മലയാളത്തില്‍ കൂടുതലും കണ്ടത് മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും സിനിമകള്‍; എന്നാല്‍ ഇഷ്ടം ആ നടനെ: പ്രഭാസ്
Entertainment
മലയാളത്തില്‍ കൂടുതലും കണ്ടത് മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും സിനിമകള്‍; എന്നാല്‍ ഇഷ്ടം ആ നടനെ: പ്രഭാസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 7th March 2025, 12:46 pm

നിലവില്‍ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മൂല്യമുള്ള താരങ്ങളിലൊരാളാണ് പ്രഭാസ്. രാജമൗലി അണിയിച്ചൊരുക്കിയ ബാഹുബലിയിലൂടെ പാന്‍ ഇന്ത്യന്‍ ഇമേജ് സൃഷ്ടിക്കാന്‍ പ്രഭാസിനായി.

നിവിന്‍ പോളിയെ ഇഷ്ടമാണ് – പ്രഭാസ്

ബാഹുബലി 2 മുതല്‍ക്കിങ്ങോട്ട് പ്രഭാസ് നായകനായ എല്ലാ ചിത്രങ്ങളും ആദ്യദിനം തന്നെ 100 കോടി നേടിയിരുന്നു. ഡിസാസ്റ്റര്‍ റിവ്യൂ ലഭിച്ച സാഹോ, രാധേ ശ്യാം, ആദിപുരുഷ് എന്നീ ചിത്രങ്ങളും ഇതില്‍പ്പെടും. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ കല്‍ക്കി 2898 എ.ഡി 1000 കോടി നേടിയതോടെ പ്രഭാസിന്റെ സ്റ്റാര്‍ വാല്യു വീണ്ടും ഉയര്‍ന്നു.

മലയാള സിനിമയെ കുറിച്ച് സംസാരിക്കുകയാണ് പ്രഭാസ്. മലയാളത്തില്‍ പ്രേമവും ദൃശ്യവുമെല്ലാം താന്‍ കണ്ട സിനിമകളാണെന്നും മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടേയും സിനിമകളാണ് കൂടുതലായും കണ്ട മലയാള ചിത്രങ്ങളെന്നും പ്രഭാസ് പറയുന്നു. ദുല്‍ഖറിനെ അറിയാമെന്നും നിവിന്‍ പോളിയെ ഇഷ്ടമാണെന്നും പ്രഭാസ് പറഞ്ഞു.

ബാഹുബലിക്കും സാഹോയ്ക്കും കലാസംവിധാനം ഒരുക്കിയ സാബു സിറിളിന്റെ വീട്ടില്‍ നിന്ന് ഒരുപാട് ഭക്ഷണം കഴിച്ചിട്ടുണ്ടെന്നും അപ്പവും ഇഷ്ടുവുമാണ് പ്രിയപ്പെട്ട ഭക്ഷണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘മലയാളത്തില്‍ പ്രേമവും ദൃശ്യവുമെല്ലാം ഞാന്‍ കണ്ട ചിത്രങ്ങളാണ്. എന്നാല്‍ കൂടുതലായും കണ്ട മലയാള സിനിമകള്‍ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയുമാണ്. ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ ഒരുപാട് അഭിനേതാക്കള്‍ കേരളത്തിലുണ്ട് എന്നത് നിങ്ങള്‍ക്ക് അഭിമാനിക്കാവുന്ന കാര്യമാണ്.

മലയാള സിനിമയില്‍ പരിചയക്കാരുണ്ട്. ദുല്‍ഖറിനെ അറിയാം നിവിന്‍ പോളിയെ ഇഷ്ടമാണ്. പ്രേമം പോലുള്ള മലയാള ചിത്രങ്ങള്‍ കാണാന്‍ താത്പര്യമാണ്.

ബാഹുബലിക്കും സാഹോയ്ക്കും കലാസംവിധാനം ഒരുക്കിയ സാബു സിറിളിന്റെ വീട്ടില്‍ നിന്ന് ഞാനൊരുപാട് ഭക്ഷണം കഴിച്ചിട്ടുണ്ട്. പ്രിയപ്പെട്ട വിഭവങ്ങള്‍ അപ്പവും ഇഷ്ടുവും ആണ്. സാബു സിറിളിന്റെ വീട്ടിലെ അടുക്കളയില്‍ നിന്ന് ഞാന്‍ വെള്ളപ്പം ഉണ്ടാക്കി നോക്കിയിട്ടുണ്ട്,’ പ്രഭാസ് പറയുന്നു.

Content highlight: Prabhas talks about Malayalam cinema