നടനായും സംവിധായകനായും ഇന്ത്യന്‍ സിനിമയില്‍ തന്റേതായ സ്ഥാനം സ്വന്തമാക്കാന്‍ സാധിച്ചയാളാണ് പ്രകാശ് രാജ്. നാടകത്തിന്റെ ലോകത്ത് നിന്ന് സിനിമയിലേക്കെത്തിയ പ്രകാശ് രാജ് ആറ് ഭാഷകളില്‍ 500ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അഞ്ച് ദേശീയ അവാര്‍ഡും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. അഭിനയത്തോടൊപ്പം അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളും പലപ്പോഴും ചര്‍ച്ചയാകാറുണ്ട്.
മലയാളത്തിന്റെ പ്രിയ നടന്‍ ജോജു ജോര്‍ജിനെക്കുറിച്ച് പ്രകാശ് രാജ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. അടുത്തിടെ നടന്ന ഗലാട്ടാ അവാര്‍ഡ് ദാന ചടങ്ങില്‍ ജോജുവിന് അവാര്‍ഡ് സമ്മാനിച്ച അദ്ദേഹം പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമായി. താന്‍ ജോജുവിനെ ആദ്യമായി കാണുന്നത് നായാട്ട് എന്ന ചിത്രത്തിലൂടെയാണെന്ന് പറഞ്ഞുകൊണ്ടാണ് പ്രകാശ് രാജ് തന്റെ പ്രസംഗം ആരംഭിച്ചത്.
‘ജോജു ജോര്‍ജ് എന്നൊരു നടന്‍ ഉണ്ടെന്ന് എനിക്കറിയില്ലായിരുന്നു. എന്നാല്‍ നായാട്ട് എന്ന സിനിമയില്‍ അയാളുടെ പ്രകടനം എന്റെ ശ്രദ്ധയില്‍പെട്ടു. എന്ത് രസമായിട്ടാണ് അയാള്‍ അഭിനയിക്കുന്നതെന്ന് മനസിലായി. പിന്നീട് ജോജുവിനെക്കുറിച്ച് ആഴത്തില്‍ പഠിക്കാന്‍ തുടങ്ങിയപ്പോള്‍ എന്നെപ്പോലെ ഭ്രാന്തനായ നടനാണെന്ന് തിരിച്ചറിഞ്ഞു.
സിനിമയില്‍ നിന്ന് കിട്ടിയ പൈസ സിനിമയിലേക്ക് തന്നെ ഉപയോഗിക്കുന്ന ആളാണ് ജോജു. സൂര്യയുടെ റെട്രോയില്‍ ഞങ്ങള്‍ രണ്ടും തമ്മിലുള്ള കോമ്പിനേഷന്‍ സീനിനിടയില്‍ ജോജു എന്നോട് സംസാരിച്ചിരുന്നു. ‘സിനിമയില്‍ നിന്ന് കിട്ടിയ എല്ലാം സിനിമക്ക് വേണ്ടി തന്നെ ഉപയോഗിച്ചിരിക്കുകയാണ്. എന്താകുമെന്ന് അറിയില്ല’ എന്നായിരുന്നു അയാള്‍ പറഞ്ഞത്.
സിനിമക്ക് വേണ്ടി തന്നെ പൈസ ചെലവാകട്ടെ, എന്നാല്‍ മാത്രമേ അത് വീണ്ടും നമ്മുടെ അടുത്തേക്ക് തിരിച്ചുവരുള്ളൂ എന്നായിരുന്നു ഞാന്‍ കൊടുത്ത മറുപടി. സിനിമയെ നെഞ്ചോട് ചേര്‍ത്ത് വെക്കുന്ന അപൂര്‍വം ചിലര്‍ക്ക് മാത്രമേ ഇങ്ങനെ ചെയ്യാന്‍ തോന്നുള്ളൂ. പെട്ടെന്നൊരു ദിവസം മുന്‍പന്തിയിലേക്കെത്തിയവരല്ല നമ്മളാരും.
അസിസ്റ്റന്റ് ഡയറക്ടറായി നിന്ന് ജൂനിയര്‍ ആര്‍ട്ടിസ്റ്റായും പിന്നീട് ചെറിയ വേഷമൊക്കെ ചെയ്ത് ഇന്ന് ഈ കാണുന്ന ഉയരത്തിലെത്തിയിട്ടുണ്ടെങ്കില്‍ ഇനിയും ഉയരത്തിലേക്ക് പോകുമെന്ന് ഉറപ്പാണ്. കഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ അതിനുള്ള റിസല്‍ട്ട് എന്തായാലും ലഭിക്കും. ജോജുവിനെപ്പോലെ അസിസ്റ്റന്റ് ഡയറക്ടറായിട്ടൊക്കെ നിന്ന് ഇന്ന് മുന്‍പന്തിയിലെത്തിയ സൗബിനും അതിന് ഉദാഹരണമാണ്,’ പ്രകാശ് രാജ് പറയുന്നു.
Content Highlight: Prakash Raj praises Joju George and his performance in Nayattu movie