'ഇത്ര പെട്ടെന്ന് ഗ്രഹനില മാറാന്‍ മാത്രം ഇവിടെ എന്താണുണ്ടായേ മിസ്റ്റര്‍ ജീ': പി.കെ. അബ്ദുറബ്ബ്
Kerala News
'ഇത്ര പെട്ടെന്ന് ഗ്രഹനില മാറാന്‍ മാത്രം ഇവിടെ എന്താണുണ്ടായേ മിസ്റ്റര്‍ ജീ': പി.കെ. അബ്ദുറബ്ബ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 13th November 2022, 10:53 pm

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ടും ജ്യോതിഷവുമായി ബന്ധപ്പെട്ടുമുള്ള സി.പി.ഐ.എം നേതാവ് ജി. സുധാകരന്റെ പ്രസ്താവനയില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാക്കള്‍.

‘ഇത്ര പെട്ടെന്ന് ഗ്രഹനില മാറാന്‍ മാത്രം ഇവിടെ എന്താണുണ്ടായേ മിസ്റ്റര്‍ ജീ’ എന്നാണ് ജി. സുധാകരന്റെ പ്രസ്താവനങ്ങള്‍ പങ്കുവെച്ച് മുന്‍ മന്ത്രിയും ലീഗ് നേതാവുമായ പി.കെ. അബ്ദുറബ്ബ് ഫേസ്ബുക്കില്‍ കുറിച്ചത്.

‘ശബരിമലയില്‍ 50 കഴിഞ്ഞ സ്ത്രീകള്‍ കയറിയാല്‍ മതി,
കുട്ടികള്‍ ജനിച്ചുവീഴുന്ന സമയത്തെ ഗ്രഹനില അയാളുടെ ജീവിതത്തെ ബാധിക്കും.
ലോകത്ത് ജ്ഞാതവും, അജ്ഞാതവുമായ കാര്യങ്ങളുണ്ട്, അജ്ഞാതമായവ നില നില്‍ക്കുവോളം കാലം ജ്യോതിഷവും നില നില്‍ക്കും.

കോണ്‍ഗ്രസുകാരനേതാ, കമ്മ്യൂണിസ്റ്റുകാരനേതാ
തിരിച്ചറിയാന്‍ പറ്റാതായി.
ഒരു ജ്യോതിഷിയും നരബലി നടത്തിയിട്ടില്ല,
രാഷ്ട്രീയക്കാരാണ് നരബലി നടത്തുന്നത്.

മുന്‍മന്ത്രിയും സി.പി.ഐ.എം നേതാവുമായ ജി.സുധാകരന്റെ ചില പുതിയ കണ്ടെത്തലുകളാണ് മുകളില്‍!
ഇത്ര പെട്ടന്ന് ഗ്രഹനില മാറാന്‍ മാത്രം ഇവിടെ എന്താണുണ്ടായേ മിസ്റ്റര്‍ ജീ,’ എന്നാണ് അബ്ദുറബ്ബ് എഴുതിയത് അബ്ദുറബ്ബ്

കുട്ടികള്‍ ജനിച്ചു വീഴുന്ന സമയത്തെ ഗ്രഹനില അയാളുടെ ജീവിതത്തെ ബാധിക്കുമെന്ന പ്രസ്താവനയില്‍ ‘നിലയാകെ തെറ്റിയെന്നാ തോന്നുന്നത്’ എന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രതികരണം.

അതേസമയം, ശബരിമലയില്‍ 50 വയസ് കഴിഞ്ഞ സ്ത്രീകള്‍ കയറിയാല്‍ മതിയെന്ന് പറഞ്ഞിട്ടില്ലെന്നായിരുന്നു വിഷയത്തില്‍ ജി.സുധാകരന്റെ പ്രതികരണം. യുവതീപ്രവേശം വിലക്കി ചട്ടമുണ്ട്, അത് സൂചിപ്പിക്കുക മാത്രമാണ് ചെയ്തത്.

ശബരിമലയിലേത് നിത്യബ്രഹ്‌മചാരി സങ്കല്‍പമാണ്. അതുകൊണ്ടാണ് യുവതികളെ പ്രവേശിപ്പിക്കാത്തത്. അത് എല്ലാവരും ബഹുമാനിച്ച് അംഗീകരിച്ച് പോകുന്ന കാര്യമാണ്. അത് മാറ്റിപ്പറയുകയോ അട്ടിമറിക്കുകയോ ചെയ്യേണ്ട കാര്യമില്ലെന്നും സുധാകരന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ജ്യോതിഷ താന്ത്രികവേദി സംസ്ഥാന വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് ജി. സുധാകരന്‍ ശബരിമലയില്‍ 50 വയസുകഴിഞ്ഞ സ്ത്രീകള്‍ കയറിയാല്‍ മതിയെന്നതടക്കമുള്ള വിവാദ പരാമര്‍ശം നടത്തിയത്.

CONTENT HIGHLIGHT:  Opposition leaders reacted to CPI(M) leader G. Sudhakaran’s statement  in relation to Sabarimala women’s entry and astrology