ഇത് നിന്റെ ഫാമാണോ? എന്തൊരു ഭംഗിയാ, കാണാന്‍ വരുന്നുണ്ടെന്ന് മമ്മൂക്ക; പത്താം ദിവസം പ്രളയത്തില്‍ എല്ലാം മുങ്ങിക്കിട്ടി; അതിന് ശേഷം ഞാന്‍ പുള്ളിയെ ഒരു വിളിവിളിച്ചു: ജയറാം
Movie Day
ഇത് നിന്റെ ഫാമാണോ? എന്തൊരു ഭംഗിയാ, കാണാന്‍ വരുന്നുണ്ടെന്ന് മമ്മൂക്ക; പത്താം ദിവസം പ്രളയത്തില്‍ എല്ലാം മുങ്ങിക്കിട്ടി; അതിന് ശേഷം ഞാന്‍ പുള്ളിയെ ഒരു വിളിവിളിച്ചു: ജയറാം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 22nd September 2022, 11:37 am

മമ്മൂട്ടിയുമായുള്ള ആത്മബന്ധത്തെ കുറിച്ചും മമ്മൂട്ടിക്കൊപ്പമുള്ള രസകരമായ ചില ഓര്‍മകള്‍ പങ്കുവെച്ചും നടന്‍ ജയറാം. പെട്ടെന്ന് ഇമോഷണലാവുന്ന മമ്മൂക്കയെ കുറിച്ചാണ് ജയറാം പറയുന്നത്. പുറമെ കാണുന്ന ആളല്ല മമ്മൂക്കയെന്നും ഭയങ്കര സെന്‍സിറ്റീവാണെന്നും ജയറാം പറയുന്നു. 24 ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ പെട്ടെന്ന് ഇമോഷണലാവുന്ന ആളാണ്. എന്തെങ്കിലുമൊരു കാര്യം വന്നാല്‍ കണ്ണൊക്കെ നിറയും. എന്നാല്‍ അതിന്റെയൊക്കെ എത്രയോ മുകളിലാണ് മമ്മൂക്ക. ഈ പുറത്തുകാണുന്നതൊന്നുമല്ല. അയ്യോപാവമാണ്. ഭയങ്കര സെന്‍സിറ്റീവാണ്. റഫ് ആന്‍ഡ് ടഫൊക്കെ വെറുതെയാണ്. എന്നേക്കാളൊക്കെ ആയിരം മടങ്ങ് സെന്‍സിറ്റീവാണ് അദ്ദേഹം. ചെറിയ എന്തെങ്കിലും കാര്യം മതി,’ ജയറാം പറഞ്ഞു.

ഒപ്പം മമ്മൂക്കയെ കുറിച്ചുള്ള രസകരമായ ഒരു അനുഭവവും ജയറാം പങ്കുവെച്ചു. പശുവുണ്ട്, ആനയുണ്ട്, ചെണ്ടയുണ്ട്, പാട്ടുണ്ട്, സിനിമയുണ്ട്. ഇതില്‍ ഏറ്റവും ഇഷ്ടം ഏതിനോടാണെന്ന ചോദ്യത്തിന് മറുപടി പറയവേയായിരുന്നു തനിക്കുള്ള കൃഷിയിടത്തെ കുറിച്ചും ഫാമിനെ കുറിച്ചും അതുകണ്ട് മമ്മൂക്ക പറഞ്ഞ കാര്യത്തെ കുറിച്ചുമൊക്കെ ജയറാം സംസാരിച്ചത്.

ഇത്തവണ കേരള സര്‍ക്കാരിന്റെ നല്ല കര്‍ഷകനുള്ള അവാര്‍ഡ് എനിക്ക് കിട്ടി. അത് ഞാനായിട്ട് ക്രിയേറ്റ് ചെയ്ത് ഉണ്ടാക്കി തലയിലൊരു കെട്ടൊക്കെ കെട്ടി കര്‍ഷകനായൊരു ഫോട്ടോയെടുക്കാമെന്ന് കരുതി ചെയ്തിട്ട് കിട്ടുന്നതല്ല. കുട്ടിക്കാലം തൊട്ട് എന്റെ കാരണവന്‍മാരെല്ലാം കൃഷിയിലായിരുന്നു. ഇതൊക്കെ അവരുടെ സ്ഥലം തന്നെയാണ്.

അത് അന്യം നിന്ന് പോകാതിരിക്കാന്‍ ഞാന്‍ അവിടെ കൃഷിയും കാര്യങ്ങളും നടത്തുകയാണ്. കഴിഞ്ഞ 25 വര്‍ഷമായിട്ട് എനിക്ക് അവിടെ ഫാമുണ്ട്. മമ്മൂക്കയൊഴിച്ച് സിനിമയിലുള്ള ആര്‍ക്കും അത് അറിയില്ല. ഞാന്‍ ആരേയും അങ്ങോട്ട് കൊണ്ടുപോകാറുമില്ല. എന്നെ ഗോപാലക, പശുപാലക എന്നൊക്കെയാണ് മമ്മൂക്ക വിളിക്കുന്നത്.

അങ്ങനെയിരിക്കെ 2018 ല്‍ തെലുങ്ക് സിനിമയില്‍ അഭിനിക്കാന്‍ വേണ്ടി മമ്മൂക്ക പോകുകയാണ്. അങ്ങനെ പുള്ളി കൊച്ചി എയര്‍പോര്‍ട്ടില്‍ ഇരിക്കുമ്പോള്‍ എന്നെ ഫോണില്‍ വിളിച്ചു. നീ എവിടാ എന്ന് ചോദിച്ചു. ഞാന്‍ എന്റെ ഫാമിലാണെന്ന് പറഞ്ഞു. ഒന്ന് കാണിക്കെടാ എന്നായി മമ്മൂക്ക.

അപ്പോള്‍ തന്നെ ഞാന്‍ വീഡിയോ കോള്‍ ചെയ്തു. ഞാനിങ്ങനെ എന്റെ ഫാം കാണിച്ചുകൊടുക്കുകയാണ്. ഓഹോ നിന്റെ ഫാമാണോ ? ഇങ്ങോട്ട് തിരിക്ക്, അങ്ങോട്ട് തിരിക്ക് എന്നൊക്കെ പുള്ളി പറയുന്നുണ്ട്. എന്തൊരു ഭംഗിയാടാ… ഞാന്‍ പോയി വന്നിട്ട് ഉടന്‍ തന്നെ വരുന്നുണ്ട് അങ്ങോട്ട് എന്നു പറഞ്ഞു. അതൊരു ഓഗസ്റ്റ് മാസമായിരുന്നു. 10 ദിവസം കഴിഞ്ഞുണ്ടായ പ്രളയത്തില്‍ എന്റെ ഫാം മൊത്തം മുങ്ങി. എല്ലാം പോയി.

അങ്ങനെ ഞാന്‍ മമ്മൂക്കയെ വിളിച്ചു. ഇനി ഇങ്ങോട്ട് വരണ്ട ഫുള്‍ പോയിക്കിട്ടി എന്ന് പറഞ്ഞു (ചിരി). അതൊരു രസകരമായ സംഭവമായിരുന്നു.

മമ്മൂക്ക കരയാറുണ്ടോ എന്ന ചോദ്യത്തിന് അല്‍പസമയത്തെ മൗനത്തിന് ശേഷം അത് പുറംലോകം കാണുന്നില്ലല്ലോ എന്നായിരുന്നു ജയറാമിന്റെ മറുപടി.

കൊച്ചിയിലെ താമസകാലത്ത് മമ്മൂട്ടിക്കൊപ്പം സൈക്ലിങ്ങിന് പോകുമ്പോഴുള്ള കഥകളെ കുറിച്ചും ജയറാം സംസാരിച്ചു. ‘കാലത്ത് നാലര അഞ്ച് മണിക്കാണ് ഞങ്ങള്‍ ഇറങ്ങുക. ചവിട്ടിയിങ്ങനെ പോകുമ്പോള്‍ മണ്ണുകൊണ്ടുള്ള ടിപ്പര്‍ ലോറികള്‍ ഫാസ്റ്റായി പോകുന്ന സമയമാണ്. നമ്മുടെ വളരെ അടുത്തുകൂടിയൊക്കെ അവര്‍ ഇങ്ങനെ പോകും. ഇതോടെ മമ്മൂക്ക നല്ല തെറിവിളിക്കും. ടിപ്പറുകാരന്‍ ചുമ്മാ തിരിഞ്ഞുനോക്കുമ്പോള്‍ മമ്മൂട്ടിയിതാ സൈക്കിളില്‍ തെറിപറഞ്ഞുപോകുന്നു. മമ്മൂക്കയെ കാണുന്നതോടെ ‘ അയ്യോ മമ്മൂക്ക, വണ്ടി നിര്‍ത്തെടാ’ എന്ന് പറഞ്ഞ് അവര്‍ കംപ്ലീറ്റ് ഇറങ്ങി വരും. ഒന്ന് മിണ്ടാതിരുന്നൂടേയെന്ന് ഞാന്‍ ചോദിക്കും. അങ്ങനെയാക്കെയുള്ള കഥകളുണ്ട്,’ ജയറാം പറഞ്ഞു.

Content Highlight: Actor Jayaram about his Farm house and mammoottys Visit