വെള്ളിയാഴ്ച സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍
Kerala News
വെള്ളിയാഴ്ച സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 22nd September 2022, 3:00 pm

കൊച്ചി: നേതാക്കളെ എന്‍.ഐ.എ കസ്റ്റഡിയിലെടുത്തതിലും ഓഫീസുകള്‍ കേന്ദ്രീകരിച്ച് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ റെയ്ഡ് നടത്തുന്നതിലും പ്രതിഷേധിച്ച് വെള്ളിയാഴ്ച പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍. നാളെ രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

അവശ്യ സര്‍വീസുകളെ മാത്രമാണ് ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയതെന്ന് പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന നേതാക്കള്‍ അറിയിച്ചു. ഇന്ന് വൈകുന്നേരവും ഹര്‍ത്താല്‍ ദിവസമായ നാളെയും വ്യാപകമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

പോപ്പുലര്‍ ഫ്രണ്ടിനെ തകര്‍ക്കുകയെന്ന ആര്‍.എസ്.എസ് അജണ്ടയാണ് കേന്ദ്ര ഏജന്‍സികള്‍ നടത്തുന്നതെന്നും സംഘടനയെ നിരോധിക്കാനാണ് ലക്ഷ്യമെങ്കില്‍ നേരിടുമെന്നും പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താര്‍ പറഞ്ഞു.

അന്വേഷണ ഏജന്‍സികള്‍ ഭരണകൂടത്തിനു വേണ്ടി പ്രവര്‍ത്തിക്കുകയാണെന്നും പോപ്പുലര്‍ ഫ്രണ്ടിനെ വേട്ടയാടുകയാണെന്നും അബ്ദുള്‍ സത്താര്‍ കോഴിക്കോട് സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഒരു കുറ്റകൃത്യത്തിലും ഏര്‍പ്പെടാത്ത ആളുകളെ പോലും കള്ളക്കേസ് ചുമത്തി കസ്റ്റഡിയിലെടുക്കുകയും വിവിധ വകുപ്പുകള്‍ ചുമത്തി ജയിലിലടയ്ക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണ് കണ്ടുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, എന്‍.ഐ.ഐയും ഇ.ഡിയും കസ്റ്റഡിയിലെടുത്ത എട്ട് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളാണ് അറസ്റ്റിലായിട്ടുള്ളത്. വിവിധ ജില്ലകളില്‍ നിന്ന് കസ്റ്റഡിയിലെടുത്ത 22 നേതാക്കളില്‍ എട്ട് പേരുടെ അറസ്റ്റാണ് കേന്ദ്ര ഏജന്‍സികള്‍ രേഖപ്പെടുത്തിയത്.

പോപ്പുലര്‍ ഫ്രണ്ട് ദേശീയ ചെയര്‍മാന്‍ ഒ.എം.എ സലാം, ദേശീയ ജനറല്‍ സെക്രട്ടറി നസറുദ്ദീന്‍ എളമരം, ദേശീയ വൈസ് ചെയര്‍മാന്‍ ഇ.എം അബ്ദുറഹ്മാന്‍, സംസ്ഥാന പ്രസിഡന്റ് സി.പി മുഹമ്മദ് ബഷീര്‍, സംസ്ഥാന സമിതിയംഗം യഹിയാ തങ്ങള്‍, വിവിധ ജില്ലകളിലെ ജില്ലാ ഭാരവാഹികള്‍ എന്നിവരടക്കം 22 നേതാക്കളെയാണ് കേരളത്തില്‍ നിന്നും കസ്റ്റഡിയിലെടുത്തത്.