എയിംസിന് സ്ഥലം നോക്കാന്‍ സ്‌റ്റേഡിയത്തിലെത്തുന്ന സുരേഷ് ഗോപി, ഫിഷ് നിര്‍വാണയുമായെത്തുന്ന ഷെഫ് പിള്ള, മെസി കേരളത്തിലെത്തിയാല്‍ നടക്കുന്നത്; വൈറല്‍ പോസ്റ്റ്
മെസി കേരളത്തിലെത്തിയാല്‍ നടക്കാന്‍ സാധ്യതയുള്ള കാര്യങ്ങളെന്ന് പറയുന്ന പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം വൈറലായിരിക്കുകയാണ്. കേരളത്തില്‍ അടുത്തിടെ വൈറലായ പല സംഭവങ്ങളുമായും ബന്ധപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്റ് എല്ലാവരെയും ചിരിപ്പിക്കുന്ന ഒന്നാണ്. സിനിമാനിരൂപകന്‍ എന്ന പേജാണ് ഈ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
സ്റ്റേഡിയത്തിന് പുറത്ത് മെസ്സിയുടെ ചിത്രമുള്ള പടുകൂറ്റന്‍ ഫ്‌ളെക്‌സുകളുണ്ടാകുമെന്നും അതില്‍ മെസ്സിയുടെ അതേ വലിപ്പത്തില്‍ പിണറായി വിജയന്റെ ചിത്രവും ഉണ്ടാകുമെന്ന് പറഞ്ഞാണ് പോസ്റ്റ് ആരംഭിക്കുന്നത്. ആഗോള അയ്യപ്പസംഗമത്തില്‍ അയ്യപ്പനെക്കാള്‍ വലിപ്പത്തില്‍ പിണറായി വിജയന്റെ ഫോട്ടോ വന്നതുമായി ബന്ധപ്പെടുത്തിയാണ് ഈ പോസ്റ്റ്.
കേന്ദ്രമന്ത്രിയുടെ മകന്‍ എന്ന ഹോള്‍ഡ് ഉപയോഗിച്ച് മാധവ് സുരേഷ് വി.വി.ഐ.പി ഗാലറിയില്‍ ഇടംപിടിക്കുമെന്നും കൂളിങ് ഗ്ലാസ് ധരിച്ച് മത്സരം കാണുമെന്നുമാണ് മറ്റൊരു പോയിന്റ്. മത്സരം കാണാനെത്തുന്ന സുരേഷ് ഗോപിയോട് എയിംസിന്റെ സ്ഥലം നോക്കാന്‍ വന്നതാണോയെന്ന് കാണികളിലൊരാള്‍ ചോദിക്കുമെന്നും അത് സുരേഷ് ഗോപിയെ ക്ഷുഭിതനാക്കുമെന്നും പോസ്റ്റില്‍ പറയുന്നു.
മത്സരം ആരംഭിക്കുന്നതിന് മുമ്പ് വിനീതിന്റെയും ലക്ഷ്മി ഗോപാലസ്വാമിയുടെയും ഡാന്‍സും സിതാരയുടെ പാട്ടും ഉണ്ടാകുമെന്നും പരിപാടിയുടെ അവതാരക രഞ്ജിനി ഹരിദാസായിരിക്കുമെന്നും പോസ്റ്റില്‍ പറയുന്നുണ്ട്. മെസ്സിയെക്കൊണ്ട് ‘പോ മോനെ ദിനേശാ, ചന്തുവിനെ തോല്പിക്കാനാവില്ല മക്കളെ’ എന്നീ ഡയലോഗുകള്‍ പറയിപ്പിക്കുമെന്നുമുള്ള കാര്യങ്ങള്‍ ചിരി സമ്മാനിക്കുന്നുണ്ട്.
മെസിയെ കാണാന്‍ വേണ്ടി മാത്രം വന്നതാണെന്ന് പറഞ്ഞാല്‍ കളിയാക്കുമെന്ന് പേടിച്ച് രണ്ട് ദിവസം മുമ്പേ വയനാട്ടില്‍ വന്ന് രാഹുല്‍ ഗാന്ധി താമസിക്കുമെന്നും മെസ്സിയുമായി സെല്‍ഫിയെടുക്കുമെന്നും പോസ്റ്റില്‍ പറയുന്നുണ്ട്. കമന്ററി പറയാനെത്തുന്ന ഷൈജു ദാമോദരന്‍ മെസിയുടെ കാലില്‍ ചുംബിച്ചോട്ടെയെന്ന് ചോദിക്കുമെന്നും ഷെഫ് പിള്ള മെസ്സിക്ക് വേണ്ടി ഫിഷ് നിര്‍വാണ തയാറാക്കുമെന്നുള്ള കാര്യങ്ങളും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
കളി കാണാനായി യൂട്യൂബര്‍ സീക്രട്ട് ഏജന്റ് വരുമെന്നും സ്റ്റേഡിയത്തിന് പുറത്ത് കാറിലിരുന്ന് ലൈവ് മാച്ച് കാണുമെന്നും സിനിമാ നിരൂപകന്‍ പ്രവചിക്കുന്നുണ്ട്. മെസിയെ വിമര്‍ശിച്ച് മൈത്രേയന്‍ രംഗത്തുവരും. പുരുഷന്മാര്‍ക്ക് പകരം യന്ത്രങ്ങള്‍ ഫുട്‌ബോള്‍ കളിക്കട്ടെ എന്ന് അദ്ദേഹം അഭിപ്രായപ്പെടുമെന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.
എന്നാല്‍ പോസ്റ്റിനെക്കാള്‍ ഗംഭീര കമന്റുകളാണ് പലരും പങ്കുവെക്കുന്നത്. ‘കളിയില്‍ മെസി എത്ര ഗോള്‍ അടിക്കുമെന്ന് എനിക്കറിയാം, അര്‍ജന്റീനയുടെ ഗെയിം പ്ലാന്‍ എന്നോട് പറഞ്ഞിട്ടുണ്ട്- പൃഥ്വിരാജ്’, ‘മെസ്സിയെ കേരളത്തിലെത്തിച്ച മോദിജിക്ക് നന്ദി എന്ന ഫ്‌ളെക്‌സ് ഉറപ്പായും ഉണ്ടാകും’, എന്നിങ്ങനെ രസകരമായ ധാരാളം കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.
Content Highlight: Post about Messi’s Kerala Visit went Viral in social media