പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: ഉടമ റോയി ഡാനിയേല്‍ കീഴടങ്ങി
Kerala News
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: ഉടമ റോയി ഡാനിയേല്‍ കീഴടങ്ങി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 29th August 2020, 6:17 pm

പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് സ്ഥാപന ഉടമ റോയി ഡാനിയേല്‍ കീഴടങ്ങി. പത്തനംതിട്ട എസ്.പി ഓഫീസിലാണ് കീഴടങ്ങിയത്.

ഇയാളുടെ മക്കളായ റിനു മറിയം തോമസ്, റിയ ആന്‍ തോമസ് എന്നിവര്‍ വെള്ളിയാഴ്ച പിടിയിലായിരുന്നു. ഇരുവര്‍ക്കുമെതിരെ തെരച്ചില്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ദുബായ് വഴി ഓസ്ട്രേലിയയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ ശനിയാഴ്ച രാവിലെ കൊച്ചിയില്‍ എത്തിച്ചിരുന്നു.

കോന്നി വകയാര്‍ ആസ്ഥാനമായ സ്ഥാപനം പൂട്ടി ഉടമ മുങ്ങിയതോടെയാണ് നിക്ഷേപകര്‍ പരാതി നല്‍കിയത്. നിക്ഷേപകരില്‍നിന്ന് 2000 കോടി രൂപയോളം സമാഹരിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ പുറത്തുവന്നത്.

തട്ടിപ്പുമായി ബന്ധപ്പെട്ട് ഡയറക്ടര്‍ബോര്‍ഡ് അംഗങ്ങളും ഉയര്‍ന്ന ഉദ്യോഗസ്ഥരുമായ എട്ടോളം പേര്‍ക്കെതിരെ തെരച്ചില്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ മാനേജിങ് ഡയറക്ടര്‍ തോമസ് ഡാനിയേല്‍, ഭാര്യ പ്രഭ എന്നിവര്‍ക്കെതിരെ മാത്രമേ നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ളൂ എന്ന ധാരണയിലായിരുന്നു മറ്റുള്ളവര്‍.

അതേസമയം, പ്രതിസന്ധികള്‍ താല്‍കാലികമാണെന്നും ആറ് മുതല്‍ ഒമ്പത് മാസം വരെ സമയംതന്നാല്‍ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാന്‍ തനിക്ക് സാധിക്കുമെന്നും റോയി അവകാശപ്പെട്ടിരുന്നു.കൊവിഡ് ലോക്ഡൗണ്‍ മൂലം സാമ്പത്തിക പ്രതിസന്ധി വന്നപ്പോള്‍ സ്ഥാപനത്തിലിരിക്കുന്ന സ്വര്‍ണം നിക്ഷേപകരുടെ ആവശ്യത്തിനും ശമ്പളത്തിനും സ്ഥാപനത്തിന്റെ ദൈനംദിന ചെലവുകള്‍ക്കും വേണ്ടിയാണ് ഉപയോഗിച്ചതെന്ന് ഇയാല്‍ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Popular Finance Fraud: Owner Roy Daniel Surrenders