്രത്തില്‍ എല്ലാവരെയും ഞെട്ടിച്ച പെര്‍ഫോമന്‍സായിരുന്നു വില്ലനായി വേഷമിട്ട പ്രകാശ് വര്‍മയുടേത്.

നിരവധി പരസ്യ ചിത്രങ്ങളൊരുക്കിയ പ്രകാശ് വര്‍മ ആദ്യമായി അഭിനയിച്ച സിനിമ കൂടിയാണ് തുടരും. പുതുമുഖ നടന്റെ യാതൊരു പതര്‍ച്ചയുമില്ലാതെ മോഹന്‍ലാലിനൊപ്പം കട്ടക്ക് പിടിച്ചുനിന്ന വില്ലന്‍ കൂടിയായിരുന്നു പ്രകാശ് വര്‍മയുടെ ജോര്‍ജ് മാത്തന്‍. പഗ്ഗ് നായക്കുട്ടികളെ ട്രെന്‍ഡാക്കിയ ഹച്ച് മൊബൈല്‍ നെറ്റ്‌വര്‍ക്ക്, വോഡഫോണ്‍ സൂസൂ എന്നീ പരസ്യങ്ങള്‍ പ്രകാശ് വര്‍മ അണിയിച്ചൊരുക്കിയ പരസ്യങ്ങളായിരുന്നു.

ഷാരൂഖ് ഖാനെ വെച്ച് ദുബായ് ടൂറിസത്തിന് വേണ്ടി പ്രകാശ് വര്‍മ ഒരുക്കിയ പരസ്യം വലിയ ചര്‍ച്ചയായിരുന്നു. ടൂറിസ്റ്റുകളുടെ ഇടയിലേക്ക് ഷാരൂഖ് അപ്രതീക്ഷിതമായി കടന്നുവന്ന പരസ്യം വളരെ വ്യത്യസ്തമായിരുന്നു. ആ പരസ്യത്തെക്കുറിച്ച് സംസാരിക്കുകയാണ് പ്രകാശ് വര്‍മ. ഷാരൂഖ് ഖാനെ ക്രൗഡിന്റെ ഇടയിലേക്ക് കടത്തിവിട്ടാല്‍ എങ്ങനെയുണ്ടാകുമെന്ന ചിന്തയാണ് ആ പരസ്യത്തിന്റെ പിന്നിലെന്ന് പ്രകാശ് വര്‍മ പറഞ്ഞു.

കാണുമ്പോള്‍ സ്‌റ്റേജ്ഡ് ആയി ചിലര്‍ക്ക് തോന്നുമെങ്കിലും നൂറ് ശതമാനം നാച്ചുറല്‍ റിയാക്ഷനാണ് ആ പരസ്യങ്ങളിലുടനീളമെന്നും പ്രകാശ് വര്‍മ കൂട്ടിച്ചേര്‍ത്തു. ഫ്‌ളൈറ്റില്‍ ആളുകളുടെ ഇടയിലേക്ക് ഷാരൂഖ് കടന്നുവരുന്നതും റെസ്റ്റോറന്റില്‍ അപ്രതീക്ഷിതമായി ഷാരൂഖിനെ ടൂറിസ്റ്റുകള്‍ കാണുന്നതും എല്ലാം നാച്ചുറലായിരുന്നെന്ന് പ്രകാശ് വര്‍മ പറഞ്ഞു. റെസ്റ്റോറന്റിലെ തൂണിന്റെ ഇടയില്‍ ക്യാമറ വെച്ചാണ് ആ ഭാഗങ്ങള്‍ ഷൂട്ട് ചെയ്തതെന്നും പ്രകാശ് വര്‍മ പറയുന്നു. ക്ലബ്ബ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു പ്രകാശ് വര്‍മ.

‘ദുബായ് ടൂറിസത്തിന് വേണ്ടി ചെയ്ത പരസ്യത്തിലാണ് ഷാരൂഖ് ഖാനുമായി ചേര്‍ന്ന് വര്‍ക്ക് ചെയ്തത്. ആ പരസ്യം കാണുന്ന പലര്‍ക്കും തോന്നും ‘ഇതൊക്കെ സ്‌റ്റേജ്ഡ് ആണോ’ എന്ന്. പക്ഷേ അതൊക്കെ നൂറ് ശതമാനം നാച്ചുറല്‍ റിയാക്ഷനാണ്. ഷാരൂഖിനെ ക്രൗഡിന്റെ ഇടയിലേക്ക് അങ്ങ് ഇറക്കിവിടുകയായിരുന്നു. അപ്രതീക്ഷിതമായി ഷാരൂഖിനെ കാണുമ്പോള്‍ അവര്‍ എങ്ങനെ റിയാക്ട് ചെയ്യുമെന്ന് അവര്‍ പോലുമറിയാതെ ക്യാപ്ചര്‍ ചെയ്യുകയായിരുന്നു.

ഫ്‌ളൈറ്റില്‍ വെച്ച് ഷാരൂഖിനെ കാണുന്നു, റെസ്‌റ്റോറന്റില്‍ വെച്ച് അദ്ദേഹത്തെ കാണുന്നു, ബീച്ചില്‍ ജോഗിങ്ങിന്റെ ഇടയില്‍ ഓടിക്കൊണ്ടിരിക്കുന്ന സ്ത്രീയുടെ കൂടെ ഷാരൂഖും ഓടുന്നു. ഇതൊക്കെ നാലും അഞ്ചും ബാക്കപ്പ് പ്ലാന്‍ സെറ്റ് ചെയ്ത് വെച്ചിട്ട് എടുത്ത ആഡ് ആണ്. റെസ്റ്റൊറന്റിലെ തൂണിന്റെ ഇടയിലായിരുന്നു ആ സമയത്ത് ക്യാമറ വെച്ചിരുന്നത്,’ പ്രകാശ് വര്‍മ പറഞ്ഞു.

Content Highlight: Prakash Varma about the ad film he shoot for Dubai Tourism starred Shah Rukh Khan