മലയാള സിനിമയില്‍ ആ രണ്ട് യുവനടന്മാര്‍ ഇനിയും അത്ഭുതങ്ങള്‍ സൃഷ്ടിക്കും: അവാര്‍ഡില്‍ പരിഗണിക്കാനാകാത്ത രണ്ട് താരങ്ങളെക്കുറിച്ച് പ്രകാശ് രാജ്
Malayalam Cinema
മലയാള സിനിമയില്‍ ആ രണ്ട് യുവനടന്മാര്‍ ഇനിയും അത്ഭുതങ്ങള്‍ സൃഷ്ടിക്കും: അവാര്‍ഡില്‍ പരിഗണിക്കാനാകാത്ത രണ്ട് താരങ്ങളെക്കുറിച്ച് പ്രകാശ് രാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 3rd November 2025, 8:56 pm

പ്രേക്ഷകര്‍ ആഗ്രഹിച്ചവര്‍ക്ക് തന്നെ ലഭിച്ച പുരസ്‌കാരങ്ങള്‍ എന്നാണ് 54ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനെ സിനിമാപ്രേമികള്‍ വിശേഷിപ്പിക്കുന്നത്. മികച്ച നടനായി മമ്മൂട്ടിയെ തെരഞ്ഞെടുത്തപ്പോള്‍ ആസിഫ് അലിയും ടൊവിനോ തോമസും ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹരായി. മികച്ച നടിയായി ഷംല ഹംസയെയും മികച്ച ചിത്രമായി മഞ്ഞുമ്മല്‍ ബോയ്‌സിനെയും തെരഞ്ഞെടുത്തു.

എന്നാല്‍ പുരസ്‌കാരം ലഭിക്കാതെ പോയ ചിലയാളുകളുണ്ടെന്നും ജൂറിയെ അത്ഭുതപ്പെടുത്തിയ ചില പ്രകടനങ്ങളുണ്ടായെന്നും പറയുകയാണ് ചെയര്‍പേഴ്‌സണായ പ്രകാശ് രാജ്. അത്തരത്തില്‍ തങ്ങളുടെ ശ്രദ്ധ ആകര്‍ഷിച്ച രണ്ടുപേരാണ് സാഗര്‍ സൂര്യയും ജുനൈസുമെന്ന് പ്രകാശ് രാജ് പറഞ്ഞു. അവാര്‍ഡ് പ്രഖ്യാപനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒരുപാട് പേര്‍ പ്രകടനം കൊണ്ട് ഞെട്ടിച്ചു. എന്നാല്‍ പുരസ്‌കാരം നല്‍കാന്‍ സാധിച്ചില്ല. അത്തരത്തില്‍ രണ്ടുപേരാണ് പണിയിലെ നെഗറ്റീവ് റോള്‍ ചെയ്ത രണ്ടുപേര്‍. അക്ഷരാര്‍ത്ഥത്തില്‍ അമ്പരപ്പിക്കുന്ന പ്രകടനമായിരുന്നു അവരുടേത്. മലയാള സിനിമയില്‍ അവര്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. ഇത്തരം യുവ നടന്മാര്‍ ഉയര്‍ന്നുവരുന്നത് മലയാള സിനിമക്ക് പ്രതീക്ഷിക്കാനുള്ള വകയാണ്. മലയാള സിനിമയെ കൂടുതല്‍ മനോഹരമാക്കുന്നു’ പ്രകാശ് രാജ് പറയുന്നു.

ജോജു ജോര്‍ജ് ആദ്യമായി സംവിധായക കുപ്പായമണിഞ്ഞ ചിത്രമായിരുന്നു പണി. തൃശൂരിലെ വലിയ ഡോണായ ഗിരിയോട് രണ്ട് സാധാരണക്കാര്‍ കൊമ്പുകോര്‍ക്കുന്നതും പിന്നീട് ഇവര്‍ തമ്മിലുള്ള പോരാട്ടവുമാണ് ചിത്രം പറഞ്ഞത്. നായകനായ ജോജുവിനെക്കാള്‍ ഗംഭീര പെര്‍ഫോമന്‍സായിരുന്നു സാഗറും ജുനൈസും കാഴ്ചവെച്ചത്.

ഇന്‍സ്റ്റഗ്രാമിലൂടെ ശ്രദ്ധേയനായി പിന്നീട് ബിഗ് ബോസിലെത്തിയതാണ് ജുനൈസിനെ പണിയിലേക്കെത്തിച്ചത്. സിജു എന്ന കഥാപാത്രമായി മികച്ച പ്രകടനമായിരുന്നു ജുനൈസിന്റേത്. തട്ടീം മുട്ടീം എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ ശ്രദ്ധ നേടിയ സാഗര്‍ സൂര്യ ഡോണ്‍ സെബാസ്റ്റ്യനായി പണിയില്‍ നിറഞ്ഞാടി. ഇരുവരെയും സാക്ഷാല്‍ കമല്‍ ഹാസന്‍ വരെ അഭിനന്ദിച്ചത് വലിയ വാര്‍ത്തയായിരുന്നു.

കുരുതിക്ക് ശേഷം സാഗറിന്റെ ശ്രദ്ധേയമായ പ്രകടനമായിരുന്നു പണിയിലേത്. കരിയറിലെ ആദ്യ മുഴുനീള വേഷം ഇത്തരമൊരു അംഗീകാരം നേടിയത് സാഗറിനും ജുനൈസിനും വലിയ നേട്ടമായിട്ടാണ് പലരും കണക്കാക്കുന്നത്. പ്രകാശ് രാജ് പറഞ്ഞതുപോലെ ഇന്‍ഡസ്ട്രിയെ ഇനിയും ഞെട്ടിക്കാന്‍ ഇവര്‍ക്ക് സാധിക്കുമെന്നാണ് സിനിമാപ്രേമികള്‍ കരുതുന്നത്.

Content Highlight: Prakash Raj admires Sagar Surya and Junais for the performance in Pani Movie