സഹായിക്കനെത്തിയ കലാഭവന്‍ മണിയെ ഉപദേശിച്ച് തളര്‍ത്തുന്ന മോഹന്‍ലാല്‍, വൈറലായി മോഹന്‍ലാലിന്റെ പഴയകാല സിനിമകള്‍
Malayalam Cinema
സഹായിക്കനെത്തിയ കലാഭവന്‍ മണിയെ ഉപദേശിച്ച് തളര്‍ത്തുന്ന മോഹന്‍ലാല്‍, വൈറലായി മോഹന്‍ലാലിന്റെ പഴയകാല സിനിമകള്‍
അമര്‍നാഥ് എം.
Thursday, 19th February 2026, 9:18 pm

പഴയ സിനിമകളില്‍ ആരും ശ്രദ്ധിക്കാതെ പോകുന്ന പല സാമ്യതകളും മിസ്റ്റേക്കുകളും സോഷ്യല്‍ മീഡിയ യുഗത്തില്‍ വീണ്ടും ചര്‍ച്ചയാകുന്നുണ്ട്. ഭാവിയില്‍ ഇതെല്ലാം ചര്‍ച്ചയാകുമെന്നോ ശ്രദ്ധിക്കപ്പെടുമെന്നോ ചിന്തിക്കാതെ അണിയറപ്രവര്‍ത്തകര്‍ ചെയ്യുന്ന ഇത്തരം ചെറിയ മിസ്റ്റേക്കുകളാണ് ചര്‍ച്ചയാകുന്നത്. അത്തരത്തില്‍ മോഹന്‍ലാലിന്റെ പഴയകാലത്തെ രണ്ട് സിനിമകളിലെ ചെറിയ സാമ്യതയാണ് ഇപ്പോള്‍ ചര്‍ച്ച.

ഫേസ്ബുക്കില്‍ ഷാനു എന്ന ഐ.ഡി പങ്കുവെച്ച പോസ്റ്റാണ് ഇതിനോടകം വൈറലായത്. മോഹന്‍ലാലിന്റെ കരിയറിലെ ഹിറ്റ് സിനിമകളായ ബാലേട്ടനിലും മാമ്പഴക്കാലത്തിലും കലാഭവന്‍ മണിയുടെ കഥാപാത്രത്തെക്കുറിച്ചാണ് പോസ്റ്റില്‍ പറയുന്നത്. രണ്ട് സിനിമകളിലും കഥയുടെ അവസാനഭാഗത്തിലാണ് കലാഭവന്‍ മണി പ്രത്യക്ഷപ്പെടുന്നത്.

ബാലേട്ടന്‍ Photo: Shanu / Facebook

ബാലേട്ടനില്‍ നായകന്‍ പൈസക്ക് വേണ്ടി കഷ്ടപ്പെടുമ്പോള്‍ ദേവദൂതനെപ്പോലെ അവതരിക്കുകയാണ് കലാഭവന്‍ മണി അവതരിപ്പിച്ച മുസ്തഫ. വീട്ടില്‍ നിന്ന് ഇറക്കിവിട്ട നായകന് അവസാന കച്ചിത്തുരുമ്പായാണ് മുസ്തഫ അവതരിക്കുന്നത്. ഒന്നുമല്ലാതിരുന്ന മുസ്തഫയെ ഗള്‍ഫില്‍ പോകാന്‍ സഹായിച്ചത് ബാലേട്ടനായിരുന്നു. നാട്ടിലേക്ക് തിരിച്ചെത്തുന്ന മുസ്തഫയോട് ബാലേട്ടന്‍ തിരിച്ച് സഹായം ചോദിക്കുന്നുണ്ട്.

ജോഷി സംവിധാനം ചെയ്ത മാമ്പഴക്കാലത്തിലും കലാഭവന്‍ മണി ക്ലൈമാക്‌സിനോടടുത്ത് പ്രത്യക്ഷപ്പെടുന്നുണ്ട്. നായകനായ പുരമനയില്‍ ചന്ദ്രനെ വീട്ടുകാരെല്ലാവരും വിട്ടുപോകുമ്പോള്‍ കൂട്ടുകാരനായ ജോസ് സമാധാനിപ്പിക്കാനായി എത്തുകയാണ്. എന്നാല്‍ ജോസിനെ തന്റെ പ്രാരാബ്ധം പറഞ്ഞ് മാനസികമായി തളര്‍ത്തുകയാണ് പുരമനയില്‍ ചന്ദ്രന്‍.

മാമ്പഴക്കാലം Photo: Shanu / Facebook

രണ്ട് സിനിമകളുടെയും തിരക്കഥാകൃത്ത് ടി.എ. ഷാഹിദാണ്. മാമ്പഴക്കാലം ആദ്യം സംവിധാനം ചെയ്യാനിരുന്നത് വി.എം. വിനുവായിരുന്നു. ബാലേട്ടന് ശേഷം അതേ രീതിയിലുള്ള കഥയായതിനാല്‍ ഈ പ്രൊജക്ടില്‍ നിന്ന് വിനു പിന്മാറി. പിന്നീടാണ് ഈ ചിത്രം ജോഷിയിലേക്കെത്തിയത്. ജോഷി ടച്ചൊന്നുമില്ലാത്ത മാമ്പഴക്കാലം ബോക്‌സ് ഓഫീസില്‍ സാമാന്യ വിജയം സ്വന്തമാക്കി.

ബാലേട്ടനിലും മാമ്പഴക്കാലത്തിലും മോഹന്‍ലാലിനെ കലാഭവന്‍ മണി സഹായിച്ചതുപോലെ തിരിച്ചും മോഹന്‍ലാല്‍ സഹായിച്ചിട്ടുണ്ടെന്നും മറ്റൊരു പോസ്റ്റുണ്ട്. സുരേഷ് കൃഷ്ണന്‍ സംവിധാനം ചെയ്ത അച്ഛനെയാണെനിക്കിഷ്ടം എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ മോഹന്‍ലാലിന്റെ അതിഥിവേഷമാണ് ഈ പോസ്റ്റിലെ ഹൈലൈറ്റ്. കലാഭവന്‍ മണിയും മോഹന്‍ലാലും തമ്മിലുള്ള ഈ കൊടുക്കല് വാങ്ങല്‍ ഇതിനോടകം സിനിമാപേജുകളിലെ ചര്‍ച്ചാവിഷയമായി മാറി.

Content Highlight: Post about Similarities between Balettan and Mambazhakkalam movie viral

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം