ന്യൂദല്‍ഹി: മുപ്പത് ദിവസം ജയിലില്‍ കഴിഞ്ഞാല്‍ പ്രധാനമന്ത്രി, മുഖ്യമന്ത്രി ഉള്‍പ്പടെയുള്ള മന്ത്രിമാരെ പുറത്താക്കാന്‍ വ്യവസ്ഥ ചെയ്യുന്ന വിവാദ ബില്ലിനെ പിന്തുണച്ച് മുതിര്‍ന്ന അഭിഭാഷകനും മുന്‍ അറ്റോര്‍ണി ജനറലുമായ മുകുള്‍ റോഹ്തഗി.
നിയമം ദുരുപയോഗം ചെയ്തേക്കാമെന്നും എന്നാല്‍ അതിന്റെ പേരില്‍ നിയമം അസാധുവാക്കുന്നതിനോട് യോജിക്കാനാകില്ലെന്നും മുകുള്‍ റോഹ്തഗി ഇന്ത്യ ടുഡെയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
പാര്‍ലമെന്റില്‍ മുന്നോട്ട് വെച്ചിരിക്കുന്ന ഭരണഘടന ഭേദഗതി ബില്‍ രാഷ്ട്രീയത്തെ സംശുദ്ധീകരിക്കുന്നതാണെന്നും റോഹ്തഗി അഭിപ്രായപ്പെട്ടു.
‘ഈ ബില്‍ പ്രഥമദൃഷ്ടിയില്‍ തന്നെ രാജ്യത്തെ രാഷ്ട്രീയത്തേയും രാഷ്ട്രീയക്കാരേയും ശുദ്ധീകരിക്കുന്നതാണ്. നമ്മുടെ രാജ്യത്ത് ഒരുപാട് രാഷ്ട്രീയക്കാര്‍ നിലവില്‍ ജയിലില്‍ കഴിയുന്നുണ്ട്.
ദല്‍ഹിയിലെ അവസ്ഥ നമ്മള്‍ കണ്ടു. ഭരണം നിയന്ത്രിക്കുന്നതും ഫയലുകളില്‍ ഒപ്പുവെയ്ക്കുന്നത് പോലും ജയിലില്‍ നിന്നായിരുന്നു.
ജയിലില്‍ നിന്നും ഭരണകൂടത്തെ നിയന്ത്രിക്കുന്നത് അംഗീകരിക്കാനാവുന്നതല്ല. അതും വളരെ പ്രധാനപ്പെട്ട സ്ഥാനത്തുള്ളവര്‍. അതുകൊണ്ട് തന്നെ ഈ നിയമഭേഗതിയെ സ്വാഗതം ചെയ്യുകയാണ്”, മുകുള്‍ റോഹ്തഗി പറഞ്ഞു.
ദല്‍ഹി മുന്‍മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ജയിലില്‍ കിടന്ന കാലത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ടായിരുന്നു മുകുള്‍ റോഹ്തഗിയുടെ വാക്കുകള്‍.
പ്രതിപക്ഷമന്ത്രിമാരെ ജയിലിലാക്കാനായി സര്‍ക്കാര്‍ നിയമം ദുരുപയോഗം ചെയ്യുമെന്ന വാദത്തേയും റോഹ്തഗി തള്ളിക്കളഞ്ഞു. ഭരണകൂടം പ്രതിപക്ഷ മന്ത്രിമാരെ മനഃപൂര്‍വ്വം ജയിലിലേക്കയച്ചാല്‍ ചോദ്യം ചെയ്യാന്‍ ഈ രാജ്യത്ത് കോടതികളില്ലേ എന്നാണ് അദ്ദേഹം ചോദിച്ചത്.
അങ്ങനെ സംഭവിച്ചാല്‍ കോടതിയില്‍ പോയി സത്യം തെളിയിക്കാവുന്നതാണെന്നും ജാമ്യം നേടാവുന്നതാണെന്നും മുകുള്‍ റോഹ്തഗി അഭിപ്രായപ്പെട്ടു.
30 ദിവസം ജയിലില്‍ കിടക്കുന്നതിലൂടെ മന്ത്രിസ്ഥാനം നഷ്ടപ്പെടുന്നത് താത്കാലികമായാണ്. ജാമ്യത്തിലിറങ്ങി കഴിഞ്ഞാല്‍ മന്ത്രി സ്ഥാനത്തേക്ക് തിരികെ എത്താവുന്നതാണെന്നും പ്രതിപക്ഷം ഉയര്‍ത്തിയ ആശങ്കകളോട് റോഹ്തഗി പ്രതികരിച്ചു.
അഞ്ച് വര്‍ഷമോ അതില്‍ കൂടുതലോ ശിക്ഷ കിട്ടുന്ന കേസുകളില്‍ അറസ്റ്റിലായി 30 ദിവസം ജയിലില്‍ കഴിയുന്ന പ്രധാനമന്ത്രി, മുഖ്യമന്ത്രി ഉള്‍പ്പടെയുള്ള മന്ത്രിമാരെ സ്ഥാനത്തു നിന്നും നീക്കം ചെയ്യാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് പാര്‍ലമെന്റില്‍ അവതരിപ്പിച്ച വിവാദ ബില്‍.
ഭരണഘടനയുടെ 130ാം ഭേദഗതി ബില്ലായി കേന്ദ്രം അവതരിപ്പിച്ച ബില്‍ നിലവില്‍ പാര്‍ലമെന്ററി സംയുക്ത സമിതിക്ക് (ജെപിസി)വിട്ടിരിക്കുകയാണ്. ബില്ലിനെതിരെ കടുത്ത എതിര്‍പ്പാണ് പ്രതിപക്ഷം ഉയര്‍ത്തിയിരിക്കുന്നത്.
Content Highlight: Possibility of misuse doesn’t nullify bill to oust criminal leaders: Mukul Rohatgi